കൊല്‍ക്കത്ത: ബാറ്റിങ് പൂരമമെന്ന കേള്‍വികേട്ട ഐപിഎല്ലില്‍ വെടിക്കെട്ടില്ലാതെ തുടര്‍ച്ചയായ രണ്ടാം മത്സരം. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 98 റണ്‍സിലൊതുങ്ങിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ഒമ്പതു വിക്കറ്റിന്റെ അനായാസ ജയം. ഉദ്ഘാടനമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നേടിയത് 121 റണ്‍സ് മാത്രമായിരുന്നു. മുംബൈക്കെതിരെ പുണെ ജയിച്ചതും ഒമ്പത് വിക്കറ്റിനായിരുന്നു. സ്‌കോര്‍: ഡല്‍ഹി- 98/10 (17.4 ഓവര്‍); കൊല്‍ക്കത്ത- 99/1 (14.1 ഓവര്‍).

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി മുന്‍നിരയെ വിന്‍ഡീസ് പേസര്‍ ആന്ദ്രെ റസല്‍ വീഴ്ത്തിയപ്പോള്‍ മധ്യനിരയെ ബ്രാഡ് ഹോഗ് ചുരുട്ടിക്കെട്ടി. ഇരുവരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോണ്‍ ഹേസ്റ്റിങ്‌സും പിയൂഷ് ചൗളയും ഇവര്‍ക്ക്‌ മികച്ച പിന്തുണ നല്‍കി. റസലാണ് കളിയിലെ കേമന്‍.

ഡല്‍ഹി നിരയില്‍ മലയാളി ബന്ധമുള്ള മൂന്ന് പേരും ഇടംപിടിച്ചെങ്കിലും 15 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് രണ്ടക്കം കടന്നത്. അര്‍ധ മലയാളി ശ്രേയസ് അയ്യര്‍ ഡക്കായപ്പോള്‍ കരുണ്‍ നായര്‍ മൂന്ന് റണ്‍സ് എടുത്ത് പുറത്തായി.

Andre Russel

ക്വിന്റണ്‍ ഡീകോക്ക് (17), പവന്‍ നെഗി (11), ക്രിസ് മോറിസ് (11) എന്നിവരാണ് പത്തിലേറെ റണ്‍സെടുത്ത മറ്റ് ഡല്‍ഹി താരങ്ങള്‍. ഒരാഴ്ച മുമ്പ് ട്വന്റി-20 ഫൈനലില്‍ ഇതേ ഗ്രൗണ്ടില്‍ അദ്ഭുത പ്രകടനത്തോടെ വെസ്റ്റിന്‍ഡീസിനെ വിജയത്തിലെത്തിച്ച കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ആറ് റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത അനായാസം ജയംകണ്ടു. ഓപ്പണിങ് വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും (33 പന്തില്‍ 35) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (41 പന്തില്‍ 38*) ചേര്‍ന്ന് 69 റണ്‍സെടുത്തു. പത്താം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ ഉത്തപ്പ പുറത്തായെങ്കിലും മനീഷ് പാണ്ഡെയെ (12 പന്തില്‍ 15 *) കൂട്ടുപിടിച്ച് ഗംഭീര്‍ ടീമിനെ വിജയത്തിലെത്തിച്ചു.

കൊല്‍ക്കത്ത - ഡല്‍ഹി മത്സര ചിത്രങ്ങള്‍

ആവേശമായി ചിയര്‍ഗേള്‍സ്- ഫോട്ടോ ഗാലറി