ബെംഗളൂരു: കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ബാറ്റുകള്‍ ഒരിക്കല്‍ക്കൂടി തീതുപ്പിയപ്പോള്‍ ഗുജറാത്ത് ലയണ്‍സിന് എതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പടുകൂറ്റന്‍ജയം. ആദ്യം ബാറ്റ് ചെയ്ത് 248 റണ്‍സ് അടിച്ചുകൂട്ടിയ മത്സരത്തില്‍ ഗുജറാത്ത് 104 റണ്‍സെടുത്ത് ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു. ബാംഗ്ലൂരിന് 144 റണ്‍സ് വിജയം. സ്‌കോര്‍: ബാംഗ്ലൂര്‍- 248/3 (20 ഓവര്‍); ഗുജറാത്ത്- 104/10 (18.4 ഓവര്‍).

കോലിക്ക് വീണ്ടും ടോസ് നഷ്ടമായ മത്സരത്തില്‍ പതിവുപോലെ ഗെയ്ല്‍ (13 പന്തില്‍ 6) നേരത്തേ മടങ്ങി. പിന്നീടൊന്നിച്ച കോലി-ഡിവില്ലിയേഴ്‌സ് സഖ്യം അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് ബൗളിങ്ങിനെ തച്ചുടയ്ക്കുകയായിരുന്നു. 97 പന്തില്‍ സഖ്യം അടിച്ചുകൂട്ടിയത് 229 റണ്‍സ്! ഇതിനിടെ പന്ത് 14 തവണ അതിര്‍ത്തിവര ചുംബിച്ചപ്പോള്‍ വേലിക്കെട്ടിന് മുകളിലൂടെ പറന്നത് 20 സിക്‌സുകള്‍.

ഐപിഎല്‍ സീസണില്‍ കോലിയുടെ മൂന്നാംസെഞ്ച്വറിയാണിത്. ഒരു ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോലി. 55 പന്തില്‍ അഞ്ച് ബൗണ്ടറികളും എട്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ 109 റണ്‍സ്. 52 പന്തില്‍ 129 റണ്‍സ് എടുത്ത ഡിവില്ലിയേഴ്‌സ് 10 ഫോറും 12 സിക്‌സുമടിച്ചു.

Dwayne Smith

നാലാം ഓവറില്‍ ഗെയ്‌ലിനെ ധവാല്‍ കുല്‍ക്കര്‍ണി പുറത്താക്കിയ ശേഷം അവസാന രണ്ടു ഓവറിലാണ് ബാംഗ്ലൂരിന് വിക്കറ്റുകള്‍ നഷ്ടമായത്. അവസാന രണ്ടു പന്തുകളില്‍ കോലിയെയും വാട്‌സണെയും (0) പ്രവീണ്‍ കുമാര്‍ പുറത്താക്കുകയായിരുന്നു. രവീന്ദ്ര ജഡേജ (എക്കണോമി- 8.50) ഒഴികെയുള്ള ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഓവറില്‍ പത്തിലേറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

വമ്പന്‍ സ്‌കോറിന്റെ സമ്മര്‍ദ്ദവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഒരിക്കല്‍ പോലും ആധിപത്യം പുലര്‍ത്താനായില്ല. രണ്ടാം ഓവറില്‍ ഡ്വെയ്ന്‍ സ്മിത്തിനെ നഷ്ടമായ ഗുജറാത്ത് 19-ാം ഓവറില്‍ ഓള്‍ഔട്ടായി. ആരോണ്‍ ഫിഞ്ച് (38 പന്തില്‍ 37), രവീന്ദ്ര ജഡേജ (19 പന്തില്‍ 21), ബ്രണ്ടന്‍ മക്കല്ലം (13 പന്തില്‍ 11) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. 

ബാംഗ്ലൂരിനായി ടീമിലെ ഒമ്പത് പേരും ബൗള്‍ ചെയ്തു. 19-ാം ഓവര്‍ എറിയാനെത്തിയ  മലയാളി താരം സച്ചിന്‍ ബേബിയാണ് ഗുജറാത്ത് ഇന്നിങ്‌സിന് വിരാമമിട്ടത്. സച്ചിന്‍ നാലു പന്തിനിടെ രണ്ടു വിക്കറ്റ് പിഴുതു. മൂന്നോവറില്‍ 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ ഏറ്റവും വിനാശകാരിയായത്. യുസ്‌വീന്ദ്ര ചാഹല്‍ നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീനാഥ് അരവിന്ദ് ഒരു എവിക്കറ്റ് വീഴ്ത്തി.

ചിത്രങ്ങള്‍: ബിസിസിഐ.