മുംബൈ: ഐപിഎല്ലില്‍ നാഗ്പൂരില്‍ നടക്കേണ്ടിയിരുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മൂന്ന് മത്സരങ്ങള്‍ ധര്‍മ്മശാലയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ വരള്‍ച്ച കണക്കിലെടുത്ത് ഏപ്രില്‍ 30ന് ശേഷം നടക്കുന്ന മത്സരങ്ങളുടെ വേദികളെല്ലാം മാറ്റണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പഞ്ചാബ് വേദി മാറ്റിയത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു മത്സരങ്ങള്‍. ഏപ്രില്‍ 30ന് ശേഷം 13 മത്സരങ്ങളാണ് മഹാരാഷ്ട്രയില്‍ നടക്കേണ്ടിയിരുന്നത്. മറാത്തവാഡ, വിദര്‍ഭ ജില്ലകളിലെ കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഈ മത്സരങ്ങളെല്ലാം മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

നേരത്തെ മഹാരാഷ്ട്രയില്‍ നിന്നുള്ള ടീമുകളായ മുംബൈ ഇന്ത്യന്‍സും റൈസിങ് പൂണെ സൂപ്പര്‍ജിയാന്റ്‌സും ഹോംഗ്രൗണ്ടുകള്‍ മാറ്റിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ഹോംഗ്രൗണ്ട് ജയ്പൂരാണ്. വിശാഖപട്ടമാണ് പൂണെയുടെ ഹോംഗ്രൗണ്ട്.