ബെംഗളൂരു: ഈ സീസണില്‍ കോലിയുടെ നാലാം സെഞ്ച്വറിയുടെ കരുത്തില്‍ പഞ്ചാബിനെ 82 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. ഒരു മത്സരം ശേഷിക്കെ 14 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍. സ്‌കോര്‍: ബാംഗ്ലൂര്‍ 211/3 (15 ഓവര്‍) , പഞ്ചാബ് - 120/9   ( 14 ഓവര്‍)

മഴ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് സ്വപ്‌നതുല്ല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ഗെയ്‌ലും കോലിയും ചേര്‍ന്ന് നല്‍കിയത്. 11 ഓവറില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സാണ് അടിച്ചുകൂട്ടിയത്. 32 പന്തില്‍ നിന്ന് 73 റണ്‍സാണ് ഗെയ്ല്‍ അടിച്ച് കൂട്ടിയത്. എട്ട് സിക്‌സറുകളും നാല് ഫോറുകളും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. 
 

Virat Kohli And Chris Gayle

50 പന്തുകളില്‍ നിന്ന് 12 ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ബാംഗ്ലൂര്‍ ക്യാപ്റ്റന്റെ 113 റണ്‍സ്. ഈ സീസണിലെ നാലാം സെഞ്ച്വറിയാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇന്നത്തെ സെഞ്ച്വറിയോടെ ഐപിഎല്ലില്‍ 4000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന ബഹുമതി കോലി സ്വന്തമാക്കി. 

റണ്‍വേട്ടക്കാരില്‍ സുരേഷ് റെയ്‌നയെ പിന്തള്ളിയാണ് ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ കോലി ഒന്നാമതെത്തിയത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബാംഗ്ലൂരിന് മികച്ച വിജയം ആവശ്യമായിരുന്നു. അതിന് ചേരുന്ന രീതിയിലുള്ള പ്രകടനമാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ റണ്‍സ് ശരവേഗം മുന്നോട്ട് ചലിപ്പിച്ചു. കോലിയും ഗെയ്‌ലും ഒരേ പോലെ അക്രമിച്ച് കളിച്ചതോടെ പഞ്ചാബ് ബൗളര്‍മാര്‍ വെറും കാഴച്ചക്കാരായി. എ.ബി ഡിവില്ലയേഴ്‌സ് (0) മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങാതെ കൂടാരം കയറിയ ബാറ്റ്‌സ്മാന്‍. കെ.എല്‍ രാഹുല്‍ (16) ഷെയ്ന്‍ വാട്‌സണ്‍ (1) പുറത്താകാതെ നിന്നു. 

പഞ്ചാബ് ബൗളിങ് നിരയില്‍ സന്ദീപ് ശര്‍മ, അക്‌സര്‍ പട്ടേല്‍, കെയ്ല്‍ എബട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ 15 ഓവറില്‍ 203 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് ഒരു ഘട്ടത്തില്‍ പോലും ബാംഗ്ലൂരിനെ വെല്ലുവിളിക്കാന്‍ സാധിച്ചില്ല. 24 റണ്‍സ് നേടിയ സാഹയാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറര്‍. 

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ പഞ്ചാബ് 14 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുത്ത് നില്‍ക്കെ വീണ്ടും മഴയെത്തി അതോടെ ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 82 റണ്‍സിന് ബാംഗ്ലൂര്‍ മത്സരം ജയിച്ചു.

ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ ചാഹല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് ജോര്‍ധന്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.