ബെംഗളൂരു: ഐപിഎല്‍ കലാശപ്പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ ബാഗ്ലൂരിന് 209 റണ്‍സ് വിജയലക്ഷ്യം. അര്‍ദ്ധസെഞ്ച്വറി നേടിയ വാര്‍ണറും, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ കട്ടിങുമാണ് ഹൈദരാബാദ് സ്‌കോര്‍ 200 കടത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

25 പന്തില്‍ 28 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. രണ്ടാമനായെത്തിയ ഹെന്‍ റിക്വസ് പെട്ടെന്നുതന്നെ കൂടാരം കയറി. പിന്നീടെത്തിയ യുവരാജ് വാര്‍ണര്‍ക്ക് ഉറച്ച പിന്തുണ നല്‍കി. സ്‌കോര്‍ 125 ല്‍ നില്‍ക്കെ 38 പന്തില്‍ 68 റണ്‍സെടുത്ത വാര്‍ണര്‍ മടങ്ങിയെങ്കിലും, 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് യുവരാജ് റണ്‍റേറ്റ് കുറയാതെ കാത്തു. എന്നാല്‍ വലറ്റത്ത് ബെന്‍ കട്ടിങിനൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിക്കാഞ്ഞതാണ് സ്‌കോര്‍ 208ല്‍ ഒതുക്കിയത്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കട്ടിങ് 15 പന്തില്‍ 39 റണ്‍സുമായി പുറത്താകെനിന്നു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 4 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്ത ഷെയ്ന്‍ വാട്‌സണാണ് ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ കൂടുതല്‍ തല്ലുവാങ്ങിയത്. ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. 

Warner

കോലി, ക്രിസ്‌ഗെയില്‍, ഡിവില്ല്യേര്‍ഴ്‌സ് സഖ്യത്തിന്റെ ബാറ്റിങ് കരുത്തിലാണ് ബാഗ്ലൂരിന്റെ പ്രതീക്ഷകള്‍ കലാശപ്പോരില്‍ ആരു ജയിച്ചാലും ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് ഒമ്പതാം സീസണ്‍ സമ്മാനിക്കുന്നത് പുതിയ ചാമ്പ്യനെയായിരിക്കും.