മൊഹാലി: ഐപിഎലിലെ അരങ്ങേറ്റ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ലയണ്‍സ് തകര്‍ത്തത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ചേസ് ചെയ്യുന്ന ടീം അനായാസ ജയം നേടുന്നത്. സ്‌കോര്‍: പഞ്ചാബ്- 161/6 (20 ഓവര്‍) ഗുജറാത്ത്- 162/5 (17.4 ഓവര്‍)

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഗുജറാത്ത് അനയാസ ജയം സ്വന്തമാക്കിയത്. 47 പന്തുകള്‍ നേരിട്ട ഫിഞ്ച് 12 ഫോറുകളുടെ അകമ്പടിയോടെയാണ് 74 റണ്‍സ് നേടിയത്. ഫിഞ്ച് തന്നെയാണ് കളിയിലെ താരം.

ആദ്യ ഓവറില്‍ തന്നെ ആക്രമണക്കാരിയായ ബ്രണ്ടന്‍ മെക്കലത്തെ (0) അകൗണ്ട് തുറക്കും മുമ്പ് സന്ദീപ് ശര്‍മ പുറത്താക്കി. എന്നാല്‍ മൂന്നാമനായിറങ്ങിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (9 പന്തില്‍ 20 4x1 6x2) ഫിഞ്ചിന്് പറ്റിയ കൂട്ടാളിയായപ്പോള്‍ ഗുജറാത്ത് സ്‌കോര്‍ ശരവേഗത്തില്‍ കുതിച്ചു. 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ അടിച്ചു കൂട്ടിയത്.

സ്‌കോര്‍ 52 ല്‍ നില്‍ക്കെ റെയ്‌ന പുറത്തായെങ്കിലും നാലാമനായിറങ്ങിയ ദിനേഷ് കാര്‍ത്തിക്ക് ഫിഞ്ചിന് പറ്റിയ കൂട്ടാളിയായി. 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്‌കോര്‍ 117 ല്‍ നില്‍ക്കെ ഫിഞ്ച് പുറത്തായി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയ്ക്കും (8) ഇഷാന്‍ കിഷനും (11) കാര്യമായൊന്നും ചെയ്യാനായില്ല.

ഒരറ്റത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത കാര്‍ത്തിക്ക് ടീമിനെ കൂടുതല്‍ പരിക്കുകളില്ലാതെ വിജയത്തിലെത്തിച്ചു. 26 പന്തില്‍ നിന്ന് ഏഴ് ഫോറുകള്‍ ഉള്‍പ്പടെയാണ് കാര്‍ത്തിക്ക് 41 റണ്‍സ് നേടിയത്.

പഞ്ചാബ് ബൗളിങ് നിരയില്‍ സന്തീപ് ശര്‍മ, മിച്ചല്‍ ജോണ്‍സണ്‍, സ്‌റ്റോണിസ്, സാഹു എന്നിവര്‍ ഒരോ വിക്കറ്റ്  വീതം നേടി

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍ക്കിയത്. ഓപ്പണര്‍മാരായ മുരളി വിജയും (34 പന്തില്‍ 42) മനന്‍ വോറയും (23 പന്തില്‍ 38) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ വമ്പന്‍ അടിക്കാരായ മില്ലറിനും (15) മാക്‌സ്‌വെലിനും (2) കാര്യമായി ഒന്നും ചെയ്യാനായില്ല. അത് പഞ്ചാബ് റണ്‍റേറ്റിനേയും ബാധിച്ചു. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സാഹ-സ്റ്റോണിസ് കൂട്ടുക്കെട്ടാണ് പഞ്ചാബ് സ്‌കോര്‍ 160 കടത്തിയത്.

എന്നാല്‍ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 25 പന്തില്‍ 20 റണ്‍സ് മാത്രമേ സാഹയ്ക്ക് നേടാനായുളളു. ഒരു ഫോറു പോലും സാഹയുടെ ഇന്നിംഗ്‌സില്‍ പിറന്നില്ല. 22 പന്തില്‍ നിന്ന് നാല് ഫോറുകള്‍ ഉള്‍പ്പടെയാണ് സ്റ്റോണിസ് 33 റണ്‍സ് നേടിയത്.

ഗുജറാത്തിന് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ നാല് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ നേടി.