ബെംഗളൂരു: ഒമ്പതാം ഐ.പി.എല്‍. സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീം ഏതെന്ന് ചൊവ്വാഴ്ച അറിയാം. ബാറ്റിങ് കരുത്തില്‍ ആരാധകരെയും എതിരാളികളെയും ഒന്നുപോലെ അമ്പരപ്പിച്ച ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും ഈ സീസണില്‍ ആദ്യമായി രംഗപ്രവേശം ചെയ്ത ഗുജറാത്ത് ലയണ്‍സും ഒന്നാംസെമി എന്ന് വിശേഷിപ്പിക്കുന്ന ഒന്നാം ക്വാളിഫയറില്‍ മാറ്റുരയ്ക്കും. പോയന്റു പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളാണ് ഒന്നാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്.

സവിശേഷതകള്‍ നിറഞ്ഞതാണ് ഒന്നാം ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍നിന്ന് പുറത്താകില്ല. അവര്‍ക്ക് രണ്ടാം ക്വാളിഫയര്‍ എന്ന രണ്ടാം സെമിഫൈനലില്‍ മാറ്റുരയ്ക്കാന്‍ അവസരമുണ്ട്. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള 'എലിമിനേറ്റര്‍' പോരാട്ടത്തിലെ വിജയിയെ ആയിരിക്കും ഇവര്‍ സെമിയില്‍ എതിരിടുക.

ഈ സീസണില്‍ ഏറ്റവുമധികം വിജയം നേടിയ ടീമാണ് കന്നിക്കാരായ ഗുജറാത്ത്. 14 കളികളില്‍ ഒമ്പതെണ്ണം ജയിച്ച് 18 പോയന്റുമായി അവര്‍ പോയന്റു പട്ടികയില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തെത്തിയ ബാംഗ്ലൂര്‍ എട്ടുകളികള്‍ ജയിച്ചു. മൂന്നും നാലും സ്ഥാനത്തെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനും എട്ടു വിജയമുണ്ടെങ്കിലും മികച്ച റണ്‍ശരാശരിയില്‍ ബാംഗ്ലൂര്‍ രണ്ടാമന്മാരായി.

മുഖ്യമായും ബാറ്റിങ്ങിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി നയിക്കുന്ന ബാംഗ്ലൂരിന്റെ കുതിപ്പ്. അതേസമയം, ഗുജറാത്തിന്റേത് സമതുലിതമായ ടീമാണ്. അവര്‍ക്ക് മികച്ച മുന്‍നിര ബാറ്റ്സ്മാന്മാരുണ്ട്. കൂടാതെ വിശ്വാസമര്‍പ്പിക്കാവുന്ന ഓള്‍റൗണ്ടര്‍മാരും.

വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്സണ്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് ബാംഗ്ലൂര്‍ ബാറ്റിങ്ങിലെ വമ്പന്മാര്‍. കൂടാതെ മലയാളിതാരം സച്ചിന്‍ ബേബി, സ്റ്റ്യുവര്‍ട്ട് ബിന്നി, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവരുമുണ്ട്.

ഏറ്റവും മികച്ച ബാറ്റിങ് ടീമായ ബാംഗ്ലൂരിനെ മുന്നില്‍നിന്ന് നയിക്കുന്നത് കോലിയാണ്. 14 കളികളില്‍ 919 റണ്‍സ് നേടി ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പുതിയൊരു റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഈ റെക്കോഡ് നേട്ടത്തില്‍ ഒരുപിടി മറ്റു റെക്കോഡുകളും അടങ്ങുന്നു. നാലു സെഞ്ച്വറികളും ആറ്് അര്‍ധശതകങ്ങളും അടങ്ങുന്നതാണ് കോലിയുടെ പ്രകടനം.

ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി നേടുക എന്നത് ദുഷ്‌കരമാണെന്നിരിക്കെ, ഒരു സീസണില്‍ നാലു സെഞ്ച്വറിയടിച്ച് അമാനുഷിക പ്രകടനമാണ് കോലി പുറത്തെടുത്തിരിക്കുന്നത്. ഇക്കുറി ഏറ്റവുമധികം ബൗണ്ടറിയും(78) സിക്സറുകളും (36) പിറന്നതും ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നാണ്. 91.9 റണ്‍ ശരാശരിയില്‍ 152.4 പ്രഹരശേഷിയിലാണ് കോലി റണ്‍ വാരിക്കൂട്ടിയത്.

ബാറ്റിങ് പട്ടികയില്‍ മൂന്നാമതുള്ള ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിന്റെ മറ്റൊരു വജ്രായുധം. 14 കളിയില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധശതകവും കുറിച്ച ഡിവില്ലിയേഴ്സിന്റെ റണ്‍ ശരാശരി 50.25. ഏറ്റവുമുയര്‍ന്ന പ്രഹരശേഷി ഡിവില്ലിയുടേതാണ് - 170.33. നിലയുറപ്പിച്ചാല്‍ ഏതു ബൗളറെയും നിഷ്പ്രഭമാക്കാന്‍ ഈ ദക്ഷിണാഫ്രിക്കന്‍ നായകന് കഴിയും.

ബാറ്റിങ് പട്ടികയില്‍ 11-ാമതാണ് രാഹുല്‍ -12 ഇന്നിങ്സില്‍ 386 റണ്‍സ്. നാല് അര്‍ധശതകങ്ങള്‍ നേടിയ രാഹുലിന്റെ പ്രഹരശേഷി 147.8. മുന്‍ ബാറ്റിങ് റെക്കോഡുകാരനായ ക്രിസ് ഗെയ്ലിന് ഇക്കുറി ശരിക്കും ഫോമിലെത്താനായിട്ടില്ല. മികച്ച രീതിയില്‍ പന്തെറിയുന്ന വാട്സണ്‍ ബാറ്റുകൊണ്ടും ബാംഗ്ലൂരിന്റെ രക്ഷകനാകാറുണ്ട്.

ക്യാപ്റ്റന്‍ സുരേഷ് റെയ്ന, ഓപ്പണര്‍മാരായ ഡ്വയിന്‍ സ്മിത്ത്, ബ്രെണ്ടന്‍ മെക്കല്ലം, ആറോണ്‍ ഫിഞ്ച്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഗുജറാത്തിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്‍. കൂടാതെ ഓള്‍റൗണ്ടര്‍മാരായ ഡ്വയിന്‍ ബ്രാവോയും രവീന്ദ്ര ജഡേജയും ജയിംസ് ഫോക്നറും അവരുടെ അണിയിലുണ്ട്.

എതിരാളികളെ ബാറ്റുചെയ്ത് പുറത്താക്കുകയെന്നതാണ് ബാംഗ്ലൂരിന്റെ തന്ത്രം. അവസാന നാലുകളികള്‍ ജയിച്ച് മികച്ച റണ്‍ശരാശരിയില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തിയതും അവരുടെ ഈ ബാറ്റിങ് കരുത്തിലാണ്. വൈകിയെങ്കിലും അവരുടെ ബൗളിങ് മെച്ചപ്പെട്ടത് ബാംഗ്ലൂരിന്റെ കിരീടസാധ്യതകള്‍ ശക്തമാക്കിയിരിക്കയാണ്. ഫൈനലിലെ ആദ്യസ്ഥാനത്തിനായി ചൊവ്വാഴ്ച ചിന്നസ്വാമിയില്‍ ഇഞ്ചോടിഞ്ചു പോരാട്ടംതന്നെ നടക്കും.