ബെംഗളൂരു: ഐ.പി.എല്‍. ഒമ്പതാം സീസണിലെ ആദ്യസെഞ്ച്വറി കുറിച്ച ഡി കോക്കിന്റെ (108) കരുത്തില്‍ ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്ക് ഏഴുവിക്കറ്റ് ജയം. ബാംഗ്ലൂരിന്റെ 191 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി, സീസണില്‍ പന്തുടര്‍ന്നുള്ള ഏറ്റവും മികച്ച ജയം സ്വന്തമാക്കി. മലയാളി താരം കരുണ്‍ നായരും (54*) മികച്ച പിന്തുണ നല്‍കി. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 191. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: 19.1 ഓവറില്‍ മൂന്നിന് 192.  

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് ബാംഗ്ലൂരിന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായില്ല. നായകന്‍ വിരാട് കോലിയുടെയും (79) എ.ബി ഡിവില്ലിയേഴ്‌സിന്റെയും (55) മികവില്‍ അവര്‍ 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി അതേനാണയത്തില്‍ തിരിച്ചടിച്ചു. സ്‌കോര്‍ 11-ല്‍ നില്‍ക്കേ, റണ്ണൊന്നുമെടുക്കാതെ ശ്രേയസ്സ് അയ്യര്‍ മടങ്ങിയെങ്കിലും ഡി കോക്ക് പതറിയില്ല. റണ്‍നിരക്ക് താഴാതെ, നിലയുറപ്പിച്ചു കളിച്ച ഡികോക്ക് ടീമിന് ജയമുറപ്പിച്ചശേഷമാണ് മടങ്ങിയത്. 51 പന്തില്‍ 15 ബൗണ്ടറിയും  മൂന്നു സിക്‌സറുമടക്കമാണ് ഡി കോക്ക് 108 റണ്‍സടിച്ചത്.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന്, അക്കൗണ്ട് തുറക്കുംമുമ്പ് ഓപ്പണര്‍ ക്രിസ് ഗെയിലിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിലാണ് ഡിവില്ലിയേഴ്‌സ് 55 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരം പുറത്തായതിന് ശേഷമെത്തിയ ഷെയ്ന്‍ വാട്‌സനുമായി ചേര്‍ന്ന് കോലി 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാട്‌സന്‍ 19 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 33 റണ്‍സെടുത്തു.

48 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ബൗണ്ടറിയും സഹിതം 79 റണ്‍സ് നേടിയ കോലി  19-ാം ഓവറില്‍ പുറത്തായതാണ് സ്‌കോറിങ് വേഗം കുറച്ചത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ സര്‍ഫ്രാസ് ഖാന്‍ റണ്ണൗട്ടായതും ടീമിന് തിരിച്ചടിയായി. പരിക്കില്‍നിന്ന് മുക്തനായെത്തിയ മുഹമ്മദ് ഷാമി 34 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. 

സ്‌കോര്‍ബോര്‍ഡ്
 
ബാംഗ്ലൂര്‍: ക്രിസ് ഗെയ്ല്‍ സി ഡുമിനി ബി ഖാന്‍ പൂജ്യം, വിരാട് കോലി സി അയ്യര്‍ ബി ഷാമി 79,  ഡിവില്ലിയേഴ്‌സ്  സി ഷാമി ബി ബ്രാത്ത് വൈറ്റ് 55, വാട്‌സന്‍ സി മോറിസ് ബി ഷാമി 33, സര്‍ഫ്രാസ് റണ്ണൗട്ട് ഒന്ന്, കേദാര്‍ ജാദവ് നോട്ടൗട്ട് ഒമ്പത് വീസെ നോട്ടൗട്ട് അഞ്ച്   എക്‌സ്ട്രാസ് 9 ആകെ 20 ഓവറില്‍ അഞ്ചിന് 191 
വിക്കറ്റ് വീഴ്ച: 1-10, 2-107, 3-170, 4-172, 5-177. ബൗളിങ്: സഹീര്‍ഖാന്‍ 4-0-50-1, മോറിസ് 4-0-29-0, ഷാമി 4-0-34-2, നേഗി 3-0-26-0, മിശ്ര 3-0-26-0, ബ്രാത്ത് വൈറ്റ് 2-0-18-1.

ഡല്‍ഹി: ഡി കോക്ക് സി ജാദവ് ബി വാട്‌സണ്‍ 108, അയ്യര്‍ ബി വീസ് ബി അരവിന്ദ് 0, സഞ്ജു സി ചാഹല്‍ ബി വാട്‌സണ്‍ 9, കരുണ്‍ 54*, ഡുമിനി 7*, എക്‌സ്ട്രാസ് 14. 
ആകെ 19.1 ഓവറില്‍ മൂന്നുവിക്കറ്റിന് 192.

വിക്കറ്റ് വീഴ്ച: 1-11, 2-50, 3-184. ബൗളിങ്: അരവിന്ദ് 3-0-32-1, റസൂല്‍ 3-0-28-0, വാട്‌സണ്‍ 4-0-25-2, ചാഹല്‍ 2.1-0-23-0, വീസ് 4-0-49-0, പട്ടേല്‍ 3-0-32-0.