ന്യുഡല്‍ഹി: ഐ.പി.എല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 22 റണ്‍സ് വിജയം. ജയത്തോടെ മറ്റന്നാള്‍ നടക്കുന്ന രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ ഹൈദരാബാദ് ഗുജറാത്ത് ലയണ്‍സിനെ നേരിടും. അതില്‍ വിജയിക്കുന്ന ടീമാകും 29-ന് നടക്കുന്ന ഫൈനലില്‍ ബാഗ്ലൂരിന്റെ എതിരാളികള്‍. 

തോല്‍ക്കുന്ന ടീം ലീഗില്‍നിന്നും പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായിരുന്നു മത്സരം. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. 30 പന്തില്‍ 44 റണ്‍സ് നേടിയ യുവരാജാണ് ഹൈദരാബാദ് നിരയില്‍ ടോപ് സ്‌കേറര്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(28), ദീപക്ക് ഹൂഡ(21), മോയ്‌സസ് ഹെന്‍ റിക്വെസ്‌(31) എന്നിവരുടെയും ബാറ്റിങ് കരുത്തിലാണ് ഹൈദരബാദ് 162 റണ്‍സെന്ന ഭേദപ്പെട്ട സ്‌കേറിലെത്തിയത്. 

മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാഞ്ഞതാണ് തോല്‍വിയിലേക്ക് നയിച്ചത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുതെടുത്ത ബൗളര്‍മാരും ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനെ കൊല്‍ക്കത്തയ്ക്ക് സാധിച്ചുള്ളു. 

4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും, 2 വിക്കറ്റെടുത്ത മോയ്‌സസ് ഹെന്‍ റിക്വെസുമാണ്‌ മൂന്നാം കിരീടം ലക്ഷ്യം വച്ചിറങ്ങിയ കൊല്‍ക്കത്തയെ തകര്‍ത്തത്. ലീഗ് ഘട്ടത്തില്‍ രണ്ടു മത്സരങ്ങളിലും ഹൈദരാബാദ് കൊല്‍ക്കത്തയോട് പരാജയപ്പെട്ടിരുന്നു. നിര്‍ണ്ണായക മത്സരത്തിലെ വിജയം വാര്‍ണറിന്റെയും സംഘത്തിന്റെയും മധുരപ്രതികാരം കൂടിയായി. 

ഫോട്ടോ; ബി.സി.സി.ഐ