ന്യൂഡല്‍ഹി: ഈഡന്‍ഗാര്‍ഡനില്‍ യൂസഫ് പത്താന്റെ കൊട്ടിക്കലാശത്തില്‍ പുണെയെ തോല്‍പ്പിച്ച് കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഡെക്ക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം 9 ഓവറാക്കി ചുരുക്കിയ കളിയില്‍ 66 റണ്‍സായിരുന്നു കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. 

ജയത്തോടെ 11 മത്സരങ്ങളില്‍ 14 പോയന്റുമായി കൊല്‍ക്കത്ത രണ്ടാംസ്ഥാനത്തേക്ക് കയറി. ഇതോടെ ടീം പ്ലേ ഓഫ് സാധ്യതകളും ശക്തിപ്പെടുത്തി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പുണെയുടെ ഒമ്പതാം തോല്‍വിയാണിത്. 12 മത്സരങ്ങളില്‍ ആറ് പോയന്റുമായി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍.

മഴ കാരണം നേരത്തെ 17.4 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പുണെ സൂപ്പര്‍ ജയന്റസ് 103 റണ്ടസാണ് നേടിയത്. വീണ്ടും മഴ വന്നതേടെ കളി 9 ഓവറാക്കി ചുരുക്കി. 33 റണ്‍സ് നേടിയ ബെയ്‌ലിയായിരുന്നു പുണെ നിരയില്‍ ടോപ് സ്‌കോറര്‍. 22 പന്തില്‍ 8 റണ്‍സ് മാത്രം നേടിയ ധോണിയുടെ മെല്ലെപ്പോക്കും പുണെ സ്‌കോര്‍ 103 ല്‍ ഒതുക്കി. 

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയെയും (4) ഗംഭീറിനെയും (0) അശ്വിന്‍ പുറത്താക്കിയെങ്കിലും പിന്നീടെത്തിയ മനീഷ് പാണ്ഡെയും, പത്താനും 27 പന്തില്‍ 58 റണ്‍സെടുത്ത് ടീമിനെ വിജയിപ്പിക്കുകയായിരുന്നു. മൂന്നു സിക്‌സുകളും നാല് ഫോറുകളും അടങ്ങിയതായിരുന്നും പത്താന്റെ ബാറ്റിംങ്.

ചിത്രം: ബിസിസിഐ.