ന്യൂഡല്‍ഹി; വാര്‍ണര്‍ വെടിക്കെട്ടില്‍ കൈവിട്ട കളി തിരിച്ചുപിടിച്ച് ഹൈദരാബാദ് ഫൈനലില്‍. രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ ഗുജറാത്തിനെ നാലു വിക്കറ്റിന് തകര്‍ത്താണ് ഹൈദരാബാദ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഐ.പി.എല്‍ ഒന്‍പതാം സീസണ്‍ ഫൈനലില്‍ ബാഗ്ലൂരാണ് ഹൈദരാബാദിന്റെ എതിരാളികള്‍. 58 പന്തില്‍ 93 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന്റെ വിജയ ശില്‍പി. പതിനൊന്ന് ബൗണ്ടിറികളും, 3 കൂറ്റന്‍ സിക്‌സുകളും അടങ്ങിയതായിരുന്നു വാര്‍ണറിന്റെ ഇന്നിംഗ്‌സ്.

വേഗത കുറഞ്ഞ ഫിറോഷ്‌ല കോട്‌ല പിച്ചില്‍ ടോസ് നേടിയ ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയ്ക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും തരത്തില്‍ ആദ്യ ഓവറുകളില്‍ പന്തെറിഞ്ഞ ഹൈദരാബാദ് റെയ്‌നയെയും, ഓപ്പണര്‍ ദിവേദിയെയും 4 ഓവറിനുള്ളില്‍ കൂടാരം കയറ്റി. പിന്നീടെത്തിയ മക്കല്ലവും, ഫിഞ്ചുമാണ് ഗുജറാത്തിനെ 162 റണ്‍സെന്ന മാന്യമായ സ്‌കോറിലെത്തിച്ചത്. 32 പന്തില്‍ 50 റണ്‍സ് നേടിയ ഫിഞ്ചാണ് ഗുജറാത്ത് നിരയില്‍ ടോപ് സ്‌കോറര്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബൗളര്‍മാരും വിജയത്തില്‍ നിര്‍ണ്ണായകമായി. ഭുവനേശ്വര്‍ കുമാറും, ബെന്‍ കട്ടിംങും 2 വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. എങ്കിലും പിച്ചിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഒരറ്റത്ത് ഉറച്ചുനിന്നു. ഗുജറാത്ത് മധ്യനിര വിക്കറ്റുകള്‍ പെട്ടെന്ന് നിലംപൊത്തിയെങ്കിലും എട്ടാമനായി ക്രീസിലെത്തിയ ബിപുല്‍ ശര്‍മ്മ 11 പന്തില്‍ 27 റണ്‍സ് നേടി വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കി. അവസാന ഓവറുകളില്‍ നാലുഭാഗത്തേക്കും അഞ്ഞടിച്ച വാര്‍ണറും ബിപുല്‍ ശര്‍മ്മയും നാലു പന്തുകള്‍ ശേഷിക്കെ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. 

അവസാന അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന കോലിയും സംഘത്തിനും ഫൈനലില്‍ മികച്ച എതിരാളികളാകും ഹൈദരാബാദ്. ഇരുടീമുകളില്‍ ആരു കപ്പുയര്‍ത്തിയാലും ഐ.പി.എല്‍ ഒന്‍പതാം സീസണില്‍ പുതിയ ചാമ്പ്യന്‍മാരാകും കപ്പില്‍ മുത്തമിടുക.

ഫോട്ടോ; ബി.സി.സി.ഐ