റായ്പുര്‍: മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് കോലിയുടെ മാസ്മരിക ഫോമില്‍ ലീഗിലെ അവസാന മത്സരത്തില്‍ ഡല്‍ഹിയെ തകര്‍ത്ത് ബാംഗ്ലൂര്‍ പ്ലേഓഫില്‍ കടന്നു. ഇരുടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. പോയിന്റ് പട്ടികയില്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാംസ്ഥാനക്കാരായാണ് ബാംഗ്ലൂര്‍ പ്ലേഓഫിലേക്കെത്തുന്നത്.
നേരത്തെ ടോസ് ലഭിച്ച ബാംഗ്ലൂര്‍ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജയിക്കുന്നവര്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടുമെന്നതിനാല്‍ ഇരുടീമില്നിന്നും ജീവന്മരണ പോരാട്ടമായിരന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി നിരയില്‍ ക്വിന്റോണ്‍ ഡി കോക്ക് ഒഴികെ മറ്റു ബാറ്റ്സ്മാന്മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ക്വിന്റോണ്‍ ഡി കോക്കിന്റെ (52 പന്തില്‍ 60) ഒറ്റയാള്പ്പോരാട്ടത്തില് 138 എന്ന താരതമ്യേനെ ചെറിയ ലക്ഷ്യമാണ് ഡല്‍ഹി ബാംഗ്ലൂര്‍ മുന്നില്‍ വച്ചത്.
സീസണില്‍ അസാമാന്യ ഫോമില്‍ തുടരുന്ന കോലിയുടെ സെഞ്ച്വറിയിലൂടെ (45 പന്തില്‍ 54) ബാംഗ്ലൂര്‍ അനായാസം ലക്ഷ്യത്തിലെത്തി. ജയിക്കാന്‍ 139 റണ്‍സ് മാത്രം വേണ്ടിയിരുന്ന ബാംഗ്ലൂര്‍ 19-ാം ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ലോകേഷ് രാഹുല്‍ 38 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്കി. ഒരു ഐ.പി.എല്‍ സീസണില്‍ 900 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. നാല് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും സഹിതം 919 റണ്‍സാണ് കോലി ഇതുവരെ നേടിയത്.
അവസാന നാലു കളികളിലും ആധികാരിക വിജയത്തോടെയാണ് കോലിയും സംഘവും കപ്പിലേക്കടുക്കുന്നത്. വിജയത്തോടെ നാളത്തെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഒന്നാംസ്ഥാനക്കാരായ ഗുജറാത്തായിരിക്കും ബാംഗ്ലൂരിന്റെ എതിരാളി, ഇതിലെ വിജയികള്‍ ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ കൊല്‍ക്കത്ത-ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി കളിച്ച് അതില്‍ ജയിക്കുന്നവരാകും രണ്ടാം ഫൈനലിസ്റ്റുകള്‍. 29-നാണ് ഫൈനല്‍
ഫോട്ടോ; ബി.സി.സി.ഐ