വിശാഖപട്ടണം: സീസണിലാദ്യമായി ക്യാപ്റ്റന്‍ ധോനി യഥാര്‍ത്ഥ ഫോമിലേക്കെത്തിയ മത്സരത്തില്‍ പുണെ സൂപ്പര്‍ ജെയന്റ്സിന് പഞ്ചാബിനെതിരെ ഉജ്ജ്വല വിജയം. ലീഗില്‍ തേല്‍വി തുടര്‍ക്കഥയാക്കി മുന്നേറിയ ധോനിയും കൂട്ടരും അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയത്തോടെ സീസണ് അവസാനിപ്പിച്ചു. സ്കോര്‍: പഞ്ചാബ്- 172/7 (20 ഓവര്‍); പുണെ- 173/6 (20 ഓവര്‍).
അക്ഷര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ പൂണെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 23 റണ്‍സ്. ഓവറിലെ രണ്ടാം പന്തില്‍ സിക്സടിച്ച ധോനിക്ക് ആദ്യ പന്തിലും മൂന്നാം പന്തിലും സ്കോര്‍ ചെയ്യാനായില്ല. മൂന്ന് പന്ത് പിന്നിടുമ്പോള്‍ നേടാനായത് ഒരു വൈഡ് ഉള്‍പ്പെടെ ഏഴ് റണ്‍സ് മാത്രം. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. നാലാം പന്തില്‍ ബൗണ്ടറി നേടിയ ധോനി അവസാന രണ്ടു പന്തുകളും വേലിക്കെട്ടിന് മുകളിലൂടെ പായിച്ച് സ്വതസിദ്ധമായ ശൈലിയില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് മുരളി വിജയുടെയും (41 പന്തില്‍ 59) ഗുര്‍ക്കീരത് മാന്‍ സിംങിന്റെയും (30 പന്തില്‍ 51) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് 172 റണ്‍സ് സ്കോര്‍ ചെയ്തത്. നാല് വിക്കറ്റ് പിഴുത അശ്വിന്റെ ബൗളിങാണ് വമ്പന്‍ സ്കോറിലേയ്ക്ക് നീങ്ങിയിരുന്ന പഞ്ചാബിനെ 172 ല്‍ ഒതുക്കിയത്.
മറുപടി ബാറ്റിങിനിറങ്ങിയ പൂണെയ്ക്ക് വിജയം അഭിമാനപ്പോരാട്ടമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്ന പൂണെയ്ക്ക് 32 പന്തില്‍ 64 റണ്‍സ് നേടിയ ധോനിയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാര പെരെരെയുടെയും (14 പന്തില്‍ 23) പ്രകടനമാണ് മിന്നുന്ന വിജയം നല്‍കിയത്.
പോയന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ള പുണെയുടെയും പഞ്ചാബിന്റെയും അവസാന മത്സരമായിരുന്നു ഇന്ന്. ജയത്തോടെ പുണെ ഏഴാം സ്ഥാനം ഉറപ്പിച്ചു. പഞ്ചാബ് അവസാന സ്ഥാനത്താണ്.
ഫോട്ടോ: ബിസിസിഐ.