ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ  ഒമ്പതാം സീസണ്‍ സമ്മാനിക്കുന്നത് ഒരു പുതിയ ചാമ്പ്യനെയാണ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സോ? ഹൈദരാബാദ് സണ്‍റൈസേഴ്സോ? ആരായിരിക്കും പുതിയ ചാമ്പ്യന്‍? ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇരുവരും തമ്മിലുള്ള ഫൈനലിന്റെ ഫലം ഇതിനുത്തരമാവും. മഴപെയ്യാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട്. മഴമൂലം കളിമുടങ്ങിയാല്‍ തിങ്കളാഴ്ചത്തെ കരുതല്‍ ദിനത്തിലായിരിക്കും ഫലനിര്‍ണയമുണ്ടാവുക.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ടീമും ഏറ്റവും മികച്ച ബൗളിങ് ടീമും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ ഫൈനല്‍ എന്ന പ്രത്യേകതയുണ്ട്. ഇരു ടീമുകളെയും ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അവരുടെ നായകരാണെന്നത് മറ്റൊരു സവിശേഷത. 15 ഇന്നിങ്സുകളില്‍ നാലു സെഞ്ച്വറിയും ആറു അര്‍ധശതകങ്ങളുമുള്‍പ്പെടെ 919 റണ്‍സെടുത്ത് ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ല് സ്ഥാപിച്ച വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ അമരക്കാരന്‍.

ഒരു സീസണില്‍ 1000 റണ്‍സെന്ന സുവര്‍ണനേട്ടത്തിന് കോലിക്ക് ഇനി 81 റണ്‍സുകൂടി മതി. ബാറ്റിങ് പട്ടികയില്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണറുടെ (16 ഇന്നിങ്സില്‍ 779 റണ്‍സ്) ബാറ്റിങ് മികവ് ഹൈദരാബാദിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ബാറ്റിങ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്സ് (15 കളികളില്‍ 682 റണ്‍സ്) ബാംഗ്ലൂര്‍ ബാറ്റിങ്നിരയിലെ മറ്റൊരു ശക്തിസ്രോതസ്സാണ്. പ്രഹരശേഷികൊണ്ട് ഏതൊരു ബൗളിങ്നിരയിലും പേടിസ്വപ്നം വിതയ്ക്കുന്ന വെസ്റ്റിന്‍ഡീസിന്റെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍, ബാറ്റിങ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ലോകേഷ് രാഹുല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബാംഗ്ലൂര്‍ ബാറ്റിങ്നിര ക്രിക്കറ്റ് ആരാധകരെ മോഹിപ്പിക്കുന്നതുതന്നെ.

ഇതിനു പുറമേ ബൗളിങ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ യുസ്വേന്ദ്ര ചാഹലും (12 കളിയില്‍ 20 വിക്കറ്റ്) വാട്സണും (15 കളിയില്‍ 20 വിക്കറ്റ്) ബാംഗ്ലൂരിന്റെ ആദ്യ ഇലവനിലുണ്ട്. തുടക്കത്തില്‍ നിരാശപ്പെടുത്തിയെങ്കിലും വൈകിനടന്ന മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ താളംകണ്ടെത്തിയതായി കാണാം.

ബൗളിങ് പട്ടികയില്‍ ഒന്നാമതുള്ള ഭുവനേശ്വര്‍ കുമാര്‍ (16 കളികളില്‍ 23 വിക്കറ്റ്), മുസ്താഫീസുര്‍ റഹ്മാന്‍ (15 കളിയില്‍ 16 വിക്കറ്റ്), ബരീന്ദര്‍ സ്രാന്‍ (13 കളിയില്‍ 13 വിക്കറ്റ്), മോയ്സസ് ഹെന്റീക്കസ് (16 കളിയില്‍ 12 വിക്കറ്റ്), ബെന്‍ കട്ടിങ്, ട്രെന്റ് ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട ആക്രമണനിര ഏതൊരു ബാറ്റിങ് ടീമിലും ഉള്‍ക്കിടിലമുണ്ടാക്കും. ബാറ്റിങ് പട്ടികയില്‍ ആദ്യ 10-ല്‍ രണ്ടുപേര്‍ ഹൈദരാബാദ് ടീമംഗങ്ങളാണ്-വാര്‍ണറും ശിഖര്‍ ധവാനും (16 കളിയില്‍ 473 റണ്‍സ്).

ചിന്നസ്വാമിയില്‍ ബാംഗ്ലൂരിന്റെ വിജയത്തില്‍ കലാശിച്ച ഒന്നാം ക്വാളിഫയറിന് ഉപയോഗിച്ച പിച്ച് ബാറ്റിങ്ങിനെ തുണക്കുന്നതായിരുന്നില്ല. പക്ഷേ, ബാറ്റ്സ്മാനെ തുണയ്ക്കുന്ന പിച്ചും ഇവിടെയുണ്ട്. മൂന്നുവട്ടം ഇവിടെ ടോട്ടല്‍ 200 കടന്നു. ബാംഗ്ലൂരിലെ എട്ട് ഇന്നിങ്സില്‍ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും കോലി നേടി. എന്നാല്‍, ഒന്നാം ക്വാളിഫയറില്‍ 'പൂജ്യ'നായി പുറത്തായി.

തുടരെ അഞ്ചു വിജയങ്ങളുമായാണ് ബാംഗ്ലൂര്‍ ഫൈനലില്‍ വന്നത്. എന്നാല്‍, കഴിഞ്ഞ അഞ്ചു കളികളില്‍ ഹൈദരാബാദ് രണ്ടെണ്ണം തോറ്റിട്ടുണ്ട്.

സാധ്യതാ ടീം

ബാംഗ്ലൂര്‍ - കോലി (ക്യാപ്റ്റന്‍), ഗെയ്ല്‍, ഡിവില്ലിയേഴ്സ്, രാഹുല്‍, വാട്സണ്‍, ബിന്നി, സച്ചിന്‍ ബേബി, ജോര്‍ഡന്‍, ഇഖ്ബാല്‍ അബ്ദുള്ള, അരവിന്ദ്, ചാഹല്‍.

ഹൈദരാബാദ് - വാര്‍ണര്‍ (ക്യാപ്റ്റന്‍), ധവാന്‍, ഹെന്റീക്കസ്, യുവരാജ്, ദീപക് ഹൂഡ, ബെന്‍ കട്ടിങ്, നമന്‍ ഓജ, ബിപുല്‍ ശര്‍മ, ഭുവനേശ്വര്‍, സ്രാന്‍, മുസ്താഫീസുര്‍/ബോള്‍ട്ട്.