മൊഹാലി: സണ്‍റൈസേഴ്സ് ഹൈദരാബാദ് വീണ്ടും വിജയവഴിയില്‍. ബാറ്റിങ് നിരയുടെ കരുത്തില്‍ ഹൈദരാബാദിന് പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. പഞ്ചാബ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ശേഷിക്കേ മറികടന്നു. സ്‌കോര്‍: പഞ്ചാബ്- 179/4 (20 ഓവര്‍); ഹൈദരാബാദ്- 183/3 (19.4 ഓവര്‍).

12 മത്സരങ്ങളില്‍ എട്ട് ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്ന ഹൈദരാബാദ് പ്ലേ ഓഫ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പാക്കും. രണ്ടിലും തോറ്റാല്‍ പോലും റണ്‍റേറ്റാകും പ്ലേ ഓഫ് സ്ഥാനം നിര്‍ണയിക്കുക. അതേസമയം 12 മത്സരങ്ങളില്‍ എട്ടിലും തോറ്റ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് അതേസമയം 12 മത്സരങ്ങളില്‍ എട്ടിലും തോറ്റ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി കണ്ടെത്തി.

ഉത്തരവാദിത്തത്തോടെ കളിച്ച ബാറ്റിങ്‌നിരയാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധസെഞ്ച്വറി നേടി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (41 പന്തില്‍ 52) അടിത്തറയിട്ട ഇന്നിങ്‌സിന് പുറത്താകാതെ 24 പന്തില്‍ 42 റണ്‍സെടുത്ത് യുവരാജ് ഉചിതമായ അന്ത്യം കുറിച്ചു. വാര്‍ണര്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമടിച്ചപ്പോള്‍ യുവരാജ് മൂന്നുവീതം സിക്‌സും ഫോറുമടിച്ചു.

Hashim Amla

11 പന്തില്‍ 18 റണ്‍സുമായി ബെന്‍ കട്ടിങ്ങായിരുന്നു വിജയം നേടുമ്പോള്‍ യുവരാജിനൊപ്പം ക്രീസില്‍. ശിഖര്‍ ധവാന്‍ (22 പന്തില്‍ 25), ദീപക് ഹൂഡ (22 പന്തില്‍ 34) എന്നിവരാണ് വാര്‍ണറെക്കൂടാതെ പുറത്തായ ഹൈദരാബാദ് താരങ്ങള്‍. പഞ്ചാബിനായി അക്ഷര്‍ പട്ടേലും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് നേടി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് ഹാഷിം ആംലയുടെ (56 പന്തില്‍ 96) ഉജ്ജ്വല ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി അവസാന ഓവറിലെ നാലാംപന്തില്‍ പുറത്താകുമ്പോഴേക്കും ആംല 14 ബൗണ്ടറികളും രണ്ട് സിക്‌സും അടിച്ചിരുന്നു. ആംലയാണ് കളിയിലെ കേമന്‍.

വൃദ്ധിമാന്‍ സാഹ (23 പന്തില്‍ 27), ഗുര്‍കീരത് സിങ് (20 പന്തില്‍ 27), ഡേവിഡ് മില്ലര്‍ (9 പന്തില്‍ 20*) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുറും ഹെന്റിക്വസും ഓരോ വിക്കറ്റ് പങ്കിട്ടു.

ചിത്രങ്ങള്‍: ബിസിസിഐ.