കാണ്‍പൂര്‍:കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ലയണ്‍സിന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ എട്ടുവിക്കറ്റിന് 124 റണ്‍സ് എടുത്തപ്പോള്‍ ഗുജറാത്ത് 13.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ടോസ് നേടിയ ഗുജറാത്ത് നായകന്‍ സുരേഷ് റെയ്‌ന എതിരാളികളെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു.36 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ ഇന്നിങ്‌സാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്.ഇതോടെ 13 കളിയില്‍ എട്ടുജയവുമായി ഗുജറാത്തിന് 16 പോയിന്റായി.ഹൈദരാബാദിനും ഗുജറാത്തിനും ഒരേ പോയന്റാണെങ്കിലും ഗുജറാത്തിന് റണ്‍റേറ്റ് കുറവാണ്.

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത ഡ്വെയിന്‍ സ്മിത്തിന്റെ ഉജ്ജ്വല ബൗളിങ്ങിനുമുന്നില്‍  തകര്‍ന്നുപോയി.എട്ട് റണ്‍സ് വിട്ടുകൊടുത്ത് ഡ്വെയിന്‍ സ്മിത്ത് നാല് വിക്കറ്റെടുത്തു.ഡ്വെയിന്‍ സ്മിത്ത് തന്നെയാണ് കളിയിലെ താരവും.

കൊല്‍ക്കത്തയ്ക്ക് വേണ്ടി യൂസഫ് പഠാന്‍ (36), ഓപ്പണര്‍ റോബിന്‍ ഉത്തപ്പ (25), സൂര്യകുമാര്‍ യാദവ് (17)ജാസന്‍ ഹോള്‍ഡര്‍(13) എന്നിവരാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സില്‍ അവരുടെ ഇന്നിങ്‌സ് ഒതുങ്ങി.ഇരുടീമുകള്‍ക്കും 14 പോയിന്റായിരുന്നതിനാല്‍  പ്ലേ ഓഫിലേക്ക് കടക്കാന്‍ മത്സരം നിര്‍ണായകമായിരുന്നു.

റോബിന്‍ ഉത്തപ്പ,മനീഷ് പാണ്ഡെ,പീയൂഷ് ചൗള,ഷക്കീബ് അല്‍ ഹസന്‍ എന്നിവരുടെ വിക്കറ്റാണ് ഡ്വെയിന്‍ സ്മിത്ത് നേടിയത്.