ന്യൂഡല്‍ഹി: ഒമ്പതാമത് ഐ.പി.എല്ലിന്റെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന രണ്ടാം ക്വാളിഫയറില്‍ വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ലയണ്‍സും കൊമ്പുകോര്‍ക്കും. ജയിക്കുന്ന ടീം ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സുമായി മാറ്റുരയ്ക്കും.

പ്രാഥമികറൗണ്ടില്‍ ഒമ്പതു മത്സരം ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂരിനോട് ഒന്നാം ക്വാളിഫയറില്‍ തോറ്റിരുന്നു. തോറ്റ ടീം രണ്ടാം ക്വാളിഫയറിന് അര്‍ഹരാണ്. അങ്ങനെയാണ് ഗുജറാത്തിന് അവസരം കിട്ടിയത്. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള 'എലിമിനേറ്റര്‍' മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് അര്‍ഹരായത്. ജയിക്കുന്ന ടീം ഫൈനലിലെത്തുമെന്നതിനാല്‍ രണ്ടാം ക്വാളിഫയര്‍ ഫലത്തില്‍ രണ്ടാം സെമിഫൈനലാണ്.

വേഗംകുറഞ്ഞ ഫിറോസ് ഷാ കോട്ല പിച്ചില്‍ ബുധനാഴ്ച കൊല്‍ക്കത്തയെ തോല്പിച്ച ഹൈദരാബാദിന് അതേ പിച്ചില്‍ ഗുജറാത്തിനെ മാറ്റുരയ്ക്കാന്‍ കിട്ടുന്നുവെന്നത് അനുകൂല ഘടകമാണ്. ഹൈദരാബാദിന്റെ ബൗളിങ് കരുത്തും ഗുജറാത്തിന്റെ സമതുലിതസംഘവും തമ്മിലുള്ള പോരാട്ടമാണിത്. 

കോട്ല പിച്ചുമായി പൊരുത്തപ്പെട്ടുകഴിഞ്ഞ ഹൈദരാബാദിന്, പ്രാഥമികറൗണ്ടില്‍ ഗുജറാത്തിനെ രണ്ടുവട്ടം തോല്പിക്കാനായതും ആത്മവിശ്വാസമുയര്‍ത്തുന്ന ഘടകങ്ങളാണ്. ഹൈദരാബാദ് ജയിക്കുന്നപക്ഷം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് ടീമും ഏറ്റവും മികച്ച ബൗളിങ് ടീമും തമ്മിലുള്ള പോരാട്ടമായിരിക്കും ഞായറാഴ്ച ബെംഗളൂരുവിലെ ഫൈനലില്‍ കാണുക.

കൊല്‍ക്കത്തയെ തോല്പിച്ച അതേ ടീമിനെത്തന്നെയായിരിക്കും ഗുജറാത്തിനെതിരെയും ഹൈദരാബാദ് അണിനിരത്തുക. എ.ബി. ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് വിരുതില്‍ ഒന്നാം ക്വാളിഫയറില്‍ ബാംഗ്ലൂരിനോട് അടിയറവ് സമ്മതിക്കേണ്ടിവന്ന ഗുജറാത്തും ടീമില്‍ കാര്യമായ മാറ്റംവരുത്താനിടയില്ല.

സാധ്യതാ ടീം: ഹൈദരാബാദ് -വാര്‍ണര്‍ (ക്യാപ്റ്റന്‍), ധവാന്‍, ഹെന്റീക്കസ്, യുവരാജ്, ദീപക് ഹൂഡ, നമന്‍ ഓജ, ബെന്‍ കട്ടിങ്, ഭുവനേശ്വര്‍, ബരീന്ദര്‍ സ്രാന്‍, ബിപുല്‍ ശര്‍മ/കരണ്‍ ശര്‍മ, മുസ്താഫീസുര്‍ റഹ്മാന്‍.
ഗുജറാത്ത്: മെക്കല്ലം, ഫിഞ്ച്, റെയ്ന (ക്യാപ്റ്റന്‍), ഡ്വയിന്‍ സ്മിത്ത്, ദിനേശ് കാര്‍ത്തിക്, ജഡേജ, ബ്രാവോ, ദ്വിവേദി, പ്രവീണ്‍കുമാര്‍, ധവല്‍ കുല്‍ക്കര്‍ണി, ടാംബെ/ശിവില്‍ കൗശിക്.