ന്യൂ ഡല്‍ഹി:  ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഗുജറാത്തിന് ത്രസ്സിപ്പിക്കുന്ന ജയം.  അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് ഗുജറാത്ത് ഡല്‍ഹിയെ തകര്‍ത്തത്. സ്‌കോര്‍: ഗുജറാത്ത്-172/6 (20 ഓവര്‍) ;  ഡല്‍ഹി 171-5 (20 ഓവര്‍)

172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 57 റണ്‍സ് എടുക്കുന്നതിനിടയില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്  അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡുമിനി- മോറിസ് സഖ്യമാണ്.

മോറിസിന്റെ കൂറ്റനടികളാണ് വമ്പന്‍ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയെ തിരികെ കൊണ്ട്‌ വന്നത്. 17-ാം ഓവറില്‍ ഡ്വെയ്ന്‍ സ്മിത്തിനെ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ക്ക് പറത്തി 17പന്തില്‍ നിന്ന് മോറിസ് അര്‍ധസെഞ്ച്വറി തികച്ചു. ഈ ഐ.പി.എല്‍ സീസണിലെ വേഗമേറിയ അര്‍ധസെഞ്ച്വറിയാണ് മോറിസ് നേടിയത്.

ഡുമിനി 43 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെയാണ് 48 റണ്‍സ് നേടിയത്. 32 പന്തില്‍ നിന്ന് നാല് ഫോറും എട്ട് സിക്‌സറും ഉള്‍പ്പടെയാണ് ക്രിസ് മോറിസ്  പുറത്താകാതെ 82 റണ്‍സ് നേടിയത്.

19-ാം ഓവര്‍ എറിയാനെത്തിയ പ്രവീണ്‍ കുമാറാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്. രണ്ടോവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഡല്‍ഹിക്ക് ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രമേ നേടാനായുളളു.

അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മോറിസ് ബ്രോവോയെ ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും പിന്നീടുളള അഞ്ച് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് നേടാനെ ഡല്‍ഹിക്കായുളളു. 

ഗുജറാത്തിനായി ധവാല്‍ കുല്‍ക്കര്‍ണി മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഡ്വെയ്ന്‍ ബ്രാവോ, ജെയിംസ് ഫോക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്വപ്‌നതുല്ലയമായ തുടക്കമാണ് ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും- മെക്കലവും ചേര്‍ന്ന് നല്‍കിയത്. ഡ്വെയ്ന്‍ സ്മിത് 30 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെ 53 റണ്‍സ് നേടിയപ്പോള്‍ മെക്കല്ലം 36 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പടെ 60 റണ്‍സ് നേടി.ആദ്യ പത്തോവറില്‍ 110 റണ്‍സ് ഗുജറാത്തിന് പക്ഷേ ആവസാന പത്തോവറില്‍ 62 റണ്‍സ് മാത്രമേ നേടാനായുളളു. 

ഡല്‍ഹി ബൗളിങ് നിരയില്‍ ഇമ്രാന്‍ താഹിര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് മോറിസ് രണ്ടും ഡുമിനി ഒരു വിക്കറ്റും നേടി.