ബെംഗളൂരു: ഐപിഎല്‍ ഒമ്പതാം കിരീടം സണ്‍റൈസേഴ്സ് ഹൈദരാബാദിന്. ഫൈനലില്‍ ബാംഗ്ലൂരിനെ തറപറ്റിച്ചാണ് വാര്‍ണറും സംഘവും കിരീടത്തില്‍ മുത്തമിടുന്നത്. ഹൈദരാബദിന്റെ ആദ്യ കിരീടമാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ പോരാട്ടം എട്ട് റണ്‍സകലെ അവസാനിച്ചു. സ്‌കോര്‍: ഹൈദരാബാദ്- 208/7 (20 ഓവര്‍); ബാംഗ്ലൂര്‍- 200/7 (20 ഓവര്‍).

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഓപ്പണര്‍മാരായ കോലിയും ഗെയ്‌ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 10.3 ഓവറില്‍ 114 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇവര്‍ പുറത്തായ ശേഷം ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നതോടെ വിജയം ഹൈദരാബാദ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

38 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സെടുത്ത ഗെയ്‌ലിനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. 35 പന്തില്‍ 54 റണ്‍സെടുത്ത കോലി സ്രാന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 

Kohli

ഐപിഎല്‍ സീസണില്‍ 1000 റണ്‍സെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് കോലിക്ക് നേടാനായില്ല. 16 മത്സരങ്ങളില്‍ 973 റണ്‍സുമായാണ് കോലി സീസണിലെ ബാറ്റിങ് അവസാനിപ്പിച്ചത്.

ബാംഗ്ലൂരിന്റെ ഇന്നിങ്‌സിന്റെ രണ്ടാംപകുതിയില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി ഹൈദരാബാദ് ബൗളര്‍മാരാണ് ടീമിനെ വിജയതീരമണച്ചത്. ബെന്‍ കട്ടിങ് രണ്ടും ബരീന്ദര്‍ സ്രാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ബിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഭുവനേശ്വര്‍ കുമാറും മികച്ചുനിന്നു. അവസാന ഓവര്‍ ചെയ്തത് ഭുവനേശ്വറായിരുന്നു.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

Warner

25 പന്തില്‍ 28 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. രണ്ടാമനായെത്തിയ ഹെന്‍ റിക്വസ് പെട്ടെന്നുതന്നെ കൂടാരം കയറി. പിന്നീടെത്തിയ യുവരാജ് വാര്‍ണര്‍ക്ക് ഉറച്ച പിന്തുണ നല്‍കി. സ്‌കോര്‍ 125 ല്‍ നില്‍ക്കെ 38 പന്തില്‍ 68 റണ്‍സെടുത്ത വാര്‍ണര്‍ മടങ്ങിയെങ്കിലും, 23 പന്തില്‍ 38 റണ്‍സ് അടിച്ചെടുത്ത് യുവരാജ് റണ്‍റേറ്റ് കുറയാതെ കാത്തു. എന്നാല്‍ വലറ്റത്ത് ബെന്‍ കട്ടിങിനൊഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിക്കാഞ്ഞതാണ് സ്‌കോര്‍ 208ല്‍ ഒതുക്കിയത്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കട്ടിങ് 15 പന്തില്‍ 39 റണ്‍സുമായി പുറത്താകെനിന്നു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഹൈദരാബാദ് നേടിയത്. 4 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്ത ഷെയ്ന്‍ വാട്‌സണാണ് ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ കൂടുതല്‍ തല്ലുവാങ്ങിയത്. ക്രിസ് ജോര്‍ദാന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.