റായ്പൂര്‍: മലയാളി താരം കരുണ്‍ നായരുടെ കരുത്തില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു ആറു വിക്കറ്റ് ജയം. അവസാന പന്തു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. അവസാന ഓവറില്‍ ഡല്‍ഹിക്കു വേണ്ടിയിരുന്നത് 11 റണ്‍സ്. ഭുവനേശ്വര്‍കുമാറിന്റെ ആദ്യ നാല് പന്തില്‍ 5 റണ്‍സ് മാത്രമായിരുന്നു ഡല്‍ഹിക്ക് നേടാനായത്. എന്നാല്‍ അവസാന രണ്ടു പന്തിലും ബൗണ്ടറിയടിച്ച് കരുണ്‍ (59 പന്തില്‍ 83) ഡല്‍ഹിയെ വിജയത്തിലെത്തിച്ചു. എട്ടു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് കരുണിന്റെ ഗംഭീര ഇന്നിങ്‌സ്. വിജയത്തോടെ ഡല്‍ഹി പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. സ്‌കോര്‍: ഹൈദരാബാദ്- 20 ഓവറില്‍ ഏഴിന് 158. ഡല്‍ഹി-20 ഓവറില്‍ നാലിന് 161.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ഹൈദരാബാദ്  158 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ വാര്‍ണര്‍ക്ക് (56 പന്തില്‍ 73) പിന്തുണ നല്‍കാന്‍ ഹൈദരാബാദ് നിരയില്‍ മറ്റാരും ഉണ്ടായില്ല. എട്ടു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടം. മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ക്കിയെ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋശഭ് പന്ത് കരുണ്‍ സഖ്യമാണ് വിജയത്തിന് അടിത്തറ പാകിയത്. 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഋശഭ് പന്ത് പവലിനിലെത്തിയത്. പ്ലേഓഫ് ഇലവന്റെ അന്തിമ രൂപത്തിനായി ഇനി അവസാന ലീഗ് മത്സരം വരെ കാത്തിരിക്കണം

ഫോട്ടോ; ബി.സി.സി.ഐ