ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ മൂന്നാം വിജയം. ഡല്‍ഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി വിജയം ആഘോഷിച്ചത്. ഡല്‍ഹിക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു വി സാംസണാണ് കളിയിലെ താരം. 

ഡല്‍ഹി മുന്നോട്ടുവച്ച 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.  48 പന്തില്‍ 65 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മ മാത്രമാണ് മുംബൈ നിരയില്‍ ചെറുത്തു നിന്നത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം നേടിയ ക്രിസ് മോറിസും സഹീര്‍ ഖാനും ഡല്‍ഹിക്കായി മികച്ച ബൗളിങ് പുറത്തെടുത്തു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 48 പന്തില്‍ 60 റണ്‍സടിച്ച  സഞ്ജു വി സാസംണ്‍ന്റെയും പുറത്താകാതെ 31 പന്തില്‍ 49 റണ്‍സടിച്ച ജീന്‍ പോള്‍ ഡുമിനിയുടെയും മികവിലാണ് 164 റണ്‍സ് നേടിയത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത മഗ്ലീഗന് മാത്രമെ മുംബൈ ബൗളിങ് നിരയില്‍ തിളങ്ങാനായുള്ളു. ജയത്തോടെ ആറ് പോയിന്റുമായി ഡല്‍ഹി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുമായി മുംബൈ ആറാം സ്ഥാനത്താണ്.