ഹൈദരാബാദ്: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഉജ്ജ്വലജയം. സണ്‍റൈസേഴ്സിനെ 146 റണ്‍സിലൊതുക്കിയ ഡല്‍ഹി 11 പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
യുവരാജ് സിങ്ങിന്റെ പന്ത് സിക്സറിന് പറത്തി മലയാളി താരം സഞ്ജു സാംസണാണ് ഡല്‍ഹിയുടെ വിജയറണ്‍ കുറിച്ചത്. ജയത്തോടെ ഡല്‍ഹി 10 കളികളില്‍ 12 പോയന്റുമായി മൂന്നാംസ്ഥാനത്തെത്തി. ഹൈദരാബാദ് തന്നെയാണ് ഒന്നാംസ്ഥാനത്ത്. സ്കോര്‍: ഹൈദരാബാദ്- 146/8 (20 ഓവര്‍); ഡല്‍ഹി- 150/3 (18.1 ഓവര്‍).
പക്വതയോടെ ബാറ്റുവീശിയ സഞ്ജുവും റിഷഭ് പന്തുമാണ് ഡല്‍ഹിക്ക് മികച്ച വിജയം സമ്മാനിച്ചത്. അപരാജിതമായ നാലാം വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് ചേര്‍ത്തു. സഞ്ജു 26 പന്തില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 34 റണ്‍സെടുത്തപ്പോള്‍ റിഷഭ് ഇത്രയും പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 39 റണ്‍സെടുത്തു.
നേരത്തേ, ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (10) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്വിന്റണ്‍ ഡീകോക്കും (31 പന്തില്‍ 44) മറ്റൊരു മലയാളി താരമായ കരുണ്‍ നായരും (17 പന്തില്‍ 20) രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഡല്‍ഹി ഇന്നിങ്സിന് അടിത്തറയിട്ടിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് മികച്ച തുടക്കത്തിന് ശേഷം ഡല്‍ഹി ബൗളിങ്ങിന് മുന്നില്‍ നിലതെറ്റിവീഴുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും (30 പന്തില്‍ 46) ശിഖര്‍ ധവാനും (37 പന്തില്‍ 33) ചേര്‍ന്ന് 67 റണ്‍സെടുത്തു. 12 ഓവറില്‍ രണ്ട് വിക്കറ്റിന് 98 റണ്‍സെന്ന നിലയിലായിരുന്ന ഹൈദരാബാദിന് അവസാന ഏഴ് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ എടുക്കാനായത് 48 റണ്‍സ് മാത്രം.
ഉജ്ജ്വലമായി പന്തെറിഞ്ഞ ക്രിസ് മോറിസും (നാലോവറില്‍ 19ന് ഒന്ന്) അമിത് മിശ്രയുമാണ് (മൂന്നോവറില്‍ 19ന് രണ്ട് വിക്കറ്റ്) ഹൈദരാബാദിനെ ചുരുട്ടിക്കെട്ടിയത്. കോള്‍ട്ടര്‍ നെയ്ലും (നാലോവറില്‍ 25ന് രണ്ട് വിക്കറ്റ്) മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രിസ് മോറിസാണ് കളിയിലെ കേമന്‍.