കൊല്‍ക്കത്ത: മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച് ബാംഗ്ലൂര്‍ ഐ.പി.എല്‍ പ്ലേ ഓഫ് സാധ്യത സജീവമായി. ഈഡന്‍ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ കോലിയുടെയും(51 പന്തില്‍ 75), ഡിവില്ലിയേഴ്‌സിന്റെയും(31 പന്തില്‍ 59) ബാറ്റിങ് മികവിലാണ് ബാംഗ്ലൂരിന്റെ വിജയം. സീസണില്‍ ആദ്യമായി ഫോമിലെത്തിയ ക്രിസ് ഗെയിലിന്റെ(31 പന്തില്‍ 49) ഓപ്പണിങ് വെടിക്കെട്ടിന്റെ അടിത്തറയിലാണ് കോലി-ഡിവില്ലിയേഴ്‌സ് സഖ്യം വിജയത്തിലേക്ക് ബാറ്റ് വീശിയത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗംഭീറിന്റെയും(34 പന്തില്‍ 51), മനീഷ് പാണ്ഡയുടെയും(35 പന്തില്‍ 50) അര്‍ധ സെഞ്ച്വറികളുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റസലിന്റെയും(19 പന്തില്‍ 39) കരുത്തിലാണ് 183 റണ്‍സെന്ന ലക്ഷ്യം ബാംഗ്ലൂരിനു മുന്നില്‍ വച്ചത്.

മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ടു പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും കോലിക്കു സ്വന്തമായി. 12 കളികളില്‍ 752 റണ്‍സാണ് ഈ സീസണില്‍ കോലിയുടെ സമ്പാദ്യം. ക്രിസ് ഗെയിലിന്റെയും, മൈക്ക് ഹസിയുടെയും പേരിലുണ്ടായിരുന്ന (733 റണ്‍സ്) റെക്കോഡാണ് കോലി തിരിത്തിയെഴുതിയത്. 


12 കളികളില്‍ ആറാം വിജയം കുറിച്ച ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇനിയുള്ള രണ്ടിലും ജയിച്ചാല്‍ ബാംഗ്ലൂരിന് പ്ലേഓഫ് സാധ്യതയുണ്ട്. തോറ്റെങ്കിലും രണ്ടാമതുള്ള  കൊല്‍ക്കത്തയ്ക്ക്  ശേഷിക്കുന്ന 2 കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ പ്ലേ ഓഫിലെത്താം.

ചിത്രം; ബി.സി.സി.ഐ