ഐപിഎല്ലില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും എന്തുകാര്യം. ലോക ഫുട്‌ബോളില്‍ ഇപ്പോള്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങളാണ് റൊണാള്‍ഡോയും മെസ്സിയും. ഇവര്‍ ഒരു ടീമില്‍ കളിക്കുന്നതുപോലെയാണ് ക്രിക്കറ്റില്‍ എബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും ഒന്നിച്ചു കളിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരതമ്യം. നിലവില്‍ ഡിവില്ലിയേഴ്‌സ് ഏകദിനത്തിലെ ഒന്നാംനമ്പര്‍ ബാറ്റ്‌സ്മാനും കോലി ട്വന്റി-20 ഒന്നാംനമ്പറുമാണ്.

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരശേഷം ഇംഗ്ലണ്ട് ബാറ്റ്‌സ്മാനും ഐപിഎല്ലില്‍ മുംബൈയുടെ താരവുമായ ജോസ് ബട്ട്‌ലറാണ് എബിഡി-കോലി സഖ്യത്തെ റൊണാള്‍ഡോയോടും മെസ്സിയോടും താരതമ്യം ചെയ്തത്. ഇതിനുപിന്നാലെ സമാനമായ ട്വീറ്റുമായ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ഫൈനല്‍ ഹീറോ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും രംഗത്തെത്തി. കോലിയും ഡിവില്ലിയേഴ്‌സും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നത് 97 പന്തില്‍ 229 റണ്‍സാണ്. മത്സരത്തില്‍ ബാംഗ്ലൂര്‍ 144 റണ്‍സിന്റെ റെക്കോഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.

ഐപിഎല്‍ സീസണില്‍ നിരവധി സെഞ്ച്വറി-അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളുമായി കളംനിറഞ്ഞ സഖ്യമാണ് കോലി-ഡിവില്ലിയേഴ്‌സ്. ഗുജറാത്തിനെതിരെ നേടിയ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടോടെ ഇവര്‍ക്കുമേല്‍ പ്രശംസാവചനങ്ങള്‍ ചൊരിയുകയാണ് ക്രിക്കറ്റ് ലോകം. ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (റെയ്‌ന ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല) ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഖ്യത്തെ പ്രശംസിച്ച് രംഗത്തെത്തി. ചില താരട്വീറ്റുകള്‍ കാണാം..