ഒരു ലെഗ് സ്പിന്നറുടെ കൗശലത്തേക്കാള്‍ ചതുരംഗത്തിലെ കരുനീക്കങ്ങളുടെ കണിശതയാണ് യൂസ്വേന്ദ്ര ചാഹലിന്റെ ബൗളിങ്ങിന്റെ മുഖമുദ്ര. കാരണം മറ്റൊന്നുമല്ല. ക്രീസിലേയ്ക്ക് പന്തുമായി ഇറങ്ങുന്നതിന് മുന്‍പ് അറിയപ്പെടുന്നൊരു ചെസ് താരമായിരുന്നു ഹരിയാണക്കാരനായ ഈ അറ്റാക്കിങ് ലെഗ് സ്പിന്നര്‍. കോഴിക്കോട്ട് വച്ച് ദേശീയ ജൂനിയര്‍ ചെസ് ചാമ്പ്യനായിട്ടുണ്ട്. ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പോണ്‍സറെ കിട്ടാതായതോടെയാണ് ചെസ് ബോര്‍ഡ് മടക്കിവച്ച് ക്രീസിലേയ്ക്ക് ഇറങ്ങിയത്. പരീക്ഷണം പക്ഷേ, പാളിയില്ല.
ചെസിലെ കരുനീക്കങ്ങളുടെ കൃത്യത ബൗളിങ്ങിലും പകര്‍ത്തിയ ചാഹല്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യക്തമായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. 2016 ഐ.പി.എല്‍ സീസണില്‍ വിക്കറ്റ്വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ചാഹല്‍. ഈ പ്രകടനത്തിന്റെ ബലത്തില്‍ സിംബാബ്വെയില് പര്യടനം നടത്തുന്ന ഇന്ത്യന്‍ ഏകദിന ടീമിലും ഇടം നേടി ഈ ലെഗ്സ്പിന്നര്‍. പീയുഷ് ചൗളയും അമിത് മിശ്രയും പരാജയപ്പെട്ടിടത്ത് അനില്‍ കുംബ്ലെയുടെ പിന്മുറക്കാരനാകും ചാഹല്‍ എന്നാണ് പ്രതീക്ഷ.
1990 ജൂലായ് 23ന് ഹരിയണയിലെ ജിന്‍ഡില്‍ ജനിച്ച യുസ്വേന്ദ്ര ഏഴാം വയസ് മുതലാണ് ചെസ് കളിച്ചു തുടങ്ങിയത്. തുടര്‍ന്ന് ദേശീയ അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. അതിനുശേഷം 2003ല്‍ കോഴിക്കോട്ട് നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഗ്രീസില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചു. കമ്പ്യൂട്ടര്‍ സഹായത്തോടെ കളി പരിശീലിച്ചുവന്ന ചാഹല്‍ പക്ഷേ, പണത്തിന്റെ ചെക്ക്മേറ്റിന് മുന്നില്‍ അടിയറവു പറയേണ്ടിവന്നു. കളിയില്‍ തുടരണമെങ്കില്‍ പ്രതിവര്‍ഷം 50 ലക്ഷം രൂപയെങ്കിലും വേണം. വക്കീലായ അച്ഛന് കെ.കെ. ചാഹലിന് ഈ പണം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. അങ്ങിനെ മനസ്സില്ലാ മനസ്സോടെ ചാഹല്‍ ചെസ് ബോര്‍ഡിന്റെ മുന്നില്‍ നിന്ന് എഴുന്നേറ്റു. ചെസ് ഫെഡറേഷന്റെ കളിക്കാരുടെ പട്ടികയില്‍ ഇന്നും ഈ ദേശീയ യൂത്ത് ചാമ്പ്യന്റെ പേരുണ്ട്.
പിന്നീടാണ് ചാഹല്‍ തന്റെ ശ്രദ്ധ പൂര്‍ണമായി ക്രിക്കറ്റിലേക്ക് മാറ്റിയത്. വൈകാതെ ഹരിയാണയുടെ യൂത്ത് ടീമില്‍ ഇടം നേടി. 2009 ല്‍ നടന്ന കുച് ബിഹാര്‍ ട്രോഫിക്കുവേണ്ടിയുള്ള ദേശീയ അണ്ടര്‍-19 ടൂര്‍ണമെന്റോടെ ചാഹലിലെ ലെഗ്സ്പിന്നറെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഈ ടൂര്‍ണമെന്റില്‍ 34 വിക്കറ്റുകളാണ് ചാഹല്‍ നേടിയത്. അതേ വര്‍ഷം തന്നെ രഞ്ജി ടീമിലും ഇടം നേടി. ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെയായിരുന്നു അരങ്ങേറ്റം.
2011 ല്‍ മുംബൈ ഇന്ത്യന്‍സുമായി ചാഹല്‍ കരാറില്‍ ഒപ്പിട്ടു. 2013 വരെ മൂന്ന് വര്‍ഷം ടീമിലുണ്ടായിട്ടും ഒരൊറ്റ ഐ.പി.എല്‍ മത്സരത്തിലാണ് മുംബൈ ചാഹലിനെ പരീക്ഷിച്ചത്. എന്നാല്‍ 2013ലെ ചാമ്പ്യന്‍സ് ലീഗില്‍ മുംബൈ ചാഹലിന് അവസരങ്ങള്‍ നല്കി. ബാംഗ്ലൂരിനെതിരായ ഫൈനലില്‍ മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് നേടി ചാഹല്‍ മുംബൈയെ ചാമ്പ്യന്മാരാക്കുകയും ചെയ്തു.
തൊട്ടടുത്ത സീസണില്‍ ബാംഗ്ലൂര്‍ ചാഹലിനെ സ്വന്തമാക്കി. അതോടെ ചാഹലിന്റെ കരിയര്‍ മാറി മറിഞ്ഞു. ബാംഗ്ലൂര്‍ ബൗളിങ് കോച്ചായ ഡാനിയല്‍ വെട്ടോറിയോടൊപ്പമുള്ള പരിശീലനം ചാഹലിന് പുതിയ ഊര്‍ജം പകര്‍ന്നു. ഐപിഎല്ലിലെ ഒറ്റ സീസണില്‍ കത്തിയമരുന്ന അത്ഭുതമായിരുന്നില്ല ചാഹല്‍. ഒരോ സീസണ് കഴിയുംതോറും മെച്ചപ്പെട്ടുവരികയായിരുന്നു ഈ സ്പിന്നര്‍. 2014 ല്‍ 12 വിക്കറ്റ്. 2015ല്‍ 15 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റ്. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ്. മൊത്തം 41 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റ്.
ഈ സീസണില്‍ ബെംഗളൂരുവില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ നേടിയ 4/25 ആണ് ഏറ്റവും മികച്ച പ്രകടനം. നിലവില്‍ ഐപിഎല്ലിലെ ഈ സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ടീമംഗമായ ഷെയ്ന് വാട്സനോടൊപ്പം പങ്കിടുകയാണ് ചാഹല്‍. ഫൈനല്‍ വരെയുള്ള ബാംഗ്ലൂരിന്റെ മുന്നേറ്റത്തില്‍ ബാറ്റിങ് വിസ്മയം തീര്‍ത്ത കോലിക്കൊപ്പം ബൗളറായ ചാഹലിന്റെ പങ്കും ചെറുതല്ലെന്ന് സാരം.
ഐ.പി.എല്ലില്‍ 41 മത്സരങ്ങളില്‍ നിന്ന് 55 വിക്കറ്റുകള്‍ ഈ വലങ്കയന് ലെഗ് സ്പിനര്‍ നേടിയിട്ടുണ്ട്. കിങ്സ് ഇലവന് പഞ്ചാബിനെതിരെ മൊഹാലിയില്‍ ഈ വര്‍ഷം നേടിയ 4/25 ആണ് മികച്ച ബൗളിങ് പ്രകടനം.
ചെസ് താരമായത് ക്രിക്കറ്റില്‍ ഏറെ ഗുണം ചെയ്തുവെന്ന് പറയുന്നു ചാഹല്‍. തനിക്ക് ബാറ്റ്സ്മാന് ചിന്തിക്കുന്നതിന് ഒരു പടി മുകളില്‍ ചിന്തിക്കാന്‍ കഴിയുന്നത് ചെസ്സിലെ പരിചയം കൊണ്ടാണ്. ബാറ്റ്സ്മാന് കടന്നാക്രമിക്കുമ്പോള്‍ ശാന്തനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നതും ചെസ്സിലെ പരിചയം തന്നെയാണ്-ചാഹല്‍ പറഞ്ഞു.