ബെംഗളൂരു: ഐപിഎല്‍ ഒമ്പതാം പതിപ്പിലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം വിരാട് കോലിയായിരുന്നു. മികച്ച ഫോമിലുള്ള വിരാടിന്റെ ബാറ്റില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി കോലി സംപൂജ്യനായി മടങ്ങി.

ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് തുടങ്ങി എട്ടാമത്തെ പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണി കോലിയെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ സ്‌റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. അവസരത്തിനൊത്തുയര്‍ന്ന ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനെ ഫൈനലിലെത്തിച്ചെങ്കിലും കോലിയുടെ പരാജയത്തെ സോഷ്യല്‍ മീഡിയ വെറുതെവിട്ടില്ല. ട്വിറ്ററില്‍ കോലി പൂജ്യത്തിന് പുറത്തായപ്പോള്‍ എന്ന പേരില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. 

പൂജ്യത്തിന് പുറത്തായ കോലി താന്‍ ഒരു മനുഷ്യനാണെന്ന് എല്ലാവരെയും ഓര്‍മപ്പെടുത്തി എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫിന്റെ പ്രതികരണം.

കോലി പൂജ്യത്തിന് പുറത്തായപ്പോള്‍ ഉറങ്ങുകയായിരുന്ന അടുത്ത ബാറ്റ്‌സ്മാനെ ഉണര്‍ത്താനായി സഹകളിക്കാര്‍ ഹോട്ടല്‍ റൂമിലേക്കോടി, പൂജ്യത്തിന് പുറത്തായിട്ടും പാഡ് അഴിക്കാതിരുന്ന കോലിയെപ്പോലെ ആവേശം കാണിക്കണം എന്നിങ്ങനെ പോകുന്നു ട്വീറ്റുകള്‍.