ഒരു ഐപിഎല്‍ സീസണില്‍ 1000 റണ്‍സ്. സ്വപ്നതുല്യമായ ആ നേട്ടത്തിലേക്കുള്ള യാത്ര വിരാട് കോലി 27 റണ്‍സ് പിന്നില്‍ അവസാനിപ്പിച്ചു. ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടിയെങ്കിലും നാലക്കത്തിലേക്ക് എത്താന്‍ വേണ്ട 81 റണ്‍സെടുക്കാന്‍ കോലിക്കായില്ല. ഫൈനലില്‍ കോലി ഫൈനലില്‍ 35 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ ഐപിഎല്‍ സീസണില്‍ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിക്ക് ഒമ്പതാം എഡിഷനില്‍ സ്വന്തമായി. സീസണില്‍ 16 മത്സരങ്ങളില്‍ 973 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറികളും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഇതിനിടെ കുറിച്ചു.
152 സ്ട്രൈക്ക് റേറ്റില്‍ സ്കോര്‍ ചെയ്ത താരത്തിന് 81 ശരാശരിയുമുണ്ട്. 15 മത്സരങ്ങളില്‍ കോലിയുടെ ബാറ്റില്‍ നിന്ന് 83 തവണ അതിര്‍ത്തിവര തൊട്ട പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നത് 38 തവണ.
ഇന്നത്തെ മത്സരത്തോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും സ്വന്തമാക്കിയാണ് കോലി സീസണ് വിരാമമിടുന്നത്. 139 മത്സരങ്ങളില്‍ 4110 റണ്‍സുമായാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്നയെയാണ് കോലി മറികടന്നത്. റെയ്നയ്ക്ക് 147 മത്സരങ്ങളില്‍ 4098 റണ്‍സാണുള്ളത്.