പൂജ്യത്തില്‍നിന്ന് 1000-ത്തിലേക്ക് വിരാട് കോലിയെത്തുമോ? കളിക്കുന്നത് കോലിയും കളി ക്രിക്കറ്റുമായതിനാല് എല്ലാം പ്രവചനാതീതം. എന്നാല്‍, മെയ് 29-ന്റെ ഐ.പി.എല്‍. ഫൈനല്രാവില് ക്രിക്കറ്റ് പ്രേമികള്‍ ബാംഗ്ലൂര്‍ കിരീടം നേടുന്നതില്‍ ഭിന്നാഭിപ്രായക്കാരാകും. എന്നാല്‍, കോലിയുടെ നേട്ടം എല്ലാവരും ആഗ്രഹിക്കുന്നു.
ഒന്നാം ക്വാളിഫയറില്‍ പൂജ്യത്തിന് പുറത്തായത് 51 ഇന്നിങ്സുകള്‍ക്കു ശേഷമായിരുന്നു. അതുവരെ എതിര് ബൗളിങ്നിരയെ തച്ചുതകര്‍ത്ത്, ടീമിനെ ഏറെക്കുറെ ഒറ്റയ്ക്കുചുമന്ന വിസ്മയകരമായ പ്രകടനമാണ് കോലി സീസണില്‍ നടത്തിയത്.
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉദ്ഘാടന മത്സരത്തില്‍ത്തന്നെ ശുഭാരംഭംകുറിച്ച കോലി ഡിവില്ലിയേഴ്സുമൊത്ത് 14.3 ഓവറില്‍ ചേര്‍ത്തത് 157 റണ്‍സാണ്. 51 പന്തില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്സറുമടക്കം 75 റണ്‍സാണ് കോലി ഹൈദരാബാദിനെതിരെ കുറിച്ചത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇത്തവണ ഒരുപിടി റെക്കോഡുകളും കോലിക്ക് സ്വന്തമായിട്ടുണ്ട്.
സീസണില്‍ ഏതെങ്കിലും ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരത്തിന് പുറമേ കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍, ക്യാപ്റ്റനെന്നനിലയില്‍ ടി-20 സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, മൊത്തം സീസണില്‍ ഏറ്റവും കൂടുതല്‍ തവണ 50 റണ്‍സ് പിന്നിട്ട (17) താരം, ഒരു ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ 50 പിന്നിട്ട (10) താരം എന്നിങ്ങനെ നീണ്ടുപോകുന്നു.
സിക്സറുകളെ കാര്യത്തിലും കോലിയാണ് മുന്നില്‍. എ.ബി. ഡിവില്ലിയേഴ്സിനൊപ്പം ഏഴു സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായി. ഇരുവരും ചേര്‍ന്ന് 2000-ത്തിലേറെ റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ സീസണില്‍ 15 കളിയില്‍ നാലു സെഞ്ച്വറികളോടെ 919 റണ്‍സെടുത്ത കോലിക്ക് 1000 എന്ന മാന്ത്രികസംഖ്യയിലെത്താല് ഒരു കളി ബാക്കിനില്‍ക്കെ വേണ്ടത് 81 റണ്‍സ്. ആറ് അര്‍ധശതകങ്ങളും 78 ബൗണ്ടറികളും 36 സിക്സറുകളും ഇത്തവണയുണ്ട്.
ഐ.പി.എല്‍. ഒമ്പതാം സീസണ് കളിക്കുന്ന താരത്തിന് 138 കളിയില്‍നിന്ന് 4056 റണ്‍സാണ് സ്വന്തമായുള്ളത്. 130.16 സ്ട്രൈക്ക് റേറ്റും 37.90 ശരാശരിയും. കരിയറില്‍ നാലു സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളും. ആകെ അടിച്ച ബൗണ്ടറികള്‍ 354. സിക്സര്‍ 147. 2008-ല്‍ 13 കളിയില്‍നിന്ന് കേവലം 165 റണ്‍സ് മാത്രം നേടി പതിഞ്ഞ തുടക്കമായിരുന്നു. 2009-ല്‍ 16 കളിയില്‍നിന്ന് ആകെ റണ്‍സ് 246 ആയി ഉയര്‍ന്നു. തൊട്ടടുത്തവര്‍ഷം 307 റണ്‍സും 2011-ല്‍ 557 റണ്‍സുമായി. 2012 അല്‍പ്പം കുറഞ്ഞ് 364-ല്‍ എത്തി. 2013-ല്‍ 634 റണ്‍സും അടുത്ത സീസണില്‍ 359 റണ്‍സും നേടി. കഴിഞ്ഞ സീസണില്‍ 505 റണ്‍സായിരുന്നു സമ്പാദ്യം.