തുടര്‍ച്ചയായ ബാറ്റിങ് പരാജയങ്ങള്‍ക്കു ശേഷം ഫോമിലേക്ക് തിരിച്ചെത്തി ശിഖര്‍ ധവാന്. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസമായൊരു അര്‍ദ്ധസെഞ്ച്വറി കണ്ടെത്തിയിരിക്കുകയാണ് ധവാന്.
ഐ.പി.എല്ലില്‍ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ 41 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ധവാന് അടിച്ചുകൂട്ടിയത്. അഞ്ച് ബൗണ്ടറികളടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ധവാന്െയും 74 റണ്‍സെടുത്ത വാര്‍ണറിന്റെയും മികവില്‍ 10 വിക്കറ്റിന് ഹൈദരാബാദ് ഗുജറാത്തിനെ പരാജയപ്പെടുത്തി. എന്നാല്‍ വിമര്‍ശകരുടെ വാ അടപ്പിക്കണമെങ്കില്‍ ഇനിയും തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ ധവാന് നടത്തേണ്ടിയിരിക്കുന്നു.
സെഞ്ച്വറികളും അര്‍ദ്ധസെഞ്ചറികളും തുടര്ക്കഥയാക്കിയിരുന്ന ധവാന് സെവാഗിനു ശേഷം ഇന്ത്യന്‍ ഓപ്പണിങിന്റെ വെടിക്കെട്ടായിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പില്‍ അടിച്ച 60 റണ്‍സായിരുന്നു ധവാന്റെ ഒടുവിലത്തെ മികച്ച പ്രകടനം. അന്ന് മാന്‍ ഓഫ് ദ മാച്ചായ ശേഷം തുടരെ ഫോം നഷ്ടപ്പെട്ടു. ട്വന്റി-ട്വന്റി ലോകകപ്പില്‍ അതിദയനീയമായിരുന്നു ധവാന്റെ ബാറ്റിങ്, ആകെ നേടിയത് 53 റണ്‍സ് മാത്രം. ഐ.പി.എല്ലില്‍ ആദ്യ മൂന്നു കളികളിലും സമ്പൂര്‍ണ്ണ പരാജയവുമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങളിലും ധവാനെ പരീക്ഷിച്ചു കൊണ്ടിരുന്ന ക്യാപ്റ്റന്‍ ധോണിയും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.
ഫൂട്വര്‍ക്കിലെ വേഗതക്കുറവാണ് ധവാന്റെ പ്രശ്നമെന്നും, മികച്ച ഫോമിലുള്ള കൊല്‍ക്കത്തന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്നും ദിവസങ്ങള്‍ക്കു മുമ്പ് മുന്‍ താരം സുനില്‍ ഗവാസ്ക്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഐ.പി,എല്ലില്‍ ഇനിയുള്ള മത്സരങ്ങള്‍ ധവാന് നിര്‍ണ്ണായകമാണ്, മികച്ച പ്രകടനങ്ങള്‍ ധവാന്റെ ബാറ്റില്‍നിന്ന് പിറന്നെങ്കിലെ ഇന്ത്യന്‍ ഓപ്പണറുടെ റോളില്‍ തുടര്‍ന്നും ധവാനെ കാണുവാന്‍ സാധിക്കൂ...