ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരം സര്‍ഫറാസ് ഖാന് ബാംഗ്ലൂര്‍ നായകന് വിരാട് കോലിയുടെ സമ്മാനം. ഒരു ബാറ്റും ഒരു ജോഡി ഗ്ലൗസുമാണ് കോലി ബാംഗ്ലൂരിലെ സഹതാരം സര്‍ഫറാസിന് സമ്മാനിച്ചത്.
'കോലി എന്നോട് നന്നായി പരിശ്രമിക്കാന്‍ പറഞ്ഞു. എന്റെ ലക്ഷ്യം പൂര്‍ത്തികരിക്കാനുള്ള അമ്പും വില്ലുമാണത്. എന്നെ സംബന്ധിച്ച് ഈ സമ്മാനം വളരെ പ്രിയപ്പെട്ടതാണ്'. കോലിയുടെ സമ്മാനത്തെ കുറിച്ച് സര്‍ഫറാസ് പറയുന്നു. ഐ.പി.എല്‍ ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച സര്‍ഫറാസ് 66 റണ്‍സാണ് നേടിയത്.
2015 ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ 21 പന്തില്‍ 45 റണ്‍സടിച്ച സര്‍ഫറാസിനെ കോലി സ്വീകരിക്കുന്ന രംഗം വളരെയേറെ ചര്‍ച്ചയായിരുന്നു. സര്‍ഫറാസിന്റെ പ്രകടനത്തെ അഭിനന്ദിച്ച കോലി തൊഴുകൈയോടെയാണ് മുംബൈ താരത്തെ സ്വീകരിച്ചത്.
ആ വര്‍ഷം 13 മത്സരങ്ങളില്‍ നിന്ന് 111 റണ്‍സാണ് സര്‍ഫറാസ് സ്വന്തം പേരില്‍ കുറിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 താരമായ സര്‍ഫറാസ് ഹാര്‍ഡ് ഹിറ്റിങ് ബാറ്റ്സ്മാന് എന്ന നിലയിലാണ് അറിയപ്പെടുന്നത്. 2016 അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ സര്‍ഫറാസ് നിര്‍ണായക പങ്കാണ് വഹിച്ചത്.