ഇന്ത്യയുടെ ഭാവി വാഗ്ദാനമെന്ന് വിശേഷണം ചേരും ഹരിദ്വാറുകാരൻ ഋഷഭ് പന്തിന്. ഐപിഎല്ലിൽ രാജ്കോട്ടിൽ നടന്ന ഡല്‍ഹി-ഗുജറാത്ത് മത്സരത്തിലല്ല ഋഷഭിനെ ആദ്യമായി ക്രിക്കറ്റ് ലോകം കാണുന്നത്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലാണ് ഈ 18 കാരനെ ക്രിക്കറ്റ് ലോകം ആദ്യമായി ശ്രദ്ധിക്കുന്നത്.

നേപ്പാളിനെതിരെ ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിൽ അണ്ടര്‍ 19  ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധസെഞ്ച്വറി നേടിയതോടെയാണ് പന്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. വെറും 18 പന്തുകളില്‍ നിന്നാണ്  ഋഷഭ് അന്ന് അര്‍ദ്ധസെഞ്ച്വറി  നേടിയത്. 24 പന്തുകള്‍ നേരിട്ട് 78 റണ്‍സ് നേടി പുറത്തായി. നേപ്പാൾ ഉയര്‍ത്തിയ 170 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 18.1 ഓവറില്‍ ഇന്ത്യ മറികടന്നതിന്റെ പ്രധാന കാരണക്കാരന്‍ പന്തായിരുന്നു.

അടുത്ത മത്സരത്തില്‍ ഇതിലും മികച്ച ഇന്നിങ്സാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നമീബിയയ്‌ക്കെതിരെയുളള ക്വാട്ടർഫൈനലിൽ 96 പന്ത് നേരിട്ട  ഋഷഭ്  14 ഫോറുകളുടെയും രണ്ട് കൂറ്റന്‍ സിക്‌സറുകളുടെയും ബലത്തില്‍ 111 റണ്‍സാണ് അടിച്ചു കൂട്ടിയത്. പന്തിന്റെ സെഞ്ച്വറിയുടെയും സര്‍ഫറാസ് ഖാന്‍ (76) അര്‍മന്‍ ജാഫര്‍ (64) എന്നിവരുടെ അര്‍ധസെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ അടിച്ചുകൂട്ടിയത് ആറ് വിക്കറ്റിന് 349 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ 152 റണ്‍സിന് പുറത്താക്കി ഇന്ത്യ 197 റണ്‍സിന്റെ വിജയം ആഘോഷിച്ചു.

പന്തിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. എന്നാല്‍ സെമിയിലും ഫൈനലിലും തിളങ്ങാനായില്ല. 2015 ഒക്ടോബറില്‍ ഡല്‍ഹിക്കായി രഞ്ജിയില്‍ അരങ്ങേറിയ പന്ത്‌ തന്റെ രണ്ടാം മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി നേടി. 

ഐ.പി.എൽ ലേലത്തിൽ അടിസ്ഥാന വില 10 ലക്ഷമായിരുന്നുവെങ്കിലും 1.9 കോടി മുടക്കിയാണ് ഡല്‍ഹി  ഋഷഭിനെ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലൊന്നും തിളങ്ങാന്‍ പറ്റാതെപ്പോയ അദ്ദേഹത്തിന് ഗുജറാത്തിനെതിരെയുളള മത്സരം തന്റെ കഴിവ് എന്താണെന്ന് കാണിക്കാനുളള അവസരമായിരുന്നു. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ പന്ത് തനിക്ക് കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി.

40 പന്ത് നേരിട്ട അദ്ദേഹം ഒന്‍പത് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പടെയാണ് 69 റണ്‍സ് നേടിയത്. ഇതോടെ എെ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്റ്സ്മാൻ ആയിരിക്കുകയാണ് ഈ ഹരിദ്വാറുകാരൻ. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ പന്ത് ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ദാനമായാണ് അറിയപ്പെടുന്നത്.