ഐപിഎല്‍ ഫൈനല്‍ ശാപം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിട്ടൊഴിയുന്നില്ല. ഒമ്പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ ഫൈനല്‍ അടിയറവെക്കുമ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഇത് മൂന്നാംതവണയാണ് ബാംഗ്ലൂര്‍ കിരീടം കൈവിടുന്നത്.
മുമ്പ് രണ്ട് തവണ ഐപിഎല്‍ ഫൈനലില്‍ എത്തിയപ്പോഴും തോല്‍ക്കാനായിരുന്നു ബാംഗ്ലൂരിന് വിധി. മൂന്ന് തവണയും ബാംഗ്ലൂര്‍ രണ്ടാമത് ബാറ്റ് ചെയ്താണ് തോറ്റത്.
2009, 2011 സീസണുകളിലായിരുന്നു ബാംഗ്ലൂര്‍ ഇതിനു മുമ്പ് ഫൈനലില്‍ എത്തിയത്. 2009ല്‍ ഡെക്കാന്‍ ചാര്ജേ്സിനോടും 2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടുമായിരുന്നു ബാംഗ്ലൂരിന്റെ തോല്‍വി.
ഒമ്പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് എട്ട് റണ്‍സിനാണ് തോല്‍വി വഴങ്ങിയതെങ്കില്‍ 2009 സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനോട് ബാംഗ്ലൂര്‍ അടിയറവ് പറഞ്ഞത് ആറ് റണ്‍സിനാണ്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ബാംഗ്ലൂരിനെതിരെ ഡെക്കാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 143 റണ്‍സ്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂര്‍ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു.
മറ്റ് രണ്ട് ഫൈനലുകളില്‍ നിന്ന് വ്യത്യസ്തമായി 2011ല്‍ ആധികാരികമായാണ് ചെന്നൈ ബാംഗ്ലൂരിനെ തോല്പിച്ചത്.
52 പന്തില്‍ 95 റണ്‍സെടുത്ത മുരളി വിജയിന്റെ മികവില്‍ ചെന്നൈ അടിച്ചുകൂട്ടിയത് 205 റണ്‍സ്. മത്സരത്തില്‍ ബാംഗ്ലൂരിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സിലൊതുങ്ങി.