ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കളത്തിലിറങ്ങുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കളികാണും. കാരണം മൂന്ന് മലയാളിമക്കള്‍ ടീമിലുണ്ട്. തിരുവനന്തപുരം സ്വദേശി സഞ്ജു സാംസണ്‍, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ചെങ്ങന്നൂരില്‍ വേരുകളുള്ള കരുണ്‍ നായര്‍, അര്‍ധമലയാളിയായ ശ്രേയസ് അയ്യര്‍. രണ്ട് പേര്‍ക്കെങ്കിലും അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പാണ്. പലകാലങ്ങളിലായി മൂവരേയും പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡാണ് ഡല്‍ഹിയുടെ മുഖ്യഉപദേഷ്ടാവ്.

ദേശീയ ടീമില്‍തന്നെ കേരളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു. ഇന്ത്യക്കായി ഒരു ട്വന്റി-20 മത്സരത്തില്‍ കളിച്ചിട്ടുള്ള ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് 48 ഐ.പി.എല്‍. മത്സരങ്ങളില്‍ നിന്നായി ആയിരത്തിലേറെ റണ്‍സുണ്ട്. ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ മലയാളി താരത്തിനാണ്.

രാഹുല്‍ദ്രാവിഡ് രാജസ്ഥാന്‍ ടീമിന്റെ ഉപദേഷ്ടാവായതിനുശേഷമാണ് സഞ്ജു ഐ.പി.എല്ലില്‍ മികച്ചതാരമായി വളരുന്നത്. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്റെ പ്രധാനതാരങ്ങളിലൊരാളായിരുന്നു. തിരുവനന്തപുരം സ്വദേശിയായ വിശ്വനാഥന്റെയും ലിജിയുടെയും മകനാണ് ഈ ഇരുപത്തൊന്നുകാരന്‍.

Karun Nair

ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ കരുണ്‍ നായര്‍  വളര്‍ന്നതും പഠിച്ചതുമെല്ലാം അവിടെത്തന്നെ. രഞ്ജിയില്‍ കളിക്കുന്നതും കര്‍ണാടകയ്ക്ക്.  മലയാളികളായ കലാധരന്‍ നായരുടെയും പ്രേമാ നായരുടെയും മകനാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍.

2014-2015 രഞ്ജി സീസണില്‍ കര്‍ണാടകയ്ക്കായി തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍ നേടിയാണ് കരുണ്‍ ശ്രദ്ധനേടുന്നത്. സീസണില്‍ ജേതാക്കളായ കര്‍ണാടകയ്ക്ക്‌ഫൈനലില്‍  ഇന്നിങ്‌സ് ജയം സമ്മാനിച്ചത് കരുണ്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറി (328) ആണ്. 2013-ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായി ഐ.പി.എല്ലില്‍ എത്തിയ കരുണിനെ ദ്രാവിഡാണ് രാജസ്ഥാനിലെത്തിക്കുന്നത്. ഇത്തവണ രാജസ്ഥാനില്‍നിന്ന് സഞ്ജുവിനൊപ്പം കരുണും ഡല്‍ഹിയിലിടം നേടി.

Sreyas Iyer

കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യര്‍ തൃശ്ശൂര്‍ സ്വദേശി സന്തോഷ് അയ്യരുടെ മകനാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി താരമായി ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളില്‍ അടിച്ചുകൂട്ടിയത് 439 റണ്‍സാണ്. 

2014-2015 രഞ്ജി സീസണില്‍ മുംബൈക്കായി രണ്ട് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ എടുത്ത 807 റണ്‍സാണ് ഇരുപതുകാരനായിരുന്ന ശ്രേയസ്സിനെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഇന്ത്യയുടെ അണ്ടര്‍-19 ലോകകപ്പ് ടീമിലും അംഗമായിരുന്നു ശ്രേയസ്.