തുടരെ തോല്‍വികളെ അഭിമുഖികരിക്കുമ്പോഴും ധോനി ഇര്‍ഫാന്‍ പഠാന്‍ കാണുന്നില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം നിരന്തരം പരാജയപ്പെടുമ്പോഴും പത്താനെ മാത്രം പരിഗണിക്കുന്നില്ല. ആകെ ഒരു മത്സരത്തിലാണ് പഠാനെ ധോനി കളിപ്പിച്ചത് ആ മത്സരത്തിലാകട്ടെ ആകെ ഒരോവര്‍ മാത്രമാണ് നല്‍കിയത്. ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടു കൊടുത്ത പഠാന്‍ പക്ഷേ പിന്നീടൊരോവര്‍ ധോനി നല്‍കിയില്ല. 

ഈ വര്‍ഷം ജനവരിയില്‍ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 മത്സരങ്ങളില്‍ നിന്ന് 200 റണ്‍സും 17 വിക്കറ്റുകളുമാണ് ഈ ബറോഡക്കാരന്‍ നേടിയത്. എന്നിട്ടും എന്തുകൊണ്ടാണ് ധോനി പഠാനെ ടീമിലെടുക്കാത്തതെന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നപ്പോഴും ഇര്‍ഫാന്റെ ഗതി ഇതുതന്നെയായിരുന്നു.

2004 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റം. കപില്‍ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന് വാഴ്ത്തപ്പെട്ട പഠാന്‍ 2006 ല്‍ പാകിസതാനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യ ഓവറില്‍ ഹാട്രിക്ക് നേടുന്ന ബൗളറായി.

എന്നാല്‍ 2007 ല്‍ ബൗളിങ്ങില്‍ ഫോം നഷ്ടപ്പെട്ട പഠാന്‍ ടീമില്‍ നിന്നും പുറത്തായി. അപ്പോഴും പഠാനെന്ന ബാറ്റ്‌സ്മാന്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. 

പഠാന്‍ പിന്നീട് ടീമിലേക്ക് തിരിച്ചു വരുന്നത് 2007 ല്‍ ദക്ഷണാഫ്രിക്കയില്‍ വെച്ച് നടന്ന ആദ്യ ട്വന്റി-20 ലോകകപ്പിലാണ്. ഇന്ത്യക്ക് ആ ലോകകപ്പ് നേടി കൊടുക്കുന്നതില്‍ പഠാന്റെ ബൗളിങ് പ്രധാന പങ്കുവഹിച്ചു. ഫൈനലില്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടിയ പഠാനായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

അടുത്ത ഒരു വര്‍ഷം ടീമിലെ സ്ഥിര അംഗമായിരുന്നു പഠാന്‍. 2007 അവസാനത്തോടെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട പഠാന്‍ തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയാണത് ആഘോഷിച്ചത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ പിടിച്ചു നില്‍ക്കാന്‍ പഠാന് സാധിച്ചില്ല. ബൗളിങ്ങിലെ ഫോമിലായ്മയും പരിക്കും പഠാന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം തെറിപ്പിച്ചു. 2008 ഏപ്രിലില്‍ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ 24-ാം വയസ്സിലാണ് പഠാന്‍ അവസാനമായൊരു ടെസ്റ്റ് മത്സരം കളിക്കുന്നത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായുള്ള മികച്ച പ്രകടനം 2011 ല്‍ വീണ്ടും പഠാനെ ഏകദിന ടീമില്‍ സ്ഥാനം നേടി കൊടുത്തു.

തിരിച്ചു വരവില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പഠാന് സാധിച്ചു. 2012 ല്‍ ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ പഠാന്‍ തന്റെ സ്ഥാനം ടീമില്‍ ഉറപ്പിച്ചു. എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്ക് പഠാനെ വലച്ചു. ടീമില്‍ നിന്നും പഠാന്‍ വീണ്ടും പുറത്തായി. 2014 ല്‍ ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായി പഠാന്‍ വീണ്ടും മടങ്ങിയെത്തി. 2016 ല്‍ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. 2016 ഐപിഎല്‍ ലേലത്തില്‍ അടിസ്ഥാന വിലയായ 1 കോടി രൂപയ്ക്ക് പുണെ പഠാനെ സ്വന്തമാക്കി. എന്നാല്‍ ഇതു വരെ ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തെ പുണെ കളിപ്പിച്ചത്.

4

പഠാനെ ക്യാപ്റ്റന്‍ ധോനി മനപ്പൂര്‍വം കളിപ്പിക്കാത്തതാണ് പഠാന്റെ ശാപമാണ് പുണെയുടെ തോല്‍വികള്‍ക്ക് പിന്നില്‍ എന്നാരോപിച്ച് ധാരാളം ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാത്രമല്ല ശശി തരൂര്‍ എം.പി തന്റെ ട്വിറ്ററില്‍ പഠാന്‍ മറ്റേതൊരു ടീമിലായിരുന്നെങ്കിലും കളിക്കുമായിരുന്നു പുണെയിലായതുക്കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിക്കാത്തത് എന്ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

പുണെ ബൗളര്‍മാരില്‍ അശ്വിനും, ആര്‍.പി സിങ്ങും, ഇഷാന്ത് ശര്‍മ്മയും, രജത് ഭാട്ടിയയും, അശോക് ദിന്‍ഡയും നിരന്തരം പരാജയപ്പെടുമ്പോഴും ഇര്‍ഫാന്‍ പഠാനെ പരീക്ഷിക്കാന്‍ ധോനി എന്താണ് മടികാണിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.ലോകക്രിക്കറ്റില്‍ തന്നെ 1000 റണ്‍സും 100 വിക്കറ്റും വേഗത്തില്‍ നേടിയതിന്റെ റെക്കോഡും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗത്തിലുളള 100 വിക്കറ്റ് നേട്ടമെന്ന റെക്കോഡും ഇര്‍ഫാന്‍ പഠാന്റെ പേരിലാണ്.

 

2

3

1