ബെംഗളൂരു: ഐപിഎല്ലില്‍ ഒന്നാം ക്വാളിഫെയറില്‍ ശരിക്കും താരമായത് ഗുജറാത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കാണ്. ബാംഗ്ലൂരിന്റെ ബാറ്റിങ് തുടങ്ങി നാല് ഓവറും നാല് പന്തും പിന്നിട്ടപ്പോഴായിരുന്നു ഗാലറിയിലെയും ടിവിയില്‍ മത്സരം കാണുകയായിരുന്ന ആരാധകരെയും ചിരിപ്പിച്ച നിമിഷമെത്തിയത്.

രവീന്ദ്ര ജഡേജയെറിഞ്ഞ പന്ത് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍ വാട്‌സന്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചത് സ്ലിപ്പിലുണ്ടായിരുന്ന ഡ്വെയ്ന്‍ സ്മിത്തിന്റെ കൈകളില്‍ വിശ്രമിച്ചു. എന്നാല്‍ പന്ത് എവിടേക്ക് പോയതെന്നറിയാതെ ക്യാച്ച് ചെയ്യാനായി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു കാര്‍ത്തിക്.

ഏതായാലും കാര്‍ത്തിക്കിന്റെ അന്തം വിട്ടുള്ള നില്‍പ്പ് സോഷ്യല്‍ മീഡിയ നന്നായി ആഘോഷിച്ചു. ധോനിക്ക് പകരം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി കാര്‍ത്തിക്കിനെ എടുക്കാമെന്നായിരുന്നു ധോനി ഹെയ്‌റ്റേഴ്‌സിന്റെ കമന്റ്. കാര്‍ത്തിക്ക് സമയത്തിന്റെ കാര്യത്തില്‍ അഞ്ച് മിനിറ്റ് പുറകിലാണെന്നും ട്രോളുകള്‍ വന്നു. മത്സരത്തില്‍ ഗുജറാത്തിനായി 30 പന്തില്‍ 26 റണ്‍സാണ് ദിനേശ് കാര്‍ത്തിക്ക് സ്‌കോര്‍ ചെയ്തത്.

വീഡിയോ കടപ്പാട്: ഐപിഎല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ്