ഒമ്പതാം ഐപിഎല്‍ സീസണ് അവസാനിച്ചപ്പോള്‍ കപ്പും അടിച്ചുമാറ്റി സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയി. എന്നാല്‍ ടീം കപ്പടിച്ചതിനൊപ്പം കാണികളുടെയെല്ലാം ഹൃദയം കവര്‍ന്ന ഒരു കായംകുളം കൊച്ചുണ്ണി ഹൈദരാബാദ് ടീമിലുണ്ടായിരുന്നു. ബെഞ്ചമിന്‍ കോളിന് ജെയിംസ് കട്ടിങ് എന്ന ബെന്‍ കട്ടിങ്.
2006-ല്‍ ആസ്ട്രേലിയയുടെ അണ്ടര്‍ 19 ടീമില്‍ കയറിയായിരുന്നു കട്ടിങ്ങിന്റെ കരിയറിന്റെ തുടക്കം. ഇക്കണോമി റേറ്റ് നല്ലതായിരുന്നുവെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 2007-ല്‍ ക്വീന്സ്ലാന്ഡ് ടീമിനൊപ്പം ചേര്‍ന്ന കട്ടിങ് ഏവരേയും തന്റെ പ്രതിഭകൊണ്ട് അത്ഭുതപ്പെടുത്തി. 2006-2007 ല്‍ നടന്ന ആഷസ് പരമ്പരയില്‍ ഫീല്‍ഡിംഗ് പകരക്കാരനായും കട്ടിങ് കളത്തിലിറങ്ങി.
2013 ജനവരി 13നാണ് കട്ടിങ്ങിന്റെ കരിയറിന്റെ സുപ്രധാനഘട്ടം തുടങ്ങുന്നത്. അന്നായിരുന്നു കട്ടിങ് ആദ്യമായി ഒരു അന്താരാഷ്ട്ര ഏകദിന മല്‍സരത്തിനായി ബാറ്റേന്തുന്നത്. അതേ മാസം 26ന് അന്താരാഷ്ട്ര ട്വന്റി ട്വന്റിയിലും കട്ടിങ് അരങ്ങേറ്റം കുറിച്ചു.
വലങ്കയ്യന്‍ ബാറ്റിങ്രീതി പിന്തുടരുന്ന കട്ടിങ് ബൗളിംഗില്‍ വലങ്കയ്യന്‍ മീഡിയം ഫാസ്റ്റാണ് എതിരാളികളെ എറിഞ്ഞിടാന്‍ സ്വീകരിച്ചുവരുന്നത്. 2014 ല്‍ നടന്ന ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് കട്ടിങ്ങിനെ റാഞ്ചിയത്. അന്ന് ഒരു മല്‍സരം മാത്രം കളിച്ച കട്ടിങ് 24 ബോളില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
2016-ല്‍ പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു. സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം ചേരുമ്പോള്‍ ഒരുപക്ഷേ ഈ ഇരുപത്തൊമ്പതുകാരന് പോലും വിചാരിച്ചിരിക്കില്ല തന്റെ തലവര മാറ്റിമറിക്കാന്‍ പോകുന്ന സീസണായിരിക്കും ഇതെന്ന്. എം.എസ്.ധോനി, ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, യുവരാജ് സിംഗ്, ആരോണ്‍ ഫിഞ്ച് മുതലായ സൂപ്പര്‍ താരങ്ങളുടെ പേരിനൊപ്പം കട്ടിങ് എന്ന ആറടി നാലിഞ്ച് ഉയരക്കാരന്റെ പേരും ചേര്‍ക്കപ്പെടാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. ഗുജറാത്ത് ലയണ്‍സിനെതിരെ നടന്ന മല്‍സരത്തിനിടെ പിറന്ന അത്യുഗ്രന്‍ ക്യാച്ചോടെ മികച്ച ഫീല്‍ഡര്‍ എന്ന പേരിന് കട്ടിങ് എന്ന പര്യായം ചേര്‍ക്കാമെന്ന അവസ്ഥയും വന്നു.
ഒമ്പതാം സീസണിന്റെ അവസാന മല്‍സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും 15 ബോളില്‍ 35 റണ്‍സും കട്ടിങ് സ്വന്തമാക്കി. അവസ്ഥയറിഞ്ഞ് കളിക്കുക എന്ന രീതിയാണ് കട്ടിങ്ങിന്റേത്. 180 നും 190നും ഇടയിലുള്ള ഒരു സ്കോറായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന മല്‍സരശേഷമുള്ള ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വാക്കുകള്‍ മാത്രം മതി കട്ടിങ് എന്ന കളിക്കാരന്റെ യഥാര്‍ത്ഥ റേഞ്ച് മനസിലാക്കാന്‍.
പത്തില്‍ താഴെ മാത്രം ഐപിഎല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഒരാളാണ് ഈ സീസണ് കഴിഞ്ഞപ്പോള്‍ സംസാരവിഷയമായതെങ്കില് വരാനിരിക്കുന്ന ഒരു കൊടുങ്കാറ്റിന്റെ സൂചനയായി വേണമെങ്കില്‍ ഇതിനെ കാണാവുന്നതാണ്.