ലീല്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് വിടുതല്‍ നേടാന്‍ ഒപ്പംനിന്നെങ്കിലും വെയ്ല്‍സിനെ ഇപ്പോള്‍ ഇംഗ്ലണ്ടുകാര്‍ അസൂയയോടെയാണ് നോക്കുന്നത്. യൂറോകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനോട് തോറ്റുപുറത്തായപ്പോള്‍, വെയ്ല്‍സ് സെമിഫൈനലില്‍ കാലൂന്നി നില്‍ക്കുകയാണ്. 

ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയത്തെ 3-1ന് തോല്പിച്ചാണ് വെയ്ല്‍സ് സെമിയില്‍ കടന്നത്. ഈ മത്സരത്തിലെ ഗോള്‍സ്‌കോറര്‍മാരെല്ലാം ഇംഗ്ലീഷുകാരാണെന്നത് ഇംഗ്ലണ്ടിന്റെ സങ്കടം ഇരട്ടിപ്പിക്കുന്നു. മാത്രമല്ല, 23 അഗ വെയ്ല്‍സ് ടീമിലെ ഒമ്പതുപേര്‍ ഇംഗ്ലണ്ടില്‍ ജനിച്ചവരാണ്. 

ക്യാപ്റ്റന്‍ ആഷ്‌ലി വില്യംസ്, റോബ്‌സണ്‍ കാനു, സാം വോക്‌സ് എന്നിവരാണ് ബെല്‍ജിയത്തിനെതിരെ വെയ്ല്‍സിനായി ഗോളടിച്ചത്. മൂവര്‍ക്കും വെയ്ല്‍സിലേക്ക് വഴിതുറന്നത് അവരുടെ വെല്‍ഷ് പാരമ്പര്യവും. 

ബെല്‍ജിയത്തിനെതിരെ 'യോഹാന്‍ ക്രൈഫ് ടേണി'ലൂടെ അദ്ഭുതഗോള്‍ നേടിയ റോബ്‌സണ്‍ കാനു ഇംഗ്ലണ്ടിനായി അണ്ടര്‍ 19, അണ്ടര്‍ 20 ടീമുകളില്‍ കളിച്ചതാരമാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ആക്ടണില്‍ ജനിച്ച കാനു 2010ലാണ് വെയ്ല്‍സിലേക്ക് കുടിയേറിയത്.

വെയ്ല്‍സുകാരിയായ അമ്മൂമ്മ എലിസബത്ത് റോബ്‌സണിലൂടെയാണ് കാനുവിന്‌ െവയ്ല്‍സ് പാരമ്പര്യം അവകാശപ്പെടാനായത്. 2010ല്‍ വെയ്ല്‍സ് അണ്ടര്‍ 21 ടീമിലൂടെ കാനു പുതിയതട്ടകത്തില്‍ കളി തുടങ്ങി. അച്ഛന്‍ വഴി നൈജീരിയയ്ക്കുവേണ്ടിയും കളിക്കാന്‍ കാനുവിന് കഴിയും. എന്നാല്‍, വെയ്ല്‍സില്‍ത്തന്നെ ഉറച്ചുനില്‍ക്കാന്‍ കാനു തീരുമാനിക്കുകയായിരുന്നു.

വെയ്ല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ആഷ്‌ലി വില്യംസ് വോള്‍വര്‍ഹാംപ്ടണിലാണ് ജനിച്ചത്. അമ്മയുടെ അച്ഛന്‍ ബില്‍ റോലണ്ട്‌സാണ് വില്യംസിന്റെ വെല്‍ഷ് ബന്ധം ഉറപ്പിച്ചത്. 

വെയ്ല്‍സിന്റെ മുന്‍ യൂത്ത് കോച്ച് ബ്രയന്‍ ഫ്‌ലിന്നാണ് വില്യംസിനെ വെയ്ല്‍സിലെത്തിച്ചത്. ആഷ്‌ലി എന്ന പേരിന് വെയ്ല്‍സുമായി എന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്ന് ഫഌന്‍ അന്വേഷിച്ചപ്പോഴാണ് വില്യംസും അതേക്കുറിച്ച് ആലോചിച്ചത്. അങ്ങനെ 2008 മുതല്‍ വില്യംസ് വെയ്ല്‍സുകാരനായി.

സാം വോക്‌സിനെ വെയ്ല്‍സിലെത്തിച്ചതിനും നന്ദി പറയേണ്ടത് ഫ്‌ലിന്നിനോടാണ്. സതാംപ്ടണില്‍ ജനിച്ച് അവിടെ ഇംഗ്ലീഷുകാരനായി വളര്‍ന്ന വോക്‌സിന്റെ അപ്പൂപ്പന്‍ മൈക്ക് ഫിഞ്ച് വെയ്ല്‍സുകാരനാണ്. ഫഌന്‍ അന്വേഷിക്കുന്നതുവരെ അപ്പൂപ്പന്‍ എവിടുത്തുകാരനാണെന്നുപോലും തനിക്കറിയില്ലായിരുന്നെന്ന് വോക്‌സും പറയുന്നു. 2008 മുതല്‍ വോക്‌സ് വെയ്ല്‍സ് നിരയിലുണ്ട്.

ഇംഗ്ലണ്ടില്‍ ജനിച്ച് വെയ്ല്‍സിന് കളിക്കുന്ന ഒമ്പതുകളിക്കാരാണ് ഈ ബ്രിട്ടീഷ് രാജ്യത്തുനിന്നുള്ളത്. ഇംഗ്ലണ്ടില്‍ കളിപഠിച്ചാണ് വെയ്ല്‍സ് നിരയിലെ താരങ്ങളെല്ലാം വളര്‍ന്നതും. കഴിഞ്ഞസീസണില്‍ ഇംഗ്ലണ്ടില്‍ കളിക്കാതിരുന്ന രണ്ടുതാരങ്ങള്‍ മാത്രമേ വെയ്ല്‍സ് ടീമിലുള്ളൂ. സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ ഗാരേത് ബെയ്‌ലും സ്‌കോട്ട്‌ലന്‍ഡ് ടീം ഇന്‍വര്‍നെസ്സില്‍ കളിക്കുന്ന ഒവെയ്ന്‍ ഫോണ്‍ വില്യംസും.