ലതു വിങ്ങില്‍ നിന്ന് ആരോണ്‍ റാംസി നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് സ്വീകരിച്ച്, ബെല്‍ജിയത്തിന്റെ മൂന്ന് പ്രതിരോധ താരങ്ങളെ ഒരു പോലെ കബളിപ്പിച്ച്, ഗോള്‍കീപ്പര്‍ തിബൗട്ട് കുര്‍ട്ടോയിസിനെയും മറികടന്ന് ഹോള്‍ റോബ്‌സണ്‍ കാനു വെയ്ല്‍സിനായി ലക്ഷ്യം കണ്ടപ്പോള്‍ ആ പന്ത് ചെന്നു വീണത് ചരിത്രത്തിന്റെ വലയിലാണ്. ഹോളണ്ടിന്റെ ഇതിഹാസ താരം യൊഹാന്‍ ക്രൈഫിന്റെ 180 ഡിഗ്രി തിരിഞ്ഞുള്ള ഗോള്‍ശൈലി ഒരു നിമിഷം ആരാധകരുടെ മനസ്സിലൂടെ കടന്നു പോയി. 

പന്തിന്റെ ദിശ എങ്ങോട്ടാണെന്ന് ഡിഫന്‍ഡർമാർക്ക് പിടികിട്ടാത്ത രീതിയില്‍ വെട്ടിയൊഴിഞ്ഞ്, നേരെ എതിര്‍ ഭാഗത്തേക്ക് തിരിഞ്ഞ് ക്രൈഫ് നേടിയ ഗോളുകളെ അനുസ്മരിപ്പിക്കുന്നതായിരുന്നു കാനുവിന്റെ ഗോള്‍.

kanu goal

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷെര്‍ദന്‍ ഷാഖിരി നേടിയ ബൈസിക്കിള്‍ ഗോളിനും ക്രിസ്റ്റിയാനൊ റൊണാള്‍ഡോ അടിച്ച ബാക്ക് ഹീല്‍ ഗോളിനും ശേഷം ഈ യൂറോയില്‍ കണ്ട ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്. കാനുവിന്റെ ആ ഗോള്‍ തന്നെയാണ് മത്സരത്തില്‍ വെയ്ല്‍സിന് നിര്‍ണായകമായ മുന്‍തൂക്കം നല്‍കിയതും. 

കാനുവിന്റെ ഗോള്‍

വെയ്ല്‍സിന്റെ വിങ്ങറായ ഇരുപത്തിയേഴുകാരനായ കാനു ആറ് വര്‍ഷത്തോളമായി ടീമിനൊപ്പമുണ്ട്. 34 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ മാത്രമാണ് കാനുവിന്റെ സമ്പാദ്യം. 2007 മുതല്‍ 2016 വരെ ഇംഗ്ലണ്ടിലെ രണ്ടാം നിര ലീഗില്‍ കളിക്കുന്ന റീഡിങ്ങിനായി കളിച്ച കാനു കളി മതിയാക്കി വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്താണ് യൂറോ കപ്പിനുള്ള വെയ്ല്‍സ് ടീമിലേക്കുള്ള വിളി വന്നത്.ഈ ഗോള്‍ കണ്ട് ഇനി മുന്‍നിര ക്ലബ്ബുകളില്‍ നിന്ന് കാനുവിന് 'കോള്‍' വരുമെന്നുറപ്പ്!

ക്രൈഫിന്റെ പ്രകടനം