ഫ്രാന്‍സിലെ സെന്റ് എറ്റിയനില്‍  ഐസ്‌ലന്‍ഡിന്റെ ഫിഫയുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് രാജ്യത്തിന്റെ ജനസംഖ്യയുടെ എട്ട് ശതമാനം പേരാണ്. ഇന്ത്യയില്‍ നിന്ന് ഇത്രയും പേര്‍ കളി കാണാന്‍ വരുന്ന ഒരു രംഗം ഒന്ന് ഓര്‍ത്തുനോക്കൂ.

ഞെട്ടണ്ട ആകെ ഇരുപത്തിയേഴായിരത്തോളമേ വരു ഗ്യാലറിയിലെ ഐസ്‌ലന്‍ഡിലെ സംഖ്യ. മൂന്ന് ലക്ഷത്തിമുപ്പതിനായിരം പേരാണ് രാജ്യത്ത് ആകെയുള്ളത്. നൂറു കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്ന് എട്ട് ശതമാനം പേര്‍ ഇന്ത്യയുടെ ഒരു കളി കാണാന്‍ പോയാലോ. ഐസ്‌ലന്‍ഡ് ഇന്ത്യയല്ല. ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒരുപാട് കണ്ടു പഠിക്കാനുണ്ട് ഈ കൊച്ച് സ്‌കാന്‍ഡിനേവിയന്‍ ദ്വീപില്‍ നിന്ന്.

2010ല്‍ ഫിഫ റാങ്കിങ്ങിൽ  142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ 163-ാം സ്ഥാനത്താണ് നൂറുകോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ടീം. 2010ല്‍ 112-ാം സ്ഥാനത്തായിരുന്നു കുഞ്ഞ് ഐസ്‌ലന്‍ഡ്. ആറു കൊല്ലം കഴിഞ്ഞ് യൂറോ കപ്പില്‍ കളിക്കാന്‍ പാരിസിലെത്തുമ്പോള്‍ 34-ാം റാങ്കുകാരാണ് അവർ. കന്നി അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വരച്ചവരയില്‍ നിര്‍ത്തി നെഞ്ചുവിരിച്ചുനില്‍ക്കുകയാണവര്‍. യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഗോൡലേയ്ക്കുള്ള വഴിയറിയാതെ വിയര്‍ത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതികരണം തന്നെയാണ് ഐസ്‌ലന്‍ഡുകാര്‍ക്കുള്ള ഏറ്റവും വലിയ ബഹുമതി. പ്രതിരോധം, പ്രതിരോധം, പ്രതിരോധം, അവര്‍ പോസ്റ്റിന് മുന്നില്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു-മത്സരശേഷം രോഷത്തോടെ ക്രിസ്റ്റിയാനോ പറഞ്ഞു.

indoor football ground
ഐസ്‌ലന്‍ഡിലെ ഒരു ഇന്‍ഡോര്‍
ഫുട്‌ബോള്‍ സ്‌റ്റേഡിയം

2004ല്‍ കറുത്ത കുതിരകളായി വന്ന് യൂറോ സ്വന്തമാക്കി മടങ്ങിയ ഗ്രീസിന്റെ ചരിത്രം ഐസ്‌ലന്‍ഡ് ആവര്‍ത്തിച്ചാല്‍ അത്ഭുതമില്ലെന്ന് പോര്‍ച്ചുഗലിനെതിരായ മത്സരം സൂചിപ്പിക്കുന്നു. ആദ്യമായി യൂറോകപ്പില്‍ മുത്തമിടുമ്പോള്‍ മുപ്പത്തിയാറാം റാങ്കുകാരായിരുന്നു ഗ്രീസ്.

യൂറോയുടെ ഫൈനല്‍ റൗണ്ടിലേയ്ക്ക് യുവേഫയുടെ ഔദാര്യം പറ്റി വന്നവരല്ല ഐസ്‌ലന്‍ഡ്. യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനെയും തുര്‍ക്കിയെയുമൊക്കെ മറികടന്നാണ് അവരുടെ വരവ്. ആകെയുള്ള പത്ത് മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് അവര്‍ പാരിസിലെത്തിയത്. ഫിഫയുടെയും യുവേഫയുടെയും ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമെന്ന ബഹുമതിയോടെയാണ് അവര്‍ യൂറോ കളിക്കാനെത്തിയത്. ഇതിനും മുന്‍പ് ബ്രസീല്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്‌ളേഓഫിലാണ് അവര്‍ തോറ്റ് പുറത്തായത്.

യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പോര്‍ച്ചുഗലിനോട് ദയനീയ തോല്‍വി ഏറ്റുവാങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു ലോകം. എന്നാല്‍, 52-ാം മിനിറ്റില്‍ ബര്‍കിര്‍ യാര്‍നസണ്‍ പോര്‍ച്ചുഗലിന്റെ വല കുലുക്കിയതോടെ ഒരുപോലെ ഞെട്ടി ഗ്യാലറിയും ഫുട്‌ബോള്‍ലോകവും.

ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനെങ്ങും ഒരു പഠപുസ്തകമാണ് ഒന്നുമില്ലായ്മയില്‍ നിന്നുള്ള ഐസ്‌ലന്‍ഡിന്റെ വളര്‍ച്ച. അന്തരീക്ഷ താപനില -10 ഡിഗ്രിക്കും -25 ഡിഗി സെല്‍ഷ്യസിനുമിടയിലേയ്ക്ക് താഴുന്ന, കടുത്ത ശൈത്യത്തിന്റെ പിടിയില്‍ തണുത്തുറഞ്ഞുപോകുന്ന രാജ്യത്ത് മെയ് മുതല്‍ സ്പതംബര്‍ വരെയുള്ള അഞ്ച് മാത്രമാണ് അവിടെ പുറത്ത് ഫുട്‌ബോള്‍ കളിക്കാനാവുക. ശേഷിക്കുന്ന കാലം ശക്തമായ ഹിമക്കാറ്റ് വീശുന്ന നാട്ടിലെ ഗ്രൗണ്ടുകളെല്ലാം മഞ്ഞ്മൂടി കിടക്കുകയായിരിക്കും.

ഈ പ്രതികൂല സാഹചര്യത്തില്‍ ഏതെങ്കിലുമൊരു നിലവാരമുള്ള കളിക്കാരന്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാനാവില്ല. അല്‍പമെങ്കിലും പ്രതിഭയുള്ളവര്‍ ഇംഗ്ലണ്ടിലേയ്ക്കും ജര്‍മനിയിലേയ്ക്കും ബെല്‍ജിയത്തിലേയ്ക്കുമെല്ലാം കപ്പല്‍ കയറി. ബയറണിന്റെ താരമായിരുന്ന അസ്‌ഗെയ്ര്‍ സുഗുര്‍വിന്‍സണും ചെല്‍സിയുടെയും ബാഴ്‌സലോണയുടെയും താരമായ ആര്‍ണര്‍ ഗുഡ്‌ജോണ്‍സണുമെല്ലാം ഇങ്ങിനെ നാടുവിട്ടവരാണ്. വമ്പന്‍ ക്ലബ് താരങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തിന് ഒരു ടീമുണ്ടായില്ല. എന്നാല്‍, തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല കെ.എസ്.ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍. ആദ്യം ചെയ്തത് ഗ്രൗണ്ടുകളുടെ പോരായ്മ പരിഹരിക്കാന്‍ ഇന്‍ഡോര്‍ ഗ്രൗണ്ടുകള്‍ നിര്‍മിക്കുകയായിരുന്നു. 2000ല്‍ തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇന്‍ഡോര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ചു തുടങ്ങി. പതിനാറ് കൊല്ലമായപ്പൊഴേയ്ക്കും ഇത്തരത്തിലുള്ള പതിനഞ്ച് വലിയ ഇന്‍ഡോര്‍ ഗ്രൗണ്ടുകളും നൂറിലേറെ ചെറു ഗ്രൗണ്ടുകളും ലോകത്തിലെ ഏത് ടീമിനെയും വെല്ലാവുന്ന ഒരു ടീമും സ്വന്തമായി അവര്‍ക്ക്.

സ്‌റ്റേഡിയം നിര്‍മാണത്തോടൊപ്പം തന്നെ മികച്ച പരിശീലകരെയും സൃഷ്ടിച്ചു അസോസിയേഷന്‍. പരിശീലകരെ പുറത്ത് വിട്ട് യുവേഫയുടെ വിദഗ്ദ്ധ പരിശീലനം നല്‍കി തിരിച്ചുകൊണ്ടുവരികയായിരുന്നു അവര്‍. ഇന്ന് രാജ്യത്ത് യുവേഫയുടെ എ ലൈസന്‍സുള്ള 184 ഉം ബി ലൈസന്‍സുള്ള 594 ഉം പരിശീലകരുണ്ട്. ഓരോ 500 കളിക്കാര്‍ക്കും ഒരു യുവേഫ ലൈന്‍സുള്ള പരിശീലകന്‍ എന്നതാണ് കണക്ക്.

ഈ പരിശ്രമത്തിന്റെ ആകെത്തുകയാണ് കഴിഞ്ഞ ലോകകപ്പിന്റെയും ഇത്തവണത്തെ യൂറോകപ്പിന്റെയും യോഗ്യതാ മത്സരങ്ങളില്‍ കണ്ടത്. ഇപ്പോള്‍ പോര്‍ച്ചുഗല്‍ അനുഭവിച്ചത്.

23 തവണ പരിശ്രമിച്ചതിനുശേഷമാണ് അവര്‍ ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിന്റെ വക്കുവരെ എത്തിയതാണ്. നോര്‍വെയും സൈപ്രസും സ്വിറ്റ്‌സര്‍ലന്‍ഡും അല്‍ബേനിയയുമെല്ലാം ഉള്‍പ്പെട്ട ഗ്രൂപ്പിന്റെ കടമ്പ കടന്ന ഐസലന്‍ഡ് പ്‌ളേഓഫില്‍ ക്രൊയേഷ്യയോടാണ് തോറ്റത്.

ഭാരോദ്വാഹകരെയും ഹാന്‍ഡ്‌ബോള്‍ താരങ്ങളെയും മാത്രം ആരാധിച്ചുവന്ന ഐസ്‌ലന്‍ഡുകാരുടെ മനസ്സില്‍ ക്രമേണ ഫുട്‌ബോള്‍ താരങ്ങളായ സുഗുര്‍വിന്‍സണും ഗുഡ്‌ജോണ്‍സണും ഗുന്നാര്‍സണും ഹാല്‍ഡോര്‍സണുമെല്ലാം താരപദവിയോടെ ഇടം പിടിച്ചു. ഇന്നവര്‍ വെറും കളിക്കാരല്ല, ഞങ്ങളുടെ കുട്ടികള്‍ എന്ന് അര്‍ഥം വരുന്ന സ്ട്രാകാര്‍നിര്‍ ഒക്കാറാണ്.

ഐസ്‌ലന്‍ഡ് ടീമിനെ ഇങ്ങനെ മാറ്റിമറിക്കുന്നതില്‍ രണ്ട് പരിശീലകര്‍ക്കുമുണ്ട് കാര്യമായ പങ്ക്. നേരത്തെ നൈജീരിയയെയും സ്വീഡനെയും പരിശീലിപ്പിച്ച ലാര്‍സ് ലാഗെര്‍ബാക്കും ഒരു ദന്തരോഗ വിദഗ്ദ്ധന്‍ കൂടിയായ ഹെയ്മിര്‍ ഹാല്‍ഗ്രിംസണും. ഇവരുടെ ശിക്ഷണത്തിലാണ് ആറ് വര്‍ഷം കൊണ്ട് ടീം നൂറ് റാങ്കിനിപ്പുറത്തും യൂറോ കപ്പിലുമെത്തിയത്. യൂറോ ഒരു തുടക്കം മാത്രമാണ്. ലോകം ഐസ്‌ലന്‍ഡിന്റെ പോരാട്ടം കാണാനിരിക്കുന്നേയുള്ളൂ.