ലെ ബ്ലൂസ് എന്ന ഫ്രഞ്ച് പട, മികച്ച മാര്‍ജിനില്‍ ഐസ്‌ലന്‍ഡിനെ തോല്‍പിച്ച മത്സരത്തില്‍, അവരുടെ നിലവാരം ശരിക്കും പ്രകടമാക്കി. ഒരളവോളം ആതിഥേയര്‍ക്ക് ആവേശം പകരുന്നതത് തന്നെയായിരുന്നു ഈ വിജയമാര്‍ജിന്‍. ദിദിയര്‍ ഡെഷാംപ്‌സിന്റെ നിര്‍ദേശാനുസരണമുള്ള അവരുടെ തുടക്കത്തിലെ കുതിപ്പിന്റെ ഫലമാണ് ഒന്നാം പകുതിയിലെ 4-0 എന്ന അപ്രാപ്യമായ ലീഡ്. തുടക്കത്തില്‍ പിന്നാക്കം പോകുന്നത് ഫ്രാന്‍സിന് മേല്‍ സമ്മര്‍ദമേറ്റുമെന്ന് ഡെഷാംപ്‌സിന് നല്ലവണ്ണം അറിയാം. അത്രയ്ക്കും വലിയ പ്രതീക്ഷയാണ് രാജ്യം ടീമിന് മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്.

തുടക്കത്തില്‍ നേടിയ ഈ ഗോളുകള്‍ തുടര്‍ന്നുള്ള നിമിഷങ്ങളില്‍ ടീമിന് ഏറെ ഗുണം ചെയ്തുവെന്ന് പാട്രിക് എവ്‌റ തന്നെ സമ്മതിച്ചിട്ടുണ്ട്. 'പകുതി സമയത്ത് 4-0 എന്ന സ്‌കോറില്‍ ലീഡ് നേടിക്കഴിഞ്ഞാല്‍, പിന്നെ ആ മത്സരം നിങ്ങളുടെ ചൊല്‍പടിയിലാണ്.''  എല്ലാ നീക്കങ്ങളുടെയും തുടക്കത്തിലും ഒടുക്കത്തിലും പയെറ്റും പോഗ്ബയും ഗ്രീസ്മാനുമെല്ലാം ഉള്ളപ്പോള്‍ യാതൊരു തട്ടും തടവുമില്ലാതെ കുതിക്കുന്ന യന്ത്രമായി, ഫ്രഞ്ച് ടീം.  ഒത്തൊരുമയോടെ, എണ്ണയിട്ട യന്ത്രം പോലെ...

ഒന്നാം പകുതിയില്‍ ഫ്രാന്‍സ് യഥാര്‍ഥ ഫ്രഞ്ച് പോരാട്ടവീര്യം പ്രകടമാക്കി. അടുത്തത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പൊസിഷന്‍ കാത്തുപോരുന്നതില്‍ അവര്‍ കാട്ടിയ അച്ചടക്കരാഹിത്യം ഐസ്‌ലന്‍ഡിന് തിരിച്ചുവരവിനുള്ള അവസരം ഒരുക്കിക്കൊടുത്തു. അത്യന്തം അപകടകാരികളായ ഐസ്‌ലന്‍ഡുകാര്‍ അവര്‍ അര്‍ഹിച്ച രണ്ട് ഗോളുകള്‍ നേടുകയും ചെയ്തു.

ഞങ്ങള്‍ ഫ്രാന്‍സ് കണക്കുതീര്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതാണ് ജര്‍മന്‍ ടീമിനുള്ള വ്യക്തമായ സന്ദേശം. ഒരുപക്ഷേ, ഫ്രാന്‍സ് ഒന്നടങ്കം ഇപ്പോള്‍ പറയുന്നത് കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലിനെക്കുറിച്ചാണ്. ഇരുവരും തമ്മിലുള്ള ഫുട്‌ബോള്‍ വൈരം ഫ്രഞ്ച് ആരാധകര്‍ക്ക് ഏല്‍പിച്ച ആഘാതം ചെറുതല്ല.

കൂടുതല്‍ പറയുന്നതിന് മുന്‍പ് ചരിത്രത്തിലേയ്‌ക്കൊന്ന് കണ്ണെറിയേണ്ടതുണ്ട്. ജര്‍മനിയോടുള്ള ഫ്രഞ്ച് വൈരത്തിന് ഒരു വെറും കളി എന്നതിനപ്പുറം പ്രസക്തിയുണ്ട്. പ്രശസ്തമായ ഗാല്ലിക്ക് യുദ്ധത്തെക്കുറിച്ചുള്ള ജൂലിയസ് സീസറുടെ വിവരണത്തില്‍ ഫ്രഞ്ച്-ജര്‍മന്‍ വൈരത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഗൗളുകളും ജര്‍മന്‍കാരും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് സീസര്‍ പ്രതിപാദിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ഇരുവരും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് രക്തച്ചൊരിച്ചിലിന്റെ കഥകള്‍ ഏറെ പറയാനുണ്ട്. 1870ലെ ഫ്രാങ്കോ പ്രഷ്യന്‍ യുദ്ധം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. രണ്ടാം ലോകമഹായുദ്ധത്തില്‍ വൈരം അതിന്റെ പാരമ്യത്തിലെത്തി. അതിന്റെ ഫലമായി ജര്‍മനി പാരിസും ഫ്രാന്‍സുമെല്ലാം അവരുടെ അധീനതയിലാക്കി.

1982ല്‍ സെവിയ്യയിലെ ലോകകപ്പ് സെമിഫൈനല്‍ ഇപ്പോഴും നമ്മുടെ ഓര്‍മകളില്‍ നീറിക്കിടപ്പുണ്ട്. പകരക്കാരനായി ഇറങ്ങിയ പാട്രിക് ബാറ്റിസ്റ്റണ്‍ ജര്‍മന്‍ ഗോളി ഹാരോള്‍ഡ് ടോണി ഷുമാക്കറിനെ കബളപ്പിച്ചെങ്കിലും ഒടുവില്‍ മുഖത്ത് ഇടിയേറ്റ് വീഴുകയായിരുന്നു. കൈമുട്ടിന്റെ ഇടി. ബാറ്റിസ്റ്റണ് അന്ന് രണ്ട് പല്ലുകള്‍ നഷ്ടമായി. മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നു. നട്ടെല്ലിനും ക്ഷതമേറ്റു. എന്നിട്ടും ഡച്ച് റഫറി ജര്‍മന്‍ ഗോളി ഷുമാക്കറിനെതിരെ നടപടി കൈക്കൊണ്ടില്ല.

ഒരുവേള 3-1 എന്ന സ്‌കോറില്‍ ലീഡ് ചെയ്യുകയായിരുന്ന ഫ്രാന്‍സിനെതിരെ ജര്‍മനി സമനില നേടുകയും പിന്നീട് പെനാല്‍റ്റിയില്‍ അവരെ മറികടക്കുകയും ചെയ്തു. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉദ്വേഗജനകമായ സെമിഫൈനല്‍ പോരാട്ടമായിരുന്നു അത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുസ്തകത്തിനും ഒരു സിനിമയയ്ക്കും അന്ന് ഞാന്‍ കടന്നുപോയ പിരിമുറുക്കത്തെ പകര്‍ത്തിയെഴുതാന്‍ കഴിയില്ല എന്നായിരുന്നു മിഷേല്‍ പ്ലാറ്റിനി പറഞ്ഞത്. അത്രയ്ക്ക് പൂര്‍ണവും  ശക്തവും ചേതോഹരവുമായിരുന്നു അതെന്ന് കൂടി പറഞ്ഞു പ്ലാറ്റിനി.

1986ല്‍ മെക്‌സിക്കോയിലെ ഗ്വാഡാലാജാരയില്‍ നടന്ന സെമിഫൈനലില്‍ ഇതിന് പകരം വീട്ടാനുള്ള അവസരം ലഭിച്ചു ഫ്രാന്‍സിന്.  എന്നാല്‍, ശക്തരായ ജര്‍മനിയോട് 2-0 എന്ന സ്‌കോറില്‍ അടിയറവു പറയുകയായിരുന്നു  ഫ്രാന്‍സ്.  അങ്ങിനെ ഫ്രാന്‍സിന് രണ്ടു തവണ ഫൈനലിലേയ്ക്കുള്ള വഴി നിഷേധിച്ചു ജര്‍മനി. (പിന്നീട് ഫൈനലില്‍ ജര്‍മനി മാറഡോണയുടെ  അര്‍ജന്റീനയോടു തോറ്റുവെന്നത് വേറെ കാര്യം). ഒരു തരത്തില്‍ പറഞ്ഞാല്‍ 1958നുശേഷം ചിരവൈരികള്‍ക്കെതിരെ ഒരു സുപ്രധാന മത്സരത്തില്‍ വിജയിക്കാന്‍ ഫ്രാന്‍സിനായിട്ടില്ല. എന്റെ രാജ്യം ഒരു ചരിത്രവിജയത്തിനായി കാത്തിരിക്കുക തന്നെയാണ്.

ഏറ്റവും അവസാനത്തെ ഹൃദയഭേദകമായ അനുഭവം കഴിഞ്ഞ തവണ റിയോയില്‍ വഴങ്ങിയ തോല്‍വിയായിരുന്നു (0-1). അന്ന് അവസാന നിമിഷം ബെന്‍സേമയുടെ ഒരു ഷോട്ട് മാന്വല്‍ ന്യൂയര്‍ തടയുകയായിരുന്നു.

ഇന്നത്തെ മത്സരം ജര്‍മന്‍കാരെയും ഫ്രഞ്ചുകാരെയും സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതാണ്. ഇതാദ്യമായാണ് യൂറോപ്യന്‍ കപ്പില്‍ ഇരുവരും അങ്കംവെട്ടുന്നത്.

യുവന്റസിന്റെ പത്താം നമ്പറുകാരന്‍ പോള്‍ പോഗ്ബ ഭാവനാസമ്പന്നമായി നേതൃത്വം നല്‍കുന്ന ഫ്രാന്‍സും  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏഴാം നമ്പറുകാരന്‍ ബാസ്റ്റിയന്‍ ഷ്വെയ്ന്‍സ്റ്റീഗറെ ചുറ്റിപ്പറ്റി ജീവന്‍വെ്ക്കുന്ന ജര്‍മന്‍ സൈന്യവും തമ്മിലുള്ള മത്സരം ശൈലികളുടെ പോരാട്ടം കൂടിയായിരിക്കും. അപരാജിതരായിരുന്ന ജോക്കിം ലോയുടെ ടീമിന്റെ ദൗര്‍ബല്യം യൂറോയില്‍ പ്രകടമായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ മേധാവികള്‍ തങ്ങളാണെന്ന് അവര്‍ക്ക് തെളിയിക്കേണ്ടതുണ്ട്.

എന്തായാലും ഇന്ന് രാത്രി ഒരു വിജയി മാത്രമേ ഉണ്ടാവൂ.

(കോഴിക്കോട് കേന്ദ്രീകരിച്ചു  പ്രവര്‍ത്തിക്കുന്ന 'കബനി'യില്‍ ഫിനാന്‍ഷ്യന്‍ ട്രെയിനി ഇന്റേണാണ് ഫ്രഞ്ചുകാരനായ ലേഖകന്‍)