ലോക ഫുട്ബോളിന് മൂന്ന് ഇതിഹാസ താരങ്ങളെ സമ്മാനിച്ചിട്ടും പോര്‍ച്ചുഗല്‍ കുടിച്ച കണ്ണീരിന് കണക്കില്ല. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരെന്ന വിശേഷണം പേറുന്ന യൂസേബിയോയ്ക്കും ലൂയിസ് ഫിഗോയ്ക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ജന്മം നല്‍കിയിട്ടും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു പോര്‍ച്ചുഗലിന് ഒരു കിരീടത്തില്‍ മുത്തമിടാന്‍. യൂസേബിയോയ്ക്കും ഫിഗോയ്ക്കും കഴിയാത്തതാണ് ഫ്രാന്‍സിനെ അവരുടെ മണ്ണില്‍ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ സാധ്യമാക്കിയത്. 1966ല്‍ ആദ്യമായി ലോകകപ്പിന്റെയും 1984ല്‍ ആദ്യമായി യൂറോ കപ്പിന്റെയും ഫൈനല്‍ റൗണ്ട് പ്രവേശം നേടിയ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടമാണ് യൂറോകപ്പ്. ഇപ്പോൾ, അല്ലെങ്കിൽ ഒരിക്കലുമില്ല എന്നായിരുന്നു യൂറോയുടെ തുടക്കം മുതൽ തന്നെ പോർച്ചുഗൽ കേട്ടുകൊണ്ടിരുന്ന ആപ്തകവാക്യം. ക്രിസ്റ്റ്യാനോ ഇല്ലാത്ത പോർച്ചുഗൽ കിരീടം നേടുന്നത് പോയിട്ട് ജയിക്കുന്നത് തന്നെ എങ്ങിനെയെന്ന് അത്ഭുതം കൂറിയവർ ഏറെയായിരുന്നു.
2004ല്‍ റണ്ണറപ്പും 84ലും 2000ലും 2012ലും സെമിഫൈനലില്‍ എത്തിയതായിരുന്നുു ഇതുവരെയുള്ള പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. ലോകകപ്പിലാവട്ടെ യൂസേബിയോയുടെ ഗോള്‍വര്‍ഷം കണ്ട 1966ലെ മൂന്നാം സ്ഥാനവും ലൂയിസ് ഫിഗോ നയിച്ച 2006ലെ നാലാം സ്ഥാനവും.
1984ലാണ് പോര്‍ച്ചുഗല്‍ ആദ്യമായി യൂറോകപ്പിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്. ആ വര്‍ഷം തന്നെ സെമിയിലെത്തുകയും ചെയ്തു. പ്ലാറ്റിനി അരങ്ങുവാണ ടൂര്‍ണമെന്റിന്റെ സെമിയില്‍ ഫ്രാന്‍സിനോട് എക്സ്ട്രാ ടൈമിലാണ് പോര്‍ച്ചുഗല്‍ തോറ്റത്. അന്ന് പ്ലാറ്റിന് കുറിച്ച ഒന്‍പത് ഗോള്‍ എന്ന യൂറോയിലെ റെക്കോഡിനൊപ്പമെത്താന്‍ കാല് നൂറ്റാണ്ടുവേണ്ടിവന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. ഈ യൂറോയിലാണ് ക്രിസ്റ്റ്യാനോ ഒന്‍പത് ഗോള്‍ എന്ന പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമെത്തിയത്.
പിന്നീട് തുടര്‍ച്ചയായി രണ്ട് യൂറോയുടെ ഫൈനലിന് യോഗ്യത നേടാനാവാതിരുന്ന പോര്‍ച്ചുഗല്‍ 1996ല്‍ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി. ചെക്ക് റിപ്പബ്ലിക്കിനോടായിരുന്നു തോല്‍വി. 2000ല്‍ സെമിയിലെത്തിയവരുടെ വഴി മുടക്കിയത് ഫ്രാന്‍സ് തന്നെ. ഇൗ തോല്‍വിയും എക്സ്ട്രാ ടൈമില്‍. നാലു വര്‍ഷത്തിനുശേഷം റണ്ണറപ്പായവരെ കണ്ണീരു കുടിപ്പിച്ചത് കറുത്ത കുതിരകളായി മാറിയ ഗ്രീസായിരുന്നു. ഏതെങ്കിലുമൊരു ടൂര്‍ണമെന്റിലെ പോര്‍ച്ചുഗലിന്റെ ഏറ്റവു വലിയ നേട്ടം ഇതായിരുന്നു, ഇതുവരെ.
2008ലെ ക്വാര്‍ട്ടര്‍ഫൈനലില്‍ ജര്‍മനിയോടായിരുന്നു തോല്‍വി. 2012ല്‍ വീണ്ടും സെമിഫൈനലില്‍. ഇത്തവണ അന്നത്തെ ലോക ചാമ്പ്യന്മാരായ സ്പെയിനോട് പെനാല്‍റ്റിയില്‍ തോല്‍ക്കാനായിരുന്നു വിധി. മൗടിന്യോയും ആല്വെസുമായിരുന്നു കിക്കുകള്‍ പാഴാക്കിയത്. സ്പെയിന് പിന്നീട് ഫൈനലിന്റെ കടമ്പയും കടന്ന് ഇരട്ടജയം ആഘോഷിച്ചു.
നാലു വര്‍ഷത്തിനുശേഷം കഴിഞ്ഞ കാല് നൂറ്റാണ്ട് കാലം അനുഭവിച്ച മുഴുവന്‍ സങ്കടവുമാണ് എഡറുടെ ഒരൊറ്റ എക്സ്ട്രാ ടൈം ഗോളിലൂടെ അവര്‍ ഒഴുക്കിക്കളഞ്ഞത്. ഇക്കുറി ഫ്രാന്‍സിലേയ്ക്ക് വണ്ടികയറുമ്പോള്‍ ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍താരം മാത്രമായിരുന്നു അവരുടെ തുറുപ്പുചീട്ട്. എന്നാല്‍, ഐസ്ലന്‍ഡിനും ഓസ്ട്രിയക്കും ഹംഗറിക്കുമൊപ്പം താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പ് എഫില്‍ സ്ഥാനം പിടിച്ചവര്‍ ആരാധകരെ മുഴുവന്‍ നിരാശപ്പെടുത്തുന്നതാണ് കണ്ടത്. ഗ്രൂപ്പ് റൗണ്ടില്‍ ഒരൊറ്റ മത്സരവും ജയിക്കാന്‍ അവര്‍ക്കായില്ല. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍. ഒടുവില്‍ ഹംഗറിക്കും ഐസ്ലന്‍ഡിനും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് കഷ്ടിച്ച് പ്രീക്വാര്‍ട്ടറിലേയ്ക്ക് കടന്നുകൂടിയത്. പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ മറികടന്നതാവട്ടെ ക്വറെസ്മ എക്സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിനും. ക്വാര്‍ട്ടറില്‍ പോളണ്ടിനെ തോല്പിക്കാന് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. നിശ്ചിത സമയത്ത് ഗോളടിച്ചു ജയിക്കാത്തവര്‍ എന്ന ചീത്തപ്പേരുമായാണ് അവര്‍ സെമിയിലെത്തിയത്. സെമിയിലാണ് ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗല്‍ ശരിക്കും ഒരു ജേതാവായത്. അമ്പതാം മിനിറ്റില്‍ ക്രിസ്റ്റിയാനോയും അമ്പത്തിമൂന്നാം മിനിറ്റില്‍ നാനിയും ലക്ഷ്യം കണ്ടതോടെ ഫൈനലില്‍ അത്ഭുതങ്ങള്‍ ഇതള്വിരിഞ്ഞേക്കുമെന്ന പ്രതീക്ഷ ശക്തമായി. ഫൈനലില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ പാതിവഴി നഷ്ടപ്പെട്ടിട്ടും അവര്‍ കിരീടം നേടി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ലോകകപ്പിലും കപ്പിനും ചുണ്ടിനുമിടയില്‍ സന്തോഷം തൂവിപ്പോയ കഥ തന്നെയാണ് നാളിതുവരെ പോര്‍ച്ചുഗലിന് പറയാനുണ്ടായിരുന്നത്. യൂസേബിയോ ഒന്‍പത് ഗോളുമായി ടോപ്സ്കോററായ 1966ലാണ് അവര്‍ ആദ്യമായി ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. അക്കുറി തന്നെ മൂന്നാം സ്ഥാനക്കാരുമായി. ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോടായിരുന്നു സെമി തോല്‍വി. ലൂസേഴ്സ് ഫൈനലില്‍ സോവിയറ്റ് യൂണിയനെ തോല്പിച്ച് മൂന്നാം സ്ഥാനക്കാരുമായി.
പിന്നീട് വര്‍ഷങ്ങള്‍ കാത്തിരുന്ന് 1986 മെക്സിക്കോയിലാണ് അവര്‍ ലോകകപ്പ് ഫൈനല്‍ തിരിച്ചെത്തിയത്. അന്ന് ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായവര്‍ പിന്നീട് വീണ്ടും ഫൈനല്‍ റൗണ്ടിലെത്തുന്നത് 2002ലാണ് ഇക്കുറിയും യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍, 2006ലെ ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി സെമിയിലെത്തി. ഇക്കുറി സിദാന്റെ ഗോളില്‍ സെമിയില്‍ ഫ്രാന്സിനോടും ലൂസേഴ്സ് ഫൈനലില്‍ ജര്മനിയോടുമാണ് തോറ്റത്.
കണ്ണീരൊഴിക്കിക്കൊണ്ടുള്ള ഈ കാത്തിരിപ്പുകള്‍ക്കാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന അതിമാനുഷനിലൂടെ പോര്‍ച്ചുഗല്‍ കിരീടം കൊണ്ട് വിരാമമിട്ടത്.