ronaldo

മേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ മെസ്സിയുടെ കണ്ണീര്‍ കണ്ട് ചിലരെങ്കിലും നെഞ്ചുരുകി പ്രാര്‍ഥിച്ചിരിക്കണം. ഈശ്വരാ ആ ക്രിസ്റ്റിയാനോയും  കപ്പടിക്കരുതേ..... സെന്റ് ഡെനിയിലെ സ്‌റ്റെഡ് ഡി ഫ്രാന്‍സ് സ്‌റ്റേഡിയത്തില്‍ നിന്ന് ക്രിസ്റ്റിയനോ പരിക്കേറ്റ് മുടന്തി കണ്ണീര്‍ പൊഴിച്ച് നടന്നു മടങ്ങുമ്പോള്‍ അവര്‍ ഗൂഢമായി ആനന്ദിച്ചു. മംഗലശ്ശേരി നീലകണ്ഠന്‍ കരഞ്ഞാല്‍  മുണ്ടക്കല്‍ ശേഖരനും കരയണമെന്നു പരിഹസിച്ച് ട്രോളുകള്‍ കൊണ്ട് അര്‍മാദിച്ചു. പക്ഷേ, മെസ്സി എന്ന ഇതിഹാസം കോപ്പയില്‍ കണ്ണീരായി അസ്തമിച്ചിട്ട് ഒരു മാസം തികയും മുന്‍പ് തന്നെ ക്രിസ്റ്റിയാനോ കണ്ണീര്‍ തുടച്ച് മറ്റൊരു തിളക്കമാര്‍ന്ന ചരിത്രമെഴുതുന്നതിനാണ് സെന്റ്  ഡെനി സ്‌റ്റേഡിയം സാക്ഷിയായത്. മെസ്സിക്ക് കഴിയാതിരുന്നത്. കൂടുതല്‍ നേരവും പരിക്കേറ്റ് കാലില്‍ കെട്ടിട്ട് പുറത്ത് കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നെങ്കിലും ചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ കിരീടം നെഞ്ചേറ്റുന്ന  പോര്‍ച്ചുഗീസ് നായകനെന്ന കീര്‍ത്തി സ്വന്തമാക്കിയിരിക്കുകയാണ് സെന്റ് ഡെനിയില്‍ ക്രിസ്റ്റിയാനോ. മെസ്സി ഒരിക്കല്‍ക്കൂടി ഡീഗോ മാറഡോണയെന്ന ഫുട്‌ബോള്‍ ദൈവത്തിന്റെ നിഴലിലേയ്ക്ക് പിന്‍പറ്റിയപ്പോള്‍ റൊണാള്‍ഡോ യൂസേബിയോ എന്ന ഇതിഹാസത്തിനും മീതെ സൂര്യനായി ജ്വലിച്ചുനിന്നു. ഒരാഴ്ച മുന്‍പ് ദുരന്തമായി പരിണമിച്ച മെസ്സിയുടെ വിരമിക്കലായിരുന്നു വാര്‍ത്തയെങ്കില്‍ ഇന്നിതാ ക്രിസ്റ്റിയാനോയുടെ സ്വപ്‌നതുല്ല്യമായ തിരിച്ചുവരവിന് സാക്ഷിയായി നില്‍ക്കുകയാണ് ലോക ഫുട്‌ബോള്‍.

messiക്രിസ്റ്റിയാനോയോ മെസ്സിയോ കേമന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് എഡറുടെ എക്‌സ്ട്രാ ടൈം ഗോള്‍ കുറിച്ചത്. രാജ്യത്തിന് ഒരൊറ്റ കിരീടം പോലും നേടിക്കൊടുക്കാതെ, ഒടുക്കം ഒരു പെനാല്‍റ്റിയും തുലച്ച് നാണക്കേട് കൊണ്ട് തല കുനിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയില്‍ നിന്ന് കാതങ്ങള്‍ ദൂരമുണ്ട് പോര്‍ച്ചുഗലിന് യൂറോകപ്പ് എന്ന അഭിമാനനേട്ടം സമ്മാനിച്ച ക്രിസ്റ്റിയാനോയിലേയ്ക്ക്. മെസ്സി നേടിയ അഞ്ച് ബാലണ്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ പോലും ഇപ്പോള്‍ അപ്രസക്തമാവുകയാണ് മൂന്ന് ബാലണ്‍ദ്യോര്‍ മാത്രം സ്വന്തമാക്കിയിട്ടുള്ള ക്രിസ്റ്റിയാനോയുടെ മുന്നില്‍.

മെസ്സി ബാഴ്‌സലോണയ്ക്കുവേണ്ടി 348 മത്സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനുവേണ്ടി മാത്രം 236 മത്സരങ്ങളില്‍ നിന്ന് 260 ഉം മാഞ്ചസ്റ്റര്‍ യുണൈഡിനുവേണ്ടി 196 മത്സരങ്ങളില്‍ നിന്ന് 84 ഉം ഗോളുകള്‍ നേടിയിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ഗോളടിച്ചതില്‍ ക്രിസ്റ്റിയാനോയാണ് മുന്നില്‍. 133 മത്സരങ്ങളില്‍ നിന്ന് 61 ഗോള്‍. അതേസമയം മെസസ്സി അര്‍ജന്റീനയ്ക്കുവേണ്ടി 133 മത്സരങ്ങളില്‍ നിന്ന് 55 ഗോളാണ് നേടിയത്.

അര്‍ജന്റീന കപ്പിന്റെ വക്കോളമെത്തിയ കോപ്പ ശതാബ്ദി ടൂര്‍ണമെന്റില്‍ മാരക ഫോമിലായിരുന്നു ലയണല്‍ മെസ്സി. ഒരു ഹാട്രിക്ക് അടക്കം മൊത്തം അഞ്ച് ഗോളാണ് മെസ്സി നേടിയത്. എന്നാല്‍, കലാശപ്പോരാട്ടത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി തുലച്ച് ഒരൊറ്റ നിമിഷം കൊണ്ട് വില്ലനായി മാറാനായിരുന്നു മിശിഹയുടെ വിധി. എന്നാല്‍, ഈ ആന്റി ക്ലൈമാക്‌സിന് നേര്‍വിപരീതമാണ് ക്രിസ്റ്റിയാനോയുടെ കഥ. യൂറോയില്‍ ഫോമും ഗോളും കണ്ടെത്താന്‍ പാടുപെടുകയായിരുന്നു പോര്‍ച്ചുഗല്‍ നായകന്‍. പ്രീക്വാര്‍ട്ടര്‍ വരെ ഒരൊറ്റ ജയം പോലും നേടാനാവാത്തതിന്റെ കാരണവും മറ്റൊന്നല്ല. ടീമിന്റെ നെടുന്തൂണാായ ക്രിസ്റ്റിയാനോ ആകെ അടിച്ചത് മൂന്ന് ഗോള്‍. എണ്ണമറ്റ അവസരങ്ങള്‍ മാത്രമല്ല, ഓസ്ട്രിയക്കെതിരെ ഒരു പെനാല്‍റ്റിയും നഷ്ടപ്പെടുത്തി. എന്നാല്‍, ഹംഗറിക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റിയാനോ നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. പിന്നീടുള്ളത് ചരിത്രം. ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്ക് തന്നെ വലയിലെത്തിച്ച് ടീമിന് ആത്മവിശ്വാസം പകരുകയും ചെയ്തു ക്രിസ്റ്റിയാനോ. മെസ്സിയുടെ ആദ്യ കിക്ക് പുറത്തേയ്ക്ക് പറന്നതോടെ അതിനൊപ്പം അര്‍ജന്റീനയുടെ ആത്മവിശ്വസവും പറന്നകന്നു.

ക്രിസ്റ്റിയാനോയുടെ ഈ തിരിച്ചുവരവില്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വഹിച്ച പങ്ക് ചെറുതല്ല. 2003-04 സീസണില്‍ ക്രിസ്റ്റിയാനോയുടെ ആദ്യ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണിലെ പരിശീലകനായിരുന്നു സാന്റോസ്. ക്രിസ്റ്റിയാനോ അവിടെ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേയ്ക്കും പിന്നീട് റയല്‍ മാഡ്രിഡിലേയ്ക്കുമെല്ലാം ചേക്കേറിയെങ്കിലും ഇരുവരും തമ്മില്‍ ഊഷ്മളമായൊരു ഹൃദയബന്ധം കാത്തുപോന്നു ഇക്കാലംവരെ. റൊണാള്‍ഡോയുടെ നല്ല കാലത്ത് സാന്റോസ് ഗ്രീസിലായിരുന്നു. പിന്നീട് രണ്ട് വര്‍ഷം മുന്‍പ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ചുമതലക്കാരനായി എത്തിയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചതും ക്രിസ്റ്റിയാനോ തന്നെയാവണം. ക്രിസ്റ്റിയാനോയിലെ പ്രതിഭയെ സാന്റോസിനോളം കണ്ടെത്തിയവര്‍ വേറിയില്ല. അത് വിനിയോഗിച്ചവരും ഏറെയില്ല. ഇതിന്റെയെല്ലാം ആകെത്തുകയാണ് യൂറോയിലെ കിരീടനേട്ടം. ഇടയ്ക്ക് പരിക്കേറ്റ് വീണിട്ടും കപ്പ് ക്രിസ്റ്റിയാനോയെ കൈവിടാത്തതിന്റെ കാരണവും മറ്റൊന്നല്ല.