79ാം മിനിറ്റില്‍ റെനറ്റോ സാഞ്ചസിന് പകരക്കാരനായി കളത്തിലിറങ്ങുമ്പോള്‍ പോര്‍ച്ചുഗലിന്റെ മുന്നേറ്റ താരമായ എഡറിന് അറിയല്ലായിരുന്നു, യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ഫുട്‌ബോള്‍ ചരിത്രം മാറ്റിയെഴുതാന്‍ വിധിക്കപ്പെട്ടവനാണ് താനെന്ന കാര്യം. എക്‌സ്ട്രാ ടൈമിന്റെ 19ാം മിനിറ്റില്‍ രണ്ട് ഫ്രഞ്ച് പ്രതിരോധ താരങ്ങളെ കാഴ്ച്ചക്കാരാക്കി എഡര്‍ ഒരൊറ്റ രാത്രി കൊണ്ട് പോര്‍ച്ചുഗലിന്റെ വീരനായകനായി.

എഡര്‍ സ്പര്‍ശിച്ച പന്ത് ഫ്രാന്‍സിന്റെ വല ചുംബിച്ചപ്പോള്‍ അത് ക്രിസ്റ്റ്യാനൊയുടെ കണ്ണുകളിലാണ് സന്തോഷം വിരിയിച്ചത്. പൊട്ടിച്ചിരിക്കുകയും അതിനോടൊപ്പം തന്നെ കരഞ്ഞ് കണ്ണ് പൊത്തിപ്പിടിക്കുകയും ചെയ്തു ക്രിസ്റ്റ്യാനൊ. താന്‍ ഗ്രൗണ്ടില്‍ ചെയ്യേണ്ടതെന്തോ ആ ദൗത്യം തനിക്ക് വേണ്ടി എഡര്‍ നടപ്പിലാക്കിയതിന്റെ സന്തോഷമായിരിക്കാം കണ്ണീരായി പുറത്തേക്ക് ഒഴുകിയത്. 

എഡെര്‍സിറ്റൊ അന്റോണിയൊ മക്കെഡൊ ലോപ്പസ് എന്ന എഡറിന് ഫുട്‌ബോള്‍ കരിയറില്‍ തിളക്കമുള്ള അദ്ധ്യായങ്ങളൊന്നും പറയാനില്ല. പോര്‍ച്ചുഗലിലെ ചെറു ക്ലബ്ബുകളില്‍ പതിനൊന്നാം വയസ്സ് മുതല്‍ കളിച്ച് തുടങ്ങിയ എഡറിനെ ദേശീയ ടീമിലെത്തിച്ചത് ബ്രാഗയ്ക്ക് വേണ്ടി പുറത്തെടുത്ത പ്രകടനമാണ്. പോര്‍ച്ചുഗീസ് ക്ലബ്ബ് ബ്രാഗയ്ക്കായി 60 മത്സരങ്ങളില്‍ 26 ഗോള്‍ നേടിയ എഡര്‍ 2012 ആഗസ്തിൽ പോര്‍ച്ചുഗല്‍ സീനിയര്‍ ടീമിന്റെ ഭാഗമായി.

ബ്രസീല്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ അസര്‍ബെയ്ജാന് എതിരെയായിരുന്നു ദേശീയ കുപ്പായത്തില്‍ എഡറിന്റെ ആദ്യ മത്സരം. ജര്‍മനിക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിലൂടെ ലോകകപ്പിലും എഡര്‍ കളത്തിലിറങ്ങി. തന്റെ 18ാം അന്താരാഷ്ട്ര മത്സരത്തിലാണ് എഡര്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 

ഇംഗ്ലീഷ് ക്ലബ്ബ് സ്വാന്‍സി സിറ്റിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബ്ബ് അധികൃതരുടെ ശാപ വാക്കോടെ ഫ്രഞ്ച് ക്ലബ്ബ് ലില്ലിയിലേക്ക് വായ്പാ അടിസ്ഥാനത്തില്‍ മാറേണ്ടി വന്നതിന്റെ ദയനീയാവസ്ഥയുമുണ്ട് എഡറെന്ന 28കാരന്റെ ഫുട്‌ബോള്‍ കരിയറില്‍. 2015 മുതല്‍ 2016 വരെ ഒരു വര്‍ഷം ഇംഗ്ലീഷ് ക്ലബ്ബ് സ്വാന്‍സി സിറ്റിയില്‍ കളിച്ച എഡറിന് 13 മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടര്‍ന്നാണ് സ്വാന്‍സി സിറ്റി ക്ലബ്ബധികൃതര്‍ വായ്പാ അടിസ്ഥാനത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലിക്ക് എഡറിനെ കൈമാറിയത്. എന്നാല്‍ ലില്ലിക്ക് യുവേഫ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ എഡറിനെ ഫ്രഞ്ച് ക്ലബ്ബ് കൈവെടിഞ്ഞില്ല. എഡറുമായി നാല് വര്‍ഷത്തെ കരാറൊപ്പിട്ട ലില്ലിക്ക് പോര്‍ച്ചുഗല്‍ താരത്തില്‍ വിശ്വാസമുണ്ടായിരുന്നു. സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തില്‍ ആ വിശ്വാസമാണ് എഡര്‍ കാത്തു സൂക്ഷിച്ചത്. 

eder

യൂറോ കപ്പിനുള്ള ഫെര്‍ണാണ്ടോ സാന്റസിന്റെ ടീമിലേക്കുള്ള വിളി വരുമ്പോള്‍ 28 മത്സരങ്ങള്‍ മാത്രം കളിച്ച് പരിചയമുള്ള മൂന്ന് ഗോളുകള്‍ മാത്രം അക്കൗണ്ടിലുള്ള കളിക്കാരാനായിരുന്നു എഡര്‍. അതും തന്റെ 28ാം വയസ്സിലെത്തിയിട്ടും പറയത്തക്ക നേട്ടങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തവന്‍.

യൂറോയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ ആദ്യ രണ്ട് മത്സരങ്ങളിലും ആരും ശ്രദ്ധിക്കപ്പെടാതെ പോയ എഡര്‍ കലാശക്കളിയില്‍ പോര്‍ച്ചുഗലിന്റെ ഹൃദയം കീഴടക്കിയതിനോടൊപ്പം തന്റെ ഫുട്‌ബോള്‍ കരിയറില്‍ പുതിയ വഴിത്താരയിലേക്കുള്ള വാതില്‍ കൂടിയാണ് തുറന്നത്.