മാഴ്സെ: നായകനായും പരിശീലകനായും യൂറോക്കപ്പുയര്‍ത്തുകയെന്ന ദിദിയര്‍ ദെഷാംപ്സിന്റെ ആഗ്രഹത്തിനുമുന്നില്‍ ഇനി തടസ്സം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അത്ലറ്റിക്കോ മാഡ്രിഡ് താരം അന്റൊയിന്‍ ഗ്രീസ്മാന്റെയും പോരാട്ടമായി ഇതിനകം പോര്‍ച്ചുഗല്‍-ഫ്രാന്‍സ് ഫൈനല്‍ വിലയിരുത്തപ്പെട്ടുകഴിഞ്ഞു. 

ലോകചാമ്പ്യന്മാരായ ജര്‍മനിയെ ഗ്രീസ്മാന്റെ ഇരട്ടഗോളില്‍ മുട്ടുകുത്തിച്ചാണ് ഫ്രാന്‍സ് യൂറോ കപ്പിന്റെ ഫൈനലില്‍ മൂന്നാംവട്ടം ഇടംനേടിയത്. ആദ്യപകുതിയിലെ ഇന്‍ജുറി ടൈമില്‍ പെനാല്‍ട്ടിയിലൂടെയും 72-ാം മിനിറ്റിലുമായിരുന്നു ഗ്രീസ്മാന്റെ ഗോളുകള്‍. ഞായറാഴ്ച രാത്രിയാണ് ഫൈനല്‍. 

ഫൈനലിലെത്തിയപ്പോഴൊക്കെ കിരീടം നേടിയിട്ടുള്ള ടീമാണ് ഫ്രാന്‍സ്. 1984ലും 2000ത്തിലുമായിരുന്നു മുന്‍നേട്ടങ്ങള്‍. ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച 1984ലെ ടൂര്‍ണമെന്റില്‍ മിഷേല്‍ പ്ലാറ്റിനി ഒമ്പതു ഗോളോടെ ടോപ് സ്‌കോററായിരുന്നു. ഇക്കുറി ആറു ഗോളോടെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഗ്രീസ്മാന്‍ ഇതിനകം രണ്ടാം പ്ലാറ്റീനിയെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞു. 

france

2000ത്തില്‍ ഫ്രാന്‍സിന്റെ രണ്ടാം കിരീടത്തിന് ചുക്കാന്‍പിടിച്ച നായകനാണ് ഇപ്പോഴത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ്. ഇറ്റലിയെ തോല്‍പിച്ചാണ് അന്ന് ഫ്രാന്‍സ് ജേതാക്കളായത്. 1998ല്‍ സ്വന്തം നാട്ടില്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോഴും ദെഷാംപ്സായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹത്തിന്റെ ഭാഗ്യം ടീമിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ആരാധകര്‍. 

പോര്‍ച്ചുഗലിന്റെയും ക്രിസ്റ്റ്യാനോയുടെയും രണ്ടാം യൂറോ ഫൈനലാണിത്. വെയ്ല്‍സിനെ 2-0ത്തിന് തോല്‍പിച്ചാണ് ഇക്കുറി പോര്‍ച്ചുഗല്‍ ഫൈനലില്‍ കടന്നത്. 2004ല്‍ പോര്‍ച്ചുഗല്‍ കലാശക്കളിയില്‍ ഗ്രീസിനോട് പരാജയപ്പെടുകയായിരുന്നു. ക്രിസ്റ്റ്യാനോയിലാണ് ഇത്തവണ പോര്‍ച്ചുഗലിന്റെ പ്രതീക്ഷയത്രയും. മൂന്നുഗോളുകള്‍ റയല്‍ മാഡ്രിഡ് താരം നേടിയിട്ടുണ്ട്. 

ടൂര്‍ണമെന്റിലെ മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഫ്രാന്‍സ്-ജര്‍മനി പോരാട്ടം. പന്തടക്കത്തിലും പാസിങ് കൃത്യതയിലുമൊക്കെ മുന്നിട്ടുനിന്നെങ്കിലും നിര്‍ഭാഗ്യം ജര്‍മനിയെ പിന്നോട്ടടിക്കുകയായിരുന്നു. 65 ശതമാനമായിരുന്നു മത്സരത്തില്‍ ജര്‍മനിയുടെ പന്തടക്കം. 637 ജര്‍മന്‍ പാസുകള്‍ക്ക് മറുപടിയായി ഫ്രാന്‍സിന് കൈമാറാനായത് 299 എണ്ണംമാത്രം.

എങ്കിലും ഗ്രീസ്മാന്റെ ഇരട്ടഗോള്‍ മത്സരത്തെ ഫ്രാന്‍സിന്റെ പേരിലാക്കി. അതേസമയം, നല്ലൊരു ഫിനിഷറുടെ കുറവാണ് ജര്‍മനിക്ക് വിജയം നഷ്ടമാക്കിയത്. ഗോളടിക്കുന്നതിലൊഴികെ മറ്റെല്ലാ കാര്യത്തിലും അവര്‍ മുന്നിട്ടുനിന്നു. എതിര്‍ പോസ്റ്റിലേക്ക് ഏറ്റവുമധികം ഷോട്ടുകളുതിര്‍ത്തത് ജര്‍മനിയായിരുന്നു. തോമസ് മുള്ളര്‍ നിറം മങ്ങിയതും പകരക്കാരന്റെ റോളിലിറങ്ങിയ മരിയോ ഗോട്സെ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയതും ജര്‍മനിക്ക് പ്രഹരമായി.

portugal

ആദ്യപകുതിയുടെ അവസാനനിമിഷത്തിലാണ് ആതിഥേയരെ മുന്നില്‍ക്കടത്തിയ ഗോള്‍ വന്നത്. കോര്‍ണര്‍ കിക്ക് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറുടെ കൈയില്‍ പന്തുകൊണ്ടതിന് റഫറി വിധിച്ച പെനാല്‍ട്ടി ഗ്രീസ്മാന്‍ വലയിലാക്കുകയായിരുന്നു. 

നീക്കങ്ങളൊരുക്കുന്നതിലും മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ജര്‍മനി മുന്നിട്ടുനിന്നു. ജര്‍മനിയുടെ ആക്രമണമികവിനെ അമിതപ്രതിരോധത്തിലൂടെ തളയ്ക്കുകയായിരുന്നു ഫ്രാന്‍സ്. അവസരംകിട്ടുമ്പോള്‍ ഇരച്ചുകയറി പ്രത്യാക്രമണംനടത്താനും അവര്‍ മറന്നില്ല. 72-ാം മിനിറ്റില്‍ അത്തരമൊരു നീക്കം ഫലംകണ്ടു.

ഇക്കുറിയും ഗ്രീസ്മാന്‍ തന്നെയായിരുന്നു സ്‌കോറര്‍. വഴിയൊരുക്കിയത് പോള്‍ പോഗ്ബയും. പോഗ്ബ നല്‍കിയ ക്രോസ് തട്ടികയറ്റാനുള്ള ജര്‍മന്‍ ഗോളി മാനുവല്‍ നൂയറുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍, ഓടിയെത്തിയ ഗ്രീസ്മാന്‍ പന്ത് വലയിലേക്ക് തട്ടിയിട്ടു. ഈ ഗോളില്‍ ഫ്രാന്‍സ് വിജയമുറപ്പിക്കുകയും ചെയ്തു.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

1. 1985 ഫിബ്രവരി അഞ്ചിന് പോര്‍ച്ചുഗലിലെ മെദീരയില്‍ ജനനം, പ്രായം 31. മുഴുവന്‍ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് ആവേറോ. 

2. 2001-ല്‍ പോര്‍ച്ചുഗല്‍ അണ്ടര്‍-15 ടീമിലെത്തി. 2003 മുതല്‍ ദേശീയടീമില്‍ അംഗം. 2002-2003 കാലത്ത് പോര്‍ച്ചുഗലിലെ സ്പോര്‍ട്ടിങ് ക്ലബ്ബിലൂടെയാണ് ക്ലബ്ബ് തലത്തില്‍ സീനിയര്‍ കരിയര്‍ ആരംഭിച്ചത്. 2003 മുതല്‍ 2009 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍. 2009-ല്‍ റയല്‍ മാഡ്രിഡിലേക്ക് മാറി. 

3. അണിയുന്നത് ഏഴാം നമ്പര്‍ ജേഴ്‌സി. ഫോര്‍വേഡ്/വിങ്ങര്‍ പൊസിഷനിലാണ് കളി. 

4.2008-ല്‍ ആദ്യമായി ഫിഫ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടി. 2013, 2014 വര്‍ഷങ്ങളിലും ബാലണ്‍ദ്യോര്‍ സ്വന്തമാക്കി. 

5. യൂറോകപ്പ് സെമിയില്‍ വെയില്‍സിനെതിരെ ഗോള്‍ നേടിയതോടെ നാല് യൂറോ ടൂര്‍ണമെന്റിലായി ആകെ ഒമ്പത് ഗോളുകളായി. 
ഇതോടെ യൂറോകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോഡ് ഫ്രാന്‍സിന്റെ മിഷേല്‍ പ്ലാറ്റീനിക്കൊപ്പം പങ്കിടുന്നു. 

6. ഈ യൂറോകപ്പില്‍ മൂന്നുഗോള്‍. മൂന്ന് അസിസ്റ്റുകള്‍. പ്രാഥമികഘട്ടത്തിലെ അവസാനമത്സരത്തില്‍ ഹംഗറിക്കെതിരെ രണ്ടുഗോളടിച്ചു. ഈ മത്സരത്തില്‍ ഹംഗറിയോട് 3-3 സമനില നേടിയതോടെയാണ് പോര്‍ച്ചുഗലിന് പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നത്. സെമിയില്‍ പോര്‍ച്ചുഗലിനെതിരെയായിരുന്നു മൂന്നാം ഗോള്‍. 

7. അന്താരാഷ്ട്രതലത്തിലും പ്രൊഫഷണല്‍ ഫുട്‌ബോളിലുമായി ഒട്ടേറെ റെക്കോഡുകള്‍ക്കുടമ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു കലണ്ടര്‍വര്‍ഷത്തില്‍ 25ഗോളടിച്ച് (2012-ല്‍) അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഇംഗ്ലണ്ടിന്റെ വിവിയന്‍ വുഡ്വാര്‍ഡ് എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുന്നു. 

8. ശാരീരികക്ഷമതയിലും ഓട്ടത്തിലും കരുത്തിലും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തന്‍. നിന്നനില്‍പ്പില്‍ 44 സെ.മീ. ഉയരത്തില്‍ ചാടാന്‍ കഴിയും; ഓട്ടത്തിനിടെ 78 സെ.മീ. ഉയരത്തിലും. മണിക്കൂറില്‍ 33.6 കിലോമീറ്റര്‍ വേഗത്തിലാണ് ഗ്രൗണ്ടിലെ ഓട്ടം. 10 സെക്കന്‍ഡില്‍ 96 മീറ്റര്‍ ഓടും. ഫ്രീ കിക്കുകളുടെ വേഗം മണിക്കൂറില്‍ 13.1 കിലോമീറ്റര്‍. 

9. കളിക്കളത്തിനുപുറത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരം. ഇംഗ്ലീഷ് മോഡലുകളായ ആലീസ് ഗുഡ്വിന്‍, ജെമ്മ ആറ്റ്കിന്‍സണ്‍, റഷ്യന്‍ മോഡല്‍ ഐറീന ഷയാക്ക് എന്നിവരുമായി പ്രണയത്തിലായിരുന്നു. ഒരു മകനുണ്ട്. 2010 ജൂണ്‍ 17-ന് പിറന്ന ആണ്‍കുട്ടിയുടെ പേര് ക്രിസ്റ്റ്യാനോ ജൂനിയര്‍. കുട്ടിയുടെ മാതാവാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

10. പുകവലിയോ മദ്യപാനമോ ഇല്ല. ശരീരത്തില്‍ പച്ചകുത്തിയിട്ടില്ല. വര്‍ഷത്തില്‍ രണ്ടുതവണ രക്തം ദാനംചെയ്യാറുണ്ട്. ക്രിസ്റ്റ്യാനോയുടെ അച്ഛന്‍ ഹോസെ ഡിനിസ് ആവേറോ കടുത്ത മദ്യപാനം കാരണമാണ് മരിച്ചത്. 

അന്റൊയ്ന്‍ ഗ്രീസ്മാന്‍

1. 1991 മാര്‍ച്ച് 21-ന് ഫ്രാന്‍സിലെ മാക്കോണില്‍ ജനനം. ഇപ്പോള്‍ 25 വയസ്സ്

2. ഏഴാംനമ്പര്‍ ജേഴ്സിയില്‍ ഫോര്‍വേഡായി കളിക്കുന്നു.

3. ആറാം വയസ്സില്‍ നാട്ടുക്ലബ്ബായ ലെന്റെറ്റെ ഷാര്‍നി മാകോണ്‍ 71-നുവേണ്ടി കളിച്ചുതുടങ്ങി. 13-ാം വയസ്സില്‍ റയല്‍ സോസിഡാഡില്‍ എത്തി. 

4. 2010-ല്‍ ഫ്രാന്‍സ് അണ്ടര്‍-19 ടീമിലൂടെ അന്താരാഷ്ട്ര ഫുട്ബോളില്‍ കളിച്ചുതുടങ്ങി.

5. ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍, ശാരീരികമികവില്ലെന്ന കാരണത്താല്‍ ലിയോണ്‍ താരത്തെ ഒഴിവാക്കി. 2009-ല്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ സോസിഡാഡിലൂടെ പ്രൊഫഷണല്‍ ഫുട്ബോളില്‍ തുടക്കം. 2014-ല്‍ സ്?പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

6. 2014 ബ്രസീല്‍ ലോകകപ്പിനുമുന്നോടിയായി ഫ്രാന്‍സിന്റെ ദേശീയ ടീമില്‍ അരങ്ങേറി. ആദ്യമത്സരം ഹോളണ്ടിനെതിരെ

7.സ്പാനിഷ് താരം ഡേവിഡ് സില്‍വയും ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമും ഇഷ്ടതാരങ്ങള്‍.

8. ഗ്രീസ്മാന്റെ കൈയില്‍ പച്ചകുത്തിയിട്ടുണ്ട്. 'നിങ്ങളുടെ ജീവിതം ഒരു സ്വപ്നമാക്കൂ, ആ സ്വപ്നം യാഥാര്‍ഥ്യമാക്കൂ' എന്നാണ് ടാറ്റൂവില്‍ എഴുതിയിരിക്കുന്നത്. അറബിയിലാണ് എഴുത്ത്. ഫ്രഞ്ച് എഴുത്തുകാരന്‍ അന്റോയിന്‍ ദെ സാന്ത് എക്സ്യുപെറിയെയോയുടെ വാചകമാണിത്. 

9. ഫ്രാന്‍സിനുവേണ്ടി 33 കളിയില്‍ 13 ഗോളുകളും പ്രൊഫഷണല്‍ ഫു്ടബോളില്‍ 308 കളിയില്‍ 109 ഗോളുകളും നേടി.

10. മുന്‍ പോര്‍ച്ചുഗീസ് പ്രൊഫഷണല്‍ ഫുട്ബോളര്‍ അമറോ ലോപ്പസിന്റെയും ഇസബെല്ലിന്റെയും മകന്‍. ഫൈനലില്‍ സ്വന്തം വേരുകള്‍ക്കെതിരെ പോരാട്ടം. എറീക ഷോപ്പനേറയാണ് ഭാര്യ. മിയ മകള്‍.