പാരിസ്: ക്രിസ്റ്റിയാനോ ഇല്ലെങ്കില്‍ പോര്‍ച്ചുഗല്‍ വട്ടപ്പൂജ്യമാണെന്ന് വിധിച്ചവര്‍ക്കുളള മറുപടി ഇതാ. പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. പന്ത്രണ്ട് വര്‍ഷം മുന്‍പ് കലാശപ്പോരാട്ടത്തില്‍ കൈവിട്ട യൂറോകപ്പ് കിരീടം സ്വന്തമാക്കിയാണ് അവര്‍ ചരിത്രം രചിച്ചത്.

കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ എക്‌സ്ട്രാ ടൈം ഗോളിലാണ് പോര്‍ച്ചുഗല്‍ തോല്‍പിച്ചത്. പകരക്കാരനായി ഇറങ്ങിയ എഡറാണ് 109-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത്. പോര്‍ച്ചുഗീസ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. പയറ്റിന്റെ ഫൗളില്‍ വലതു കാല്‍മുട്ടിന് പരിക്കേറ്റ ക്രിസ്റ്റിയാനോ ഇരുപതിനാലാം മിനിറ്റിലാണ് പുറത്തുപോയത്.

ronaldo

79ാം മിനിറ്റില്‍ റെനറ്റൊ സാഞ്ചസിന് പകരം ഗ്രൗണ്ടിലിറങ്ങിയ എഡറിന്റെ ഗോളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ യൂറോയില്‍ പകരക്കാരനായി ഇറങ്ങി ഗോളടിക്കുന്ന രണ്ടാമത്തെ താരമാണ് എഡര്‍. നേരത്തെ ക്വരേസ്മക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു ആ നേട്ടം. ഇന്ന് ഫൈനലിലാണ് എഡര്‍ പോര്‍ച്ചുഗലിനെ തുണച്ചതെങ്കില്‍ അന്ന് പ്രീ ക്വാര്‍ട്ടറില്‍ ക്രോയേഷ്യയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത് പകരക്കാരനായ ക്വരേസ്മയുടെ ഗോളിലായിരുന്നു. 

ആരാധകര്‍ പ്രതീക്ഷിച്ചയത്ര വീറും വാശിയും പോര്‍ച്ചുഗല്‍-ഫ്രാന്‍സ് പോരാട്ടത്തിനുണ്ടായിരുന്നില്ല. ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ ഗോളവസരങ്ങളുടെ എണ്ണം കുറഞ്ഞു. കളിയുടെ 25ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പരിക്കേറ്റ് സൈഡ് ബെഞ്ചിലേക്ക് മടങ്ങിയതോടെ ആരാധകര്‍ വീണ്ടും നിരാശയിലായി. റോണോക്ക് പകരം ക്വരേസ്മയാണ് കളത്തിലെത്തിയത്. ഇടക്കിടെ ജിറൗഡും ഗ്രീസ്മാനും പോര്‍ച്ചുഗല്‍ വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും ഒന്നും ഗോളായി മാറിയില്ല. തൊണ്ണൂറ്റി ഒന്നാം മിനിറ്റില്‍ ഫ്രാന്‍സിന് ഒരു സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ ജിഗ്നാക്കിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി നിര്‍ഭാഗ്യം കൊണ്ട് മാത്രം പുറത്തേക്ക് പോയി. ആ പന്ത് പോര്‍ച്ചുഗലിന്റെ വല ചുംബിച്ചിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു.