നൈസ്: കന്നി യൂറോക്കെത്തിയ ഐസ്‌ലന്‍ഡിനോട് 2-1 ന് പരാജയപ്പെട്ട് ഇംഗ്ലണ്ട് യൂറോ ക്വാര്‍ട്ടര്‍ പ്രവേശം  കിട്ടാതെ പുറത്തായി. ആദ്യമായി ഒരു മേജര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഐസ്‌ലന്‍ഡ് ഇംഗ്ലണ്ടിനെതിരായുള്ള പ്രീ ക്വാര്‍ട്ടറിലെ ആധികാരിക ജയത്തോടെ ചരിത്രം കുറിച്ചു.

മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ടാണ്. റഹീം സ്റ്റിര്‍ലിങിനെ ബോക്‌സില്‍ വെച്ച് ഐസ്‌ലന്‍ഡ് ഗോളി ഹാല്‍ഡോര്‍സ്സന്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റൂണിയാണ് നാലാം മിനിറ്റില്‍ ഗോളടിച്ചത്.

euro
ഇംഗ്ലീഷ് ആരാധകരുടെ ആദ്യ ഗോള്‍ നേടിയതിലുള്ള ആഘോഷം തീരുംമുമ്പ്‌ തൊട്ടടുത്ത മിനിറ്റില്‍ ഐസ്‌ലന്‍ഡ് ഗോള്‍ തിരിച്ചടിച്ചു. അഞ്ചാം മിനിറ്റില്‍ കാരി അര്‍നസ്സന്റെ ഹെഡ്ഡര്‍ പാസില്‍ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ഐസ്‌ലന്‍ഡിനായി റാഗ്‌നര്‍ സിഗ്രൂഡ്സന്‍ ഗോള്‍ നേടിയത്.

അധികം വൈകാതെ വീണ്ടും വലകുലുക്കി ഐസ്‌ലന്‍ഡ് ഇംഗ്ലീഷുകാരുടെ കണ്ണില്‍ ഇരുട്ടു കയറ്റി. 18-ാം മിനിറ്റല്‍ കോള്‍ബിന് സിഗതോര്‍സ്സന്റെ ഇടങ്കാലന്‍ ഷോട്ട് ഇംഗ്ലീഷ് പ്രതിരോധ നിരയെ നോക്കുകുത്തിയാക്കിയാണ് വലയില്‍ കയറിയത്. ബോക്‌സിനു മധ്യത്തില്‍ നിന്നുള്ള ഈ ഗോളിനുള്ള പാസ് ജോണ്‍ ഡാഡി ബോഡിവാര്‍സ്സണില്‍ നിന്നാണ് കിട്ടിയത്.

ഐസ്‌ലന്ഡിനേക്കാള്‍ ഗോളവസരം ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും അലക്ഷ്യമായിരുന്നു അവരുടെ പല ഷോട്ടുകളും. ഐസ്‌ലന്‍ഡ് മുന്നേറ്റ നിരക്കൊപ്പം പ്രതിരോധവും മികച്ച പ്രകടനം നടത്തി.


തുടക്കത്തില്‍ ലഭിച്ച രണ്ടു അവസരങ്ങളും ലക്ഷ്യത്തിലെത്തിച്ച് ഇംഗ്ലണ്ടിനെ മാനസ്സിക സമ്മര്‍ദ്ദത്തിലാക്കാനും അവര്‍ക്കു കഴിഞ്ഞു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടിന്റെ ഡെലെ അല്ലിയുടെ ഹെഡ്ഡറും ലക്ഷ്യം കാണാതെ പോയതോടെ ഇംഗ്ലണ്ടിന്റെ  യൂറോകപ്പെന്ന സ്വപ്‌നത്തിന്‌ താല്‍ക്കാലിക വിരാമാമായി. ഈ മത്സരത്തോടെ യൂറോ 2016 ലെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അവസാനമായി. മത്സരത്തിലെ വിജയികളായ ഐസ്‌ലന്‍ഡിന്റെ ക്വാര്‍ട്ടറിലെ എതിരാളികള്‍ ആതിഥേയരായ ഫ്രാന്‍സാണ്.

കന്നിക്കാരായി എത്തി പ്രീ ക്വാര്‍ട്ടര്‍ കടന്ന നാലു ടീമുകളില്‍ ക്വാര്‍ട്ടറിലേക്ക് ഐസ്‌ലന്‍ഡിനെ കൂടാതെ വെയ്‌ലാസാണ് യോഗ്യത നേടിയിട്ടുള്ളത്. രണ്ടു സമനിലയും അവസാന മത്സരത്തില്‍ ഓസ്ട്രിയയെ തോല്‍പ്പിച്ചുമാണ് ഐസ്‌ലന്‍ഡ് ഗ്രൂപ്പ് ഘട്ടം കടന്നത്. ഐസ്‌ലന്‍ഡ് 4-4-2 എന്ന ഫോര്‍മാറ്റിലും ഇംഗ്ലണ്ട് 4-3-3 എന്ന ഫോര്‍മാറ്റുമാണ് കളത്തില്‍ സ്വീകരിച്ചിരുന്നത്‌.