മാഴ്‌സല്ലെ:  ലോകകിരീടത്തിന്റെ വമ്പുമായെത്തിയ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് പട യൂറോ കപ്പിന്റെ ഫൈനലിലെത്തി. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കൃത്യമായ ഗെയിം പ്ലാനോടെ കളിച്ച ഫ്രാന്‍സിന് വിജയം സമ്മാനിച്ചത് യുവതാരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്. ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം ആറാക്കി ഉയര്‍ത്തിയ ഗ്രിസ്മാന്‍ ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പത് ഗോളുകള്‍ നേടിയ പ്ലാറ്റിനിയാണ് ഗ്രിസ്മാന് മുന്നിലുള്ളത്.

ക്വാര്‍ട്ടറില്‍ ഐസ്‌ലന്‍ഡിനെതിരെ സ്വീകരിച്ച അതേ തന്ത്രങ്ങളുമായി തന്നെയാണ് ദിദിയര്‍ ദെഷാംപ്‌സ് ജര്‍മനിക്കെതിരെയും ഫ്രാന്‍സിനെ കളത്തിലിറക്കിയത്. ആക്രമണത്തോടൊപ്പം തന്നെ ഫ്രാന്‍സിന്റെ പ്രതിരോധവും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ജര്‍മനിയുടെ നീക്കങ്ങളെല്ലാം പാതി വഴിക്ക് നിലച്ചു പോയി.

ഐസ്‌ലന്‍ഡിനെതിരെ രണ്ട് ഗോളുകള്‍ വഴങ്ങിയ ഫ്രാന്‍സ് പക്ഷേ ജര്‍മനിക്കെതിരെ കരുതി തന്നെയാണ് കളിച്ചത്. പലപ്പോഴും ജര്‍മനിയുടെ അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം ബാറില്‍ തട്ടി നേരിയ വ്യത്യാസത്തില്‍ പുറത്തായി. ഫ്രാന്‍സിന്റെ വല ലക്ഷ്യമാക്കി വന്ന ഷോട്ടുകള്‍ക്കാകട്ട ഗോള്‍കീപ്പര്‍ ഹൂഗോ ലോറിസിനെ മറി കടന്ന് ലക്ഷ്യത്തിലെത്താനും കഴിഞ്ഞില്ല. 

germany

പരിക്കേറ്റ സ്‌ട്രൈക്കര്‍ മരിയോ ഗോമസും മിഡ്ഫീല്‍ഡര്‍ സാമി ഖദീരയും മഞ്ഞക്കാര്‍ഡ് കണ്ട് സസ്‌പെന്‍ഷനിലായ മാറ്റ് ഹമ്മല്‍സുമില്ലാതെ കളത്തിലറങ്ങിയ ജര്‍മനിയുടെ അറ്റാക്കിങ്ങില്‍ ഒസിലും ക്രൂസും ഡ്രാക്‌സ്‌ലറുമാണ് അണിനിരന്നത്്. മുള്ളറെ സ്‌ട്രൈക്കറുടെ റോളിലിറക്കി ഇറ്റലിക്കെതിരായ 3-5-2 ശൈലിയില്‍ നിന്ന് മാറി 4-2-3-1 ശൈലിയിലാണ് ജോക്കിം ലോ ഫ്രാന്‍സിനെതിരെ സ്വീകരിച്ചത്. ഫ്രാന്‍സിന്റെ അറ്റാക്കിങ് മധ്യനിര സിസോക്കോ-അന്റോയിന്‍ ഗ്രിസ്മാന്‍-ദിമിത്രി പയെറ്റ് എന്നിവരും സ്‌ട്രൈക്കറുടെ റോള്‍ ഒളിവര്‍ ജിറൗഡുമാണ് നിയന്ത്രിച്ചത്.

ആദ്യ മിനിറ്റില്‍ തന്നെ ദിമിത്രി പയെറ്റിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. പിന്നീട് ഗ്രിസ്മാന്റെ മികച്ചൊരു ഷോട്ട് ജര്‍മന്‍ ഗോള്‍കീപ്പര്‍ നൂയര്‍ കൃമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ആദ്യ പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഫ്രാന്‍സില്‍ നിന്നും ജര്‍മനി പതുക്കെ ആക്രമണം പിടിച്ചെടുത്തു. പതിനൊന്നാം മിനിറ്റില്‍ തോമസ് മുള്ളറുടെ നല്‍കിയ ക്രോസില്‍ ഡ്രാക്‌സ്‌ലര്‍ കാല്‍ വെച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി തിരിഞ്ഞേനെ. എന്നാല്‍ ഡ്രാക്‌സ്‌ലര്‍ പന്തിനടുത്ത് ഓടിയെത്തിയില്ല. 

ഒമ്പത് മിനിറ്റിന് ശേഷം ക്രൂസിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ജര്‍മനി പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 26ാം മിനിറ്റില്‍ ജര്‍മന്‍ നായകന്‍ ഷെയ്ന്‍സ്റ്റീഗറുടെ ലോങ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയപ്പോള്‍ സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായിപ്പോയി. ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു ജര്‍മനിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ വീണത്. അതും പെനാല്‍റ്റിയിലൂടെ. ഇവിടെ ഗ്രിസ്മാന്‍ ഹീറോയായപ്പോള്‍ ഷെയ്ന്‍സ്റ്റീഗര്‍ ജര്‍മനിയുടെ വില്ലനായി. 

griezmann

47ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ കൈ കൊണ്ട് പന്ത് തടുത്ത ഷെയ്ന്‍സ്റ്റീഗറിന് റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. ഒപ്പം ഫ്രാന്‍സിന് അനുകൂലമായ പെനാല്‍റ്റിയും. പെനാല്‍റ്റിയെടുക്കാന്‍ വന്ന ഗ്രിസ്മാന് ലക്ഷ്യം പിഴച്ചില്ല. പന്ത് നേരെ ജര്‍മനിയുടെ വലയില്‍ വിശ്രമിച്ചു. ഗോളടിച്ചതും റഫറി വിസിലൂതി. 

രണ്ടാം പകുതിയില്‍ ജര്‍മനി തിരിച്ചു വരാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയെങ്കിലും അവര്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. 60ാം മിനില്‍ ജര്‍മനിയുടെ കരുത്തനായ ഡിഫന്‍ഡര്‍ ജെറോം ബോട്ടെങ് പരിക്കേറ്റ് കളം വിട്ടതോടെ ലോക ചാമ്പ്യന്‍മാര്‍ വീണ്ടും സമ്മര്‍ദത്തിലായി. 

66ാം മിനിറ്റില്‍ എംറെ കാനിന് പകരം മരിയോ ഗോഡ്‌സയെ കളത്തിലിറക്കിയിട്ടും ജര്‍മനിയ്ക്ക് ലക്ഷ്യം മാത്രം അകന്ന് നിന്നു. കളി തീരാന്‍ 18 മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ജര്‍മനിയുടെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് പോഗ്ബയൊരുക്കിയ അവസരം ഗ്രിസ്മാന്‍ നന്നായി മുതലെടുത്തു.

ഡിഫന്‍ഡേഴ്‌സിനെ കബളിപ്പിച്ച് ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് പോഗ്ബയടിച്ച ഷോട്ട് നൂയര്‍ കൈ കൊണ്ട് തട്ടിയകറ്റി. അത് വന്നു വീണതാകട്ടെ ഗ്രിസ്മാന്റെ കാലുകളിലും. മികച്ച ക്ലിനിക്കല്‍ ഫിനിഷറായ ഗ്രിസ്മാന്‍ ആ പന്ത് ഒട്ടും സങ്കോചമില്ലാതെ ജര്‍മനിയുടെ വലയിലെത്തിച്ചു. 

പിന്നീട് അവസാന മിനിറ്റുകളില്‍ ജര്‍മനി ഗോളടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. മുക്കാല്‍ സമയവും പന്ത് കാല്‍വശം വെച്ചിട്ടും ജര്‍മനിക്ക് ഗോളടിക്കാനായില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ഈ യൂറോ കപ്പിലെ കണക്കനുസരിച്ച് ബോള്‍ പൊസിഷനില്‍ മുന്നിട്ടു നിന്ന് ടീം പലപ്പോഴും തോല്‍ക്കുകയാണ് ചെയ്തിരുന്നത്. അതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ഒരു മത്സരം കൂടി, ഈ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം.