തീര്‍ത്തും വിരുദ്ധതലത്തില്‍ നില്‍ക്കുന്ന വിജയങ്ങളുമായി യൂറോ കപ്പിന്റെ സെമിയിലേക്ക് ടീമുകള്‍ എത്തിയിരിക്കയാണല്ലോ. ക്വാര്‍ട്ടറിലെ രണ്ടു കളികള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് വിധി നിര്‍ണയിച്ചതെങ്കില്‍ മറ്റു രണ്ടെണ്ണം ഏകപക്ഷീയമായിരുന്നു. ക്വാര്‍ട്ടറിലുണ്ടായിരുന്ന മികച്ച നാലു ടീമുകള്‍ തന്നെയാണ് സെമിയില്‍ ഇടം കണ്ടിട്ടുള്ളത്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ജര്‍മനിക്കു മുന്നില്‍ മുട്ടുമടക്കേണ്ടിവന്ന ഇറ്റലിക്ക് മാത്രമേ മുന്നോട്ടു കയറാത്തതില്‍ വേദനിക്കാന്‍ യോഗ്യതയുള്ളൂ.

അവസാന നാലിലുള്ള ജര്‍മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, വെയ്ല്‍സ് ടീമുകളില്‍ ഞാന്‍ കൂടുതല്‍ സാധ്യത കല്പിക്കുന്നത് ജര്‍മനിക്കാണ്. ഒരു വലിയ ടൂര്‍ണമെന്റ് ജയിക്കാന്‍ നിശ്ചയദാര്‍ഢ്യം, അച്ചടക്കം, സമ്മര്‍ദത്തെ അതിജീവിക്കാനുള്ള നെഞ്ചുറപ്പ് എന്നീ ഗുണഗണങ്ങള്‍ അനിവാര്യമാണ്. ഇവയെല്ലാം ജര്‍മനിയില്‍ കാണുന്നുണ്ട്. അതിനാലാണ് കിരീടക്കുതിപ്പില്‍ അവരെ ആദ്യസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. കളിമിടുക്കും പക്വതയും ഏതു പ്രതിസന്ധിയിലും പതറാതെനില്ക്കാനുള്ള ശേഷിയും ജോക്വിം ലോവിന്റെ ഈ സംഘത്തിനുണ്ട്.

ജര്‍മനിയുടെ കളി പലപ്പോഴും അനാകര്‍ഷകമായി തോന്നിയേക്കാം. പക്ഷേ, അവര്‍ ഒരിക്കലും വിജയതൃഷ്ണ വെടിയില്ല. മറ്റു ടീമുകളുടെ മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതായിരുന്നില്ലേ 'ഫൈനല്‍' എന്ന് തോന്നിപ്പോകും. 120 മിനിറ്റും ഏകാഗ്രതയോടെ ഇറ്റലിക്കെതിരെ അവര്‍ പൊരുതി. ലോകഫുട്‌ബോളിലെ രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള ഈ പോരാട്ടം പ്രതീക്ഷിച്ച തലത്തിലേക്ക് ഉയരുകതന്നെ ചെയ്തു. 

കോണ്ടിയുടെ 3-5-2 ശൈലിയെ 4-5-1 ഫോര്‍മേഷന്‍കൊണ്ട് എതിരിട്ട ജര്‍മനി പിന്നീട് 3421 ശൈലിയിലേക്ക് മാറി മധ്യനിരയില്‍ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. തന്ത്രങ്ങള്‍ മാറ്റാനുള്ള ഈ കഴിവ് ജര്‍മനിയെ മറ്റുള്ളവരില്‍നിന്ന് തീര്‍ത്തും വിഭിന്നനായ എതിരാളിയാക്കി മാറ്റുന്നു.

ഇറ്റലിയും വിട്ടുകൊടുത്തില്ല. അസൂറികളുടെ മധ്യനിരയില്‍ ഡി റോസ്സി ഇല്ലാത്തതിന്റെ കുറവ് പറോള, സ്റ്റ്യുറാറോ, ജ്യാക്കെറീനി എന്നിവര്‍ ചേര്‍ന്ന് നികത്തിയതോടെ പോരാട്ടം ശരിക്കും കൊഴുക്കുകതന്നെ ചെയ്തു. ജര്‍മന്‍ എന്‍ജിന്റെ കാര്യക്ഷമതയ്ക്കുമുന്നില്‍ അവസാനംവരെ പോരാടിയാണ് ഇറ്റലി കീഴടങ്ങിയത്.

സെമിയില്‍ ജര്‍മനിയെ എതിരിടുന്ന ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ അനായാസമായിരുന്നു. ക്വാര്‍ട്ടറില്‍ അദ്ഭുതങ്ങളൊന്നും കാട്ടാന്‍ ഐസ്ലന്‍ഡിനാവില്ലെന്ന് ഞാന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. അവര്‍ ഫ്രാന്‍സിന് വെല്ലുവിളിയുയര്‍ത്താന്‍പോന്ന എതിരാളിയേ ആയിരുന്നില്ല. ആതിഥേയരുടെ ആക്രമണനിരയ്ക്കുമുന്നില്‍ ശരിക്കും ചൂളി.

സ്‌കോറര്‍മാരുടെ പട്ടികയില്‍ ഫ്രഞ്ച് താരം ഗ്രിസ്മാന്‍ നാലുഗോളോടെ ഒന്നാമതെത്തി. ഫ്രഞ്ച് മുന്നേറ്റനിരക്കാരായ ജിറൂഡും പായെറ്റും സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമത് (3 ഗോള്‍ വീതം) ഉണ്ടെന്ന് പറയുമ്പോള്‍ ആതിഥേയരുടെ ആക്രമണനിരയുടെ കരുത്ത് ഊഹിക്കാം.

മഞ്ഞക്കാര്‍ഡിന്റെ ക്ഷീണമില്ലാതെയാണ് സെമി പോരാട്ടത്തിനിറങ്ങുന്നതെന്ന ആനുകൂല്യം ദിദിയെ ദെഷാംപ്‌സിന്റെ ഫ്രഞ്ചു പടയ്ക്കുണ്ട്. ടൂര്‍ണമെന്റിന്റെ അവസാനമാവുമ്പോഴേക്കും ഇങ്ങനെയൊരു ഭാഗ്യം മിക്കടീമുകള്‍ക്കും കിട്ടാറില്ല. ആക്രമണാത്മക ഫുട്‌ബോളാണ് ഫ്രാന്‍സിന്റേത്. ക്വാര്‍ട്ടറില്‍ തുടക്കംമുതല്‍ ആക്രമിച്ച അവര്‍ ഐസ്ലന്‍ഡ് രണ്ട് അനായാസഗോളുകള്‍ വഴങ്ങിയശേഷം ആയാസരഹിതമായാണ് കളിച്ചത്.

സെമിയില്‍ തീര്‍ത്തും വ്യത്യസ്തനായ എതിരാളിയായ ജര്‍മനിയെയാണ് ആതിഥേയര്‍ അഭിമുഖീകരിക്കേണ്ടത്. അവസാനംവരെ പൊരുതാന്‍ മനക്കരുത്ത് ജര്‍മിക്കുണ്ട്. ഒരുഘട്ടത്തിലും അവര്‍ ആത്മവിശ്വാസം കൈവിടില്ല. ഇരു ടീമുകളും മൂന്നുവീതം കിക്കുകള്‍ പാഴാക്കിയിട്ടും ഷൂട്ടൗട്ട് വിജയം ജര്‍മനിക്കൊപ്പം നിന്നു.

ആദ്യ സെമിയില്‍ മാറ്റുരയ്ക്കുന്ന പോര്‍ച്ചുഗലിനും വെയ്ല്‍സിനും പരസ്പരം പഠിക്കാന്‍ വേണ്ടുവോളം സമയം കിട്ടിക്കഴിഞ്ഞു. ജര്‍മനിഇറ്റലി പോരാട്ടത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് ഫൈനലിലെത്തുന്ന ടീമാകാനാവും ഇരുവരും ശ്രമിക്കുക.

പോളണ്ടിനെതിരെ പോര്‍ച്ചുഗലിന്റെ പോരാട്ടം എനിക്ക് നന്നെ ബോധിച്ചിരുന്നു. കാവല്‍നിരയോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആള്‍ബലം കൂടുതലുള്ള മധ്യനിരയാണ് പോര്‍ച്ചുഗലിനെ തുണയ്ക്കുന്നത്. നോക്കൗട്ട് റൗണ്ടുകളില്‍ തന്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പോര്‍ച്ചുഗലും വെയ്ല്‍സും തെളിയിച്ചു.

കനത്ത ആക്രമണനിരയുണ്ടായിട്ടും ബെല്‍ജിയം തോറ്റതിനുകാരണം എതിരാളിയുടെ നീക്കങ്ങള്‍ക്ക് മറുതന്ത്രം ചമയ്ക്കാനാവാതെപോയതാണ്. വെയ്ല്‍സിന്റെ പ്രതിരോധം ശക്തമാണ്. ഒപ്പം മിന്നല്‍വേഗവും കൃത്യതയും സമന്വയിപ്പിച്ച് ആക്രമണം നടത്താനും വെയ്ല്‍സിന് കഴിഞ്ഞു. സ്വന്തം ഏരിയയില്‍ എതിരാളിക്ക് കൂടുതല്‍ ഇടം വിട്ടുകൊടുത്തത് ബെല്‍ജിയത്തിന് തിരിച്ചടിയായി.