ഫുട്ബോള്‍ ലോകത്തിന്റെ സര്‍വസമ്മതനായ രാജാവ്... പെലെ! വശ്യസുന്ദരമായ ഫുട്ബോള്‍ കൊണ്ട് ഒരു കാലത്ത് ലോകം കീഴടക്കിയ ബ്രസീലിന്റെ മുത്ത്. ഇപ്പോള്‍ 75-ാം വയസ്സിലും പോകുന്ന വഴികളിലെല്ലാം അദ്ദേഹം ആരാധകരെ ആകര്‍ഷിക്കുന്നു. ഫുട്ബോളിനുവേണ്ടി സംസാരിക്കാന്‍ അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു... 

?ബ്രസീല്‍ ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ നിങ്ങള്‍ സന്തുഷ്ടനാണോ

ചെറിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ബ്രസീല്‍ ഫുട്ബോള്‍ കടന്നുപോകുന്നത്. രാജ്യത്തെ ഫുട്ബോളിന് അതിന്റെ സൗന്ദര്യം ചോര്‍ന്നുപോകുന്നു. ഞങ്ങള്‍ എന്നും ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ടാണ് കളിച്ചത്. ബ്രസീല്‍ ആരാധകര്‍ക്ക് ജയിച്ചാല്‍മാത്രം പോര, കളി ആസ്വാദ്യകരമായിരിക്കണം. കളിക്കാരുടെ മാന്ത്രികപ്രകടനങ്ങള്‍ കണ്ടാലേ അവര്‍ക്ക് തൃപ്തിയാകൂ. ഇപ്പോള്‍ ആ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.

? കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഇക്കുറി നെയ്മര്‍ കളിക്കുന്നില്ല. അതേസമയം ആഗസ്തില്‍ ഒളിമ്പിക്സിനുള്ള ടീമില്‍ കളിക്കും

കുട്ടിയായിരിക്കെ, സാന്റോസിലെത്തിയ കാലംതൊട്ടേ എനിക്ക് നെയ്മറെ അറിയാം. സാന്റോസില്‍നിന്ന് അദ്ദേഹം ബാഴ്സലോണയിലേക്ക് പോയി. ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോളറായ മെസ്സിക്കൊപ്പം കളിച്ചു. ഫുട്ബോളര്‍ എന്നനിലയ്ക്ക് ഏറെ വളര്‍ന്നു. ഇപ്പോള്‍ നെയ്മര്‍ക്ക് 24 വയസ്സായിട്ടേയുള്ളൂ. ബ്രസീലിനെ ഏറെ ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ, ബ്രസീല്‍ ഫുട്ബോളിന്റെ മുഴുവന്‍ ഭാരവും അദ്ദേഹത്തിന്റെ ചുമലിലേറ്റുന്നത് ശരിയല്ല. ഫുട്ബോള്‍ ഒരു ടീം ഗെയിമാണല്ലോ.

? കോപ്പയില്‍ ബ്രസീലിന്റെ സാധ്യതകള്‍ എത്രത്തോളം

ഈ സാഹചര്യത്തില്‍ ഒന്നും പ്രവചിക്കാനാകില്ല. ഇതാദ്യമായി കോപ്പ ടൂര്‍ണമെന്റ് ലാറ്റിനമേരിക്കയ്ക്ക് വെളിയില്‍ നടക്കുന്നു. കളിക്കാന്‍ 16 ടീമുകള്‍. പതിവുപോലെ അര്‍ജന്റീനയുടേത് ശക്തമായ സംഘമാണ്. നിലവിലെ ചാമ്പ്യന്മാരായ ചിലിയെയും കുറച്ചുകാണണ്ട. മികച്ച ടീമായി മെക്സിക്കോ വളര്‍ന്നുവന്നിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ കിരീടം നേടിയ ഉറുഗ്വായും മുന്‍നിരയിലുണ്ട്. ഇതിനിടയിലും ബ്രസീലിന് സാധ്യതയുണ്ട് എന്നേ പറയാന്‍പറ്റൂ.

1994-ല്‍ അമേരിക്ക ആദ്യമായി ലോകകപ്പിന് ആതിഥ്യം വഹിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ പിന്തുണയും നല്‍കുകയുണ്ടായി. ഇപ്പോള്‍ അവര്‍ കോപ്പയ്ക്കും അരങ്ങൊരുക്കി...

യു.എസ്സിനും അവിടത്തെ ജനങ്ങള്‍ക്കും ഇതില്‍ അഭിമാനിക്കാം. 1994-ല്‍ അമേരിക്ക സംഘടിപ്പിച്ചത് ചരിത്രത്തിലെ മികച്ച ലോകകപ്പുകളിലൊന്നായിരുന്നു. സാമ്പത്തികമായി കൂടുതല്‍ ലാഭം നേടിയതും ആ ലോകകപ്പിലാണ്. ഇക്കുറി കോപ്പയും വന്‍വിജയമാകുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

? അര്‍ജന്റീനയ്ക്കുവേണ്ടി പ്രധാനപ്പെട്ട അന്താരാഷ്ട്ര കിരീടങ്ങളൊന്നും ജയിക്കാന്‍ മെസ്സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല

ഈ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോളറാണ് മെസ്സി, അതില്‍ സംശയമില്ല. 2014-ലെ ബ്രസീല്‍ ലോകകപ്പില്‍ മെസ്സി ടീമിനെ ഫൈനല്‍വരെയെത്തിച്ചു. കഴിഞ്ഞവര്‍ഷം കോപ്പയിലും ഫൈനലിലെത്തി. കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് പ്രമുഖ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഫൈനലിലെത്തി എന്നതിന്റെയര്‍ഥം അവര്‍ ലോകത്തെ മികച്ച ടീമാണെന്നുതന്നെയാണ്.

?ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും ഇതേ അവസ്ഥയാണ്. അവര്‍ വീണ്ടും യൂറോകപ്പ് കളിക്കാനെത്തുമ്പോള്‍...

ഇരുവരുടെയും കളി വ്യത്യസ്തമാണെങ്കിലും മെസ്സിയും ക്രിസ്റ്റ്യാനോയും അടുത്തടുത്ത് നില്‍ക്കുന്ന താരങ്ങളാണ്. ഇവരില്‍ ആരാണ് മികച്ചവന്‍ എന്ന് വിലയിരുത്തുക ബുദ്ധിമുട്ടാകും. എന്റെ അഭിപ്രായത്തില്‍ ഇരുവരും മികച്ചവര്‍. എന്നാല്‍, യൂറോയില്‍ പോര്‍ച്ചുഗലിനേക്കാള്‍ മികച്ച ടീമുകള്‍ ഏറെയുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍.

? യൂറോയില്‍ കൂടുതല്‍ സാധ്യത ആര്‍ക്ക്

ജര്‍മനി ഏറെ മുന്നോട്ടുപോകും. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട് ടീമുകളും ശക്തമാണ്. ഇക്കുറി പോര്‍ച്ചുഗലിലും ബെല്‍ജിയത്തിലും ഒരു കണ്ണുവേണം. ഹോളണ്ടിന് യോഗ്യത നേടാനായില്ലെന്നത് ദയനീയം തന്നെ, യൂറോയിലെ യോഗ്യതാമത്സരം എത്ര കടുത്തതായിരുന്നുവെന്ന് ഹോളണ്ടിന്റെ അനുഭവം തെളിയിക്കുന്നു. 

? സ്പെയിനിന് 2014-ലെ ലോകകപ്പ് ദുരന്തസ്മരണയാണ്. അതിനുശേഷം പ്രധാനതാരങ്ങളായ സാവി ഹെര്‍ണാണ്ടസും സാബി അലോണ്‍സോയും വിരമിച്ചു. യൂറോയിലെ നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിനിന് ഫ്രാന്‍സില്‍ എത്രത്തോളം സാധ്യതയുണ്ട്

ടീമിലെ മികച്ച താരങ്ങള്‍ വിരമിക്കുമ്പോള്‍ തുല്യരായ പകരക്കാരെ കണ്ടെത്താന്‍ സമയമെടുക്കും. എന്നാല്‍, അവര്‍ക്ക് പുതിയ താരങ്ങളെ പെട്ടെന്ന് കണ്ടെത്താനായി. ഈ കളിക്കാരെല്ലാം നേരത്തേ ടീമിലുണ്ടെങ്കിലും സാവിയും സാബിയും കളിച്ചുകൊണ്ടിരുന്നപ്പോള്‍ അവസരം കിട്ടിയില്ല. യുവാന്‍ മാട്ടയ്ക്കുപോലും സ്ഥിരമായി അവസരം കിട്ടിയില്ല എന്നോര്‍ക്കണം. അതിനര്‍ഥം അവര്‍ക്ക് മികച്ച രണ്ടാംനിരയുണ്ടെന്നാണ്. ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്‌കെറ്റ്സ്, ഫാബ്രിഗിസ്, സില്‍വ തുടങ്ങി ഏറെ പരിചയസമ്പന്നരായ നിരയ്ക്ക് മികച്ച ഫലമുണ്ടാക്കാന്‍ കഴിയും.

? 1984-ല്‍ യൂറോകപ്പും 1998-ല്‍ ലോകകപ്പും നടന്നത് ഫ്രാന്‍സില്‍. രണ്ടിലും അവര്‍ കിരീടം നേടി. ഇക്കുറി വീണ്ടും ആതിഥേയരാകുമ്പോള്‍ അവരുടെ സാധ്യത എത്രത്തോളം

1984-ല്‍ മിഷേല്‍ പ്ലാറ്റിനിയുടെ നേതൃത്വത്തിലും 1998-ല്‍ സിനദിന്‍ സിദാന്റെ നേതൃത്വത്തിലുമായിരുന്നു കിരീടനേട്ടം. രണ്ടുതവണയും മികച്ച സംഘമായിരുന്നു ഫ്രാന്‍സിന്റേത്. ഇക്കുറിയും ഫ്രഞ്ച് ടീം ശക്തമാണ്. 

? യോഗ്യതാറൗണ്ടില്‍ ഇംഗ്ലണ്ട് 10 കളികളും ജയിച്ചു. അന്തിമറൗണ്ടിലും അത് ആവര്‍ത്തിക്കാനാകുമോ

വെയ്ന്‍ റൂണി നേതൃത്വം നല്‍കുന്ന ഇംഗ്ലണ്ട് ടീം ശക്തമാണ്. മികച്ച യുവതാരങ്ങളുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇംഗ്ലണ്ടിന് മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും അവരുടെ കഴിവിനൊത്ത് കളിക്കാനാകുന്നില്ല. ഇംഗ്ലണ്ടിന് ഇത് നല്ല അവസരമാകും.

? കാലംകഴിയുന്തോറും ലാറ്റിനമേരിക്കന്‍ ഭാവം കുറഞ്ഞ്, ഫുട്ബോള്‍ യൂറോപ്യന്‍ ആയിക്കൊണ്ടിരിക്കുകയാണോ

നിങ്ങളുടെ പദ്ധതി കൃത്യമായി നടപ്പാക്കണമെങ്കില്‍ ആദ്യം കായികമായി സജ്ജരായിരിക്കണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ എപ്പോഴും അതില്‍ ശ്രദ്ധിച്ചിരുന്നു. ശാരീരികമായി സജ്ജരല്ലെങ്കില്‍, ഫുട്ബോള്‍പോലൊരു ഗെയിമിയില്‍ ഏറെക്കാലും തുടരാനാകില്ല.

നിങ്ങളുടെ കാലടികളുടെ വേഗംകൊണ്ട് പന്തുമായി മുന്നേറി എതിരാളിയെ മറികടക്കുമ്പോള്‍ അത് കളിയില്‍ നിങ്ങള്‍ക്ക് മേധാവിത്തം നല്‍കുന്നുണ്ട്. പന്തടക്കത്തെപ്പോലെ വേഗവും എനിക്ക് പ്രധാനമായിരുന്നു.

ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്നുവെച്ചാല്‍, കഴിവുള്ള താരങ്ങളെല്ലാം ചെറിയ പ്രായത്തില്‍ത്തന്നെ ഞങ്ങളുടെ രാജ്യംവിട്ടുപോകുന്നു. യൂറോപ്യന്‍ ടീമുകള്‍ അവരെ വലയിട്ടുപിടിക്കുന്നു. അവരുടെ പദ്ധതികളനുസരിച്ച് വളര്‍ത്തിയെടുക്കുന്നു. ചെറിയ പ്രായത്തില്‍ ആ പ്രലോഭനങ്ങളെ എതിര്‍ക്കുക എളുപ്പമല്ല.

എന്തായാലും കളി ഇപ്പോള്‍ കൂടുതല്‍ സുന്ദരമാണോ? അതാണ് ഞാന്‍ നോക്കുന്നത്. ചിലപ്പോള്‍ കളി എനിക്ക് കൂടുതല്‍ ആസ്വാദ്യകരമായി തോന്നും, എന്നാല്‍, മറ്റു ചിലപ്പോള്‍ തിരിച്ചും...