ലെവന്‍ഡോവ്സ്‌കിയുടെ അതുല്യപ്രകടനം ഒന്നുകൊണ്ടുമാത്രമാണ് പോളണ്ട് ഇക്കുറി യൂറോകപ്പിന് യോഗ്യത നേടിയത്. രണ്ട് ഹാട്രിക്കടക്കം 13 ഗോളുകള്‍നേടി യോഗ്യതാ റൗണ്ടിലെ ഉയര്‍ന്ന ഗോള്‍നേട്ടത്തിന്റെ റെക്കോഡിനൊപ്പമെത്തിയ ലെവന്‍ഡോവ്സ്‌കി ഈ യൂറോകപ്പിനെത്തുന്ന സ്ട്രൈക്കര്‍മാരില്‍ ഏറ്റവും അപകടകാരിയായ ഒരാളാണ്. ക്ലബ്ബ് ഫുട്ബോളില്‍ ബയേണിനുവേണ്ടി 51 മത്സരങ്ങളില്‍ 42 ഗോള്‍ നേടി, ബയറണിന്റെയും സീസണിലെ ടോപ് സ്‌കോററായി. യൂറോകപ്പിനെക്കുറിച്ചും പോളണ്ടിന്റെ സാധ്യതയെക്കുറിച്ചും പറയുന്നു.

? യോഗ്യതാ റൗണ്ടില്‍ 13 ഗോള്‍-യൂറോകപ്പിലെ റെക്കോഡിനൊപ്പം. ടൂര്‍ണമെന്റിലും ആ നേട്ടം ആവര്‍ത്തിക്കാനാകുമോ

- ഫുട്ബോളില്‍ നിങ്ങള്‍ക്ക് ഒന്നും പ്രവചിക്കാനാകില്ല. അതുതന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം. യോഗ്യതാറൗണ്ടില്‍ 13 ഗോളടിച്ച് എന്റെ രാജ്യത്തെ യൂറോകപ്പിലേക്ക് നയിക്കാനായി. അത് പരിശീലനംമാത്രമായിരുന്നു, യഥാര്‍ഥ പരീക്ഷ വരാനിരിക്കുന്നതേയുള്ളൂ. വരുംവരായ്കകളൊന്നും ആലോചിക്കാതെ ആ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമം.

? ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കിലാണ് നിങ്ങള്‍ കളിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ പോളണ്ടിനൊപ്പമായിരുന്നു ജര്‍മനി. ഇനി ഫൈനല്‍ റൗണ്ടിലും നിങ്ങള്‍ക്ക് ജര്‍മനിയുമായി ഏറ്റുമുട്ടണം...

- അതെ, ഞങ്ങള്‍ അവരെ പിന്തുടരുകയാണ്, തിരിച്ചും അങ്ങനെത്തന്നെ. യോഗ്യതാറൗണ്ടിലെ ആദ്യപാദത്തില്‍ ഞങ്ങളുടെ ഗ്രൗണ്ടില്‍ അവരെ 2-0 ത്തിന് തോല്‍പ്പിച്ച് ചരിത്രംകുറിക്കാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ ഏവേമത്സരത്തില്‍ ഞങ്ങളെ അവര്‍ 3-1 ന് തോല്‍പ്പിച്ചു. ബയേണിലെ എന്റെ കൂട്ടുകാരായ തോമസ് മുള്ളറും മരിയോ ഗോട്സെയുമാണ് പോളണ്ടിനെതിരെ സ്‌കോര്‍ ചെയ്തത്!
ജൂണ്‍ 16-ന് ഒരിക്കല്‍ക്കൂടി ജര്‍മനിയെ നേരിടുമ്പോള്‍ യോഗ്യതാ റൗണ്ടിലെ ആദ്യപാദത്തില്‍ സംഭവിച്ച അദ്ഭുതത്തിന് ഞങ്ങള്‍ കാത്തിരിക്കുന്നു.

?ബയറണിലെ സഹപ്രവര്‍ത്തകരായ ജര്‍മന്‍ താരങ്ങളെപ്പറ്റി

-ഞങ്ങള്‍ സുഹൃത്തുക്കളാണ്... അതേസമയം പ്രൊഫഷണല്‍ താരങ്ങളുമാണ്. ഒട്ടേറെ മത്സരങ്ങള്‍ ഒന്നിച്ചുകളിച്ച ഞങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും അടുപ്പവും സ്നേഹവുമുണ്ട്. എന്നാല്‍ രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ പരസ്?പരം മത്സരിക്കുകയാണ്. എന്നാല്‍ ആ 90 മിനിറ്റിനുശേഷം ഞങ്ങള്‍ സുഹൃത്തുക്കളായിത്തന്നെ തുടരും.

? വടക്കന്‍ അയര്‍ലന്‍ഡ്, ജര്‍മനി, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് പോളണ്ട്. കടുപ്പമേറിയ ഗ്രൂപ്പായി തോന്നുന്നുണ്ടോ

- തീര്‍ച്ചയായും. ഇക്കുറി യൂറോയിലെ കടുപ്പമേറിയ ഗ്രൂപ്പുതന്നെയാണിത്. ഇപ്പോള്‍ ലോകത്തെ ഏതൊരു ഫുട്ബോള്‍ ടൂര്‍ണമെന്റിലും ഫേവറിറ്റുകളുടെ കൂട്ടത്തിലാണ് ജര്‍മനി. നിലവിലെ ലോകചാമ്പ്യന്മാര്‍.. ലാറ്റിനമേരിക്കയില്‍വെച്ച് ലോകകപ്പ് ജയിച്ച ആദ്യ യൂറോപ്യന്‍ ടീം. ജര്‍മന്‍ ടീം എത്രമാത്രം സുസംഘടിതമാണെന്ന് എല്ലാവര്‍ക്കുമറിയാം. ലോകചാമ്പ്യന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

? യുക്രൈന്‍, വടക്കന്‍ അയര്‍ലന്‍ഡ്-ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകളെക്കുറിച്ച്

- രണ്ടും മികച്ചടീമുകളാണ്. വടക്കന്‍ അയര്‍ലന്‍ഡ് യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ജേതാക്കളായാണ് വന്നത്. അവരുടെ ശക്തി എന്തെന്ന് പറയേണ്ടതില്ലല്ലോ... നിലവിലെ ജേതാക്കളായ സ്പെയിന്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നാണ് യുക്രൈന്‍ വരുന്നത്. ഈ ഗ്രൂപ്പില്‍നിന്ന് മുന്നോട്ടുപോകണമെങ്കില്‍ ഏറ്റവും മികച്ച കളിതന്നെ വേണ്ടിവരും എന്നുറപ്പ്.

? ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ബയറണ്‍ മ്യൂണിക്കിന് പിഴച്ചതെവിടെ

- ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ, അത്ലറ്റിക്കോയ്ക്കെതിരെ ഗോള്‍ നേടാനായില്ല.
അവരുടെ പ്രതിരോധം അചഞ്ചലമായിരുന്നു. അത് അങ്ങനെയായിരിക്കുമെന്ന് നേരത്തേ അറിയാമായിരുന്നു, എന്നിട്ടും അവസരങ്ങള്‍ ഗോളാക്കിമാറ്റാനായില്ല. അവര്‍ അവരുടെ പദ്ധതി കൃത്യമായി നടപ്പാക്കി. അതിന് അവരെ അഭിനന്ദിച്ചേ മതിയാകൂ. നിങ്ങള്‍ എത്രയധികം പരിശ്രമിച്ചാലും എല്ലാ കളികളും ജയിക്കാനാകില്ല. അതാണ് ഫുട്ബോള്‍.

? ചാമ്പ്യന്‍സ് ലീഗ് കിരീടവിജയമില്ലാതെ പെപ് ഗാര്‍ഡിയോള ബയറണില്‍നിന്ന് മടങ്ങിയിരിക്കുന്നു

- ബയറണില്‍ ഞങ്ങള്‍, സീസണില്‍ അഞ്ചു യൂറോപ്യന്‍ കിരീടങ്ങള്‍ ജയിച്ച് ചരിത്രംകുറിച്ചു. മുമ്പ് നാലുടീമുകള്‍ മാത്രമേ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. എന്നിട്ടും ചാമ്പ്യന്‍സ് ലീഗ് നേടാനായില്ലെങ്കില്‍, അത് ഒട്ടും എളുപ്പമല്ലെന്നാണ് മനസ്സിലാക്കേണ്ടത്. എന്നിട്ടും ഞങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും സെമിയിലെത്തി. കിരീടം നേടാനായില്ലെന്നത് ശരിയാണ്. പെപ്, അദ്ദേഹത്തിന്റെ ദൗത്യം കൃത്യമായി ചെയ്തു. ഒടുവില്‍ അദ്ദേഹത്തിനുവേണ്ടി ജര്‍മന്‍ കപ്പ് ജയിച്ചാണ് ഞങ്ങള്‍ യാത്രയാക്കിയത്.

? വൂള്‍ഫ്സ്ബുര്‍ഗിനെതിരെ ഒമ്പത് മിനിറ്റിനുള്ളില്‍ അഞ്ചുഗോളടിച്ച ആ മാന്ത്രിക പ്രകടനത്തെപ്പറ്റി പറയാമോ

- ഞാനെപ്പോഴും പറയുന്ന കാര്യമാണ്, സ്ട്രൈക്കര്‍മാര്‍ ഓരോ നിമിഷവും ക്ഷമയോടെ കാത്തിരിക്കണം. എപ്പോഴാണ് ഗോളവസരം തുറക്കുകയെന്ന് ആര്‍ക്കും പറയാനാകില്ല. അത്, ഞാന്‍ സ്വപ്നത്തില്‍ കണ്ടതുപോലെ ഓരോന്നും എന്റെ വരുതിയില്‍വന്ന ദിവസമായിരുന്നു. പകരക്കാരനായിവന്ന് അഞ്ചുഗോളടിക്കുക എന്നത് എന്റെ സ്വപ്നത്തിലുണ്ടായിരുന്ന കാര്യമാണ്. അതിന് ഞാനെന്റെ സഹകളിക്കാരോട് കടപ്പെട്ടിരിക്കുന്നു, അവരില്ലെങ്കില്‍ അതൊന്നും നേടാനാകുമായിരുന്നില്ല.